കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ നിയമനം അട്ടിമറിച്ചു
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയിലെ നിലവിലുള്ള എം പാനല്‍ ജീവനക്കാര്‍ക്കുവേണ്ടി പി.എസ്.സിയുടെ റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം അട്ടിമറിച്ചു. പുതിയ സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി നല്‍കിയ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ നിയമനം നടത്താതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി യൂനിയനുകള്‍ സമ്മര്‍ദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
2013ല്‍ പി.എസ്.സി പുറത്തിറക്കിയ റിസര്‍വ് കണ്ടക്ടര്‍ക്കുള്ള പട്ടികയാണ് വകുപ്പ് അട്ടിമറിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ അഭ്യര്‍ഥന മാനിച്ച് പി.എസ്.സി പുറപ്പെടുവിച്ച അപേക്ഷയില്‍ പരീക്ഷ എഴുതി ജയിച്ച 56,000 ഉദ്യോഗാര്‍ഥികളാണ് ഇതോടെ അങ്കലാപ്പിലായത്. 9800 ഒഴിവുകള്‍ നികത്താനുണ്ടെന്ന് കാണിച്ച് ഗതാഗതവകുപ്പ് പി.എസ്.സിക്ക് നല്‍കിയ അറിയിപ്പിനെ തുടര്‍ന്നാണ് അന്ന് ലിസ്റ്റ് തയാറാക്കപ്പെട്ടത്. ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം 3800 ഒഴിവുകള്‍ മാത്രമാണുള്ളതെന്ന് കാണിച്ചു കെ.എസ്.ആര്‍.ടി.സി രംഗത്തു വന്നു.
എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ തിരുത്താന്‍ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. രണ്ടു ഘട്ടമായി പി.എസ്.സി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നും 36,000 പേര്‍ മെയിന്‍ ലിസ്റ്റിലും 20,000 പേര്‍ സപ്ലിമെന്റ് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. അതേ സമയം എം പാനല്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള ഒത്തുകളിയാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു. പി.എസ്.സി പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാണ് വ്യവസ്ഥ. തൊഴിലാളി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിയമനം നല്‍കാത്തതെന്നാണ് ആക്ഷേപം. ഏറെ പ്രതിഷേധങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷം ചട്ടപ്രകാരം പി.എസ്.സി 9300 പേര്‍ക്ക് അഡൈ്വസ് അയച്ചു. എന്നാല്‍ നിയമനം നടത്താന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇതോടെ നിയമനം വൈകുന്നുവെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലുള്ളവരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. എന്നാല്‍ കോര്‍പറേഷന്‍ കോടതിവിധി അനുസരിക്കാന്‍ തയാറായില്ല. ഇതോടെ ഉദ്യോഗാര്‍ഥികള്‍ കോടതി അലക്ഷ്യത്തിന് വീണ്ടും കോടതിയെ സമീപിച്ചു. ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം ഹൈക്കോടതി തള്ളി. തുടര്‍ന്ന് കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 17ന് ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ ജൂലൈ 22നകം മുഴുവന്‍ നിയമനങ്ങളും നടത്തി തീര്‍ക്കണമെന്നാണ്. ഇതോടെ വെട്ടിലായ കോര്‍പറേഷന്‍ കണക്കില്‍ കൃതിമം കാണിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു.
ലിസ്റ്റില്‍ നിന്നും 6,000 പേര്‍ക്ക് നിയമനം നല്‍കിയെന്ന് അവകാശപ്പെടുന്ന കോര്‍പറേഷന്‍ 1540 പേര്‍ക്ക്മാത്രമാണ് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാക്കിയത്. അഡൈ്വസ് മെമ്മോ ലഭിച്ചവരില്‍ അധികവും ജോലിയില്‍ പ്രവേശിച്ചില്ല. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ ജോലി ലഭിച്ചു പോയതായിരുന്നു കാരണം. ഇത്തരത്തില്‍ ഒഴിഞ്ഞുപോയവരും കോര്‍പറേഷന്റെ കണക്കില്‍ ജോലി ചെയ്യുന്നവരായാണ് കണക്കില്‍ പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."