കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ടോട്ടല്‍ കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കാന്‍ ശ്രമം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ടോട്ടല്‍ കംപ്യൂട്ടറൈസേഷന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമം. കോടികള്‍ ചെലവിട്ട് ആരംഭിച്ച പദ്ധതി നേരത്തേ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് വീണ്ടും നടപ്പാക്കാന്‍ നീക്കം നടക്കുന്നത്. പദ്ധതിയുടെ മറവില്‍ കെല്‍ട്രോണ്‍ കോടികള്‍ വെട്ടിച്ചതായും ആക്ഷേപമുണ്ട്.
2008ല്‍ തുടക്കമിട്ട പദ്ധതിയുടെ ആദ്യഘട്ടം 2011ല്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒരു മൊഡ്യൂള്‍പോലും ഉപയോഗിക്കാനായിട്ടില്ല.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് (യു.എല്‍.സി.സി.എസ്) സബ് കോണ്‍ട്രാക്ട് നല്‍കിയാണ് പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണ്‍ ശ്രമിച്ചത്. ഇതുവഴി കെ.എസ്.ആര്‍.ടി.സിക്ക് 20 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. ടോട്ടല്‍ കംപ്യൂട്ടറൈസേഷന്‍ പദ്ധതി വീണ്ടും കെല്‍ട്രോണിന് കരാര്‍ നല്‍കാനാണ് നീക്കം. യു.എല്‍.സി.സി.എസിന് കരാര്‍ മറിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരും കെല്‍ട്രോണിലെ ലോബികളും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ താല്‍പ്പര്യപത്രം പഴയകരാറിന്റെ അതേഘടനയില്‍ തയാറാക്കി. യു.എല്‍.സി.സി.എസിന്റെ സഹായത്തോടെയാണ് താല്‍പ്പര്യപത്രം തയാറാക്കിയത്. കരാര്‍ ലഭിക്കാന്‍ ഭരണതലത്തിലുള്ള ലോബിയും സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാര്‍ നേടിയശേഷം കെല്‍ട്രോണിനെ ഉപയോഗിച്ച് കരാര്‍ പുനര്‍നിര്‍ണയിപ്പിച്ച് കൂടുതല്‍ തുക ഈടാക്കുകയാണ് തന്ത്രം. കെ.എസ്.ആര്‍.ടി.സിയുടെ നിലവാരം കുറഞ്ഞ ഇ.ടി.എം ഉപയോഗിച്ചുതന്നെ പദ്ധതി നടത്താനാണ് നീക്കം.
പദ്ധതി പരാജയപ്പെട്ടിട്ടും കെല്‍ട്രോണ്‍ നേരത്തേ പണം മുഴുവന്‍ ഈടാക്കിയിരുന്നു. ജി.പി.എസ്, ജി.പി.ആര്‍.എസ് സംവിധാനങ്ങളുള്ള ഇ.ടി.എം ഉണ്ടെങ്കിലും ദൈനംദിന കലക്ഷന്‍ ഇപ്പോഴും ഫോണിലൂടെ വിളിച്ചാണ് തയാറാക്കുന്നത്. അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് സ്ഥാപിച്ച സെര്‍വര്‍ ഇപ്പോള്‍ ഉപയോഗശൂന്യമാണ്. ഡിപ്പോകളില്‍ കോടികള്‍ ചെലവാക്കി സ്ഥാപിച്ച നെറ്റ്‌വര്‍ക്കിങ് സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ വന്നുതുടങ്ങി.
സര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ കെല്‍ട്രോണിനെ കരിമ്പട്ടികയില്‍ പെടുത്താനും കഴിയില്ല. ഈ സൗകര്യമുപയോഗിച്ച് കെല്‍ട്രോണില്‍നിന്ന് കരാര്‍ എറ്റെടുത്ത സ്വകാര്യകമ്പനികള്‍ രക്ഷപ്പെടുകയും ചെയ്തു.
കെല്‍ട്രോണിനെ ഒഴിവാക്കി സി-ഡിറ്റ്, സി-ഡാക്ക്, സി.ഐ.ആര്‍.ടി (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട്) എന്നിവയില്‍ ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യു.എല്‍.സി.സി.എസിന് കരാര്‍ നല്‍കാന്‍ ശ്രമിക്കുന്നത് ഭരണപക്ഷത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധുക്കള്‍ ജോലിചെയ്യുന്ന സ്ഥാപനമായതിനാലാണെന്ന ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."