HOME
DETAILS

കത്തുകളൊഴുകിപ്പരന്ന കാലം 

  
backup
October 06 2018 | 20:10 PM

kathukalozhukiparanna-kalam

ജീവിതത്തില്‍ ഒരു കത്തെങ്കിലും എഴുതാത്തവരുണ്ടോ? കരിയില വീണ ചെമ്മണ്‍പാതയിലൂടെ, അതല്ലെങ്കില്‍ കൊയ്‌ത്തൊഴിഞ്ഞ പാടവരമ്പിലൂടെ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും മഷിപുരണ്ട കത്തുകള്‍ നിറച്ച സഞ്ചിയും തോളിലേറ്റി നടന്നുവരുന്ന പോസ്റ്റുമാനെ കാത്തിരിക്കാത്തവരുണ്ടോ? കവറുകളില്‍ ഒട്ടിച്ചിട്ടുള്ള സ്റ്റാമ്പുകള്‍ പതിയെ അടര്‍ത്തിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറുള്ള ആ കുട്ടിക്കാലം ഓര്‍മിക്കാത്തവരുണ്ടോ?
കവിതയിലും കഥകളിലും പാട്ടിലുമെല്ലാം ഹൃദയത്തോട് ചേര്‍ത്തെഴുതിയ ഒരു കത്ത് വായിക്കാത്തവര്‍, കത്തിനെ കാത്തിരിക്കാത്തവര്‍ ഇന്നുണ്ടാവാനിടയില്ല. എത്രയോകാലം മുതല്‍ തന്നെ കത്തുകള്‍ മനുഷ്യജീവിതത്തോട് ഒട്ടിച്ചേര്‍ന്നിരുന്നു. അന്നു സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കൈമാറ്റം ചെയ്തിരുന്ന കത്തുകള്‍ നമ്മെ തേടിയെത്തിയത് തപാല്‍ വഴിയായിരുന്നു. സന്ദേശക്കൈമാറ്റത്തിനു കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ആ കാലം കുടുംബങ്ങളെ, സുഹൃദ്ബന്ധങ്ങളെ, പ്രിയതമയെ, പ്രണയിതാക്കളെയെല്ലാം പരസ്പരം കൂട്ടിയിണക്കി. ഇടവഴികളിലൂടെ വെയില്‍ വകവയ്ക്കാതെ സൈക്കിളിലോ കുടചൂടി നടന്നോ പോസ്റ്റുമാനെത്തുമ്പോള്‍ സൈക്കിള്‍ ബെല്ലോ പോസ്റ്റ് എന്നുള്ള വിളിയോ കേള്‍ക്കാമായിരുന്നു.
പരസ്പരം പറയാനും പങ്കുവയ്ക്കാനുമുള്ളത് ഫോണിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഗൂഗിള്‍ മെസഞ്ചറിലുമൊക്കെ ഗുളികരൂപത്തില്‍ അയച്ചുകൊടുക്കുന്ന കാലം പിറന്നതോടെ ഈ വിളികളെല്ലാം പുത്തന്‍ തലമുറയ്ക്ക് അന്യമായി. ഒപ്പം കത്തെഴുത്തും. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കൈമാറ്റം ചെയ്തിരുന്നതു കത്തെഴുത്തിലൂടെയാണെന്ന് അവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാതെയായി. കാലത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, ഗന്ധങ്ങളെക്കാളുപരി കാഴ്ചകള്‍ക്കു പ്രസക്തി കൂടിയപ്പോള്‍ സോഷ്യല്‍ മീഡിയ മാധ്യമമായി. കത്തെഴുത്തുകള്‍ കാലത്തിനനുസരിച്ചു രൂപം മാറി ഒഴുകി. വികാരവും സ്‌നേഹവുമെല്ലാം മിസ്‌കോളും മെസേജുമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കത്തെഴുതുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി മാറി.

 

കത്തുകളനവധി

ഒരുപാട് ചരിത്രം പറയാനുണ്ട് കത്തെഴുത്തിന്. കത്തെഴുത്ത് ഒരു ദൈനംദിന പ്രക്രിയയായി കരുതിപ്പോന്നിരുന്നൊരു കാലമുണ്ടായിരുന്നു. നാട്ടിലെ ഇടവഴികളിലൂടെയെല്ലാം ഓടിയോടി നടന്ന് പോസ്റ്റുമാന്‍ എത്രയെത്ര സന്ദേശങ്ങളാണു ദിനംപ്രതി കൈമാറിയിരുന്നത്. കൂട്ടുകാര്‍ക്ക്, അച്ഛനമ്മമാര്‍ക്ക്, കാമുകീ കാമുകന്മാര്‍ക്ക്, ഭാര്യയ്ക്ക്, ഭര്‍ത്താവിന്... അങ്ങനെയെത്രയെത്ര പേര്‍ക്ക് അവര്‍ കത്തുകളിലൂടെ സ്‌നേഹവും സൗഖ്യവും വിതറി.
കത്തുകള്‍ പലപ്പോഴും അതതു കാലങ്ങളെ പ്രതിനിധീകരിച്ചിരുന്നു. 25 വര്‍ഷംമുന്‍പുള്ള ഒരു കത്തു വായിക്കുമ്പോള്‍ നമുക്ക് ഒരു നാടിനെയും അതിലെ കഥാപാത്രങ്ങളെയും അവരുടെ രീതികളെയുമൊക്കെ മനസിലാക്കാനാവുന്നുണ്ടെങ്കില്‍ കത്ത് അതിന്റെ ചരിത്രപരമായ കടമ നിറവേറ്റിയെന്നും പറയാം. പ്രണയലേഖനങ്ങളായിരുന്നു കത്തെഴുത്ത് കലയിലെ ക്ലാസിക്കുകള്‍. ഇന്റര്‍നെറ്റിന്റെ തള്ളിച്ചയില്‍ പുതുതലമുറ ഒരുപക്ഷേ ശരിക്കും നഷ്ടപ്പെടുത്തുന്ന ഒന്ന് പ്രണയലേഖനമെന്ന സ്വകാര്യ അനുഭവമാകും. അതും ആദ്യത്തെ പ്രണയലേഖനം. അതൊന്ന് കടലാസിലേക്കെത്തുംമുന്‍പ് അവളോ അവനോ അനുഭവിക്കുന്ന വൈകാരികസമ്മര്‍ദത്തോളം വരില്ല മറ്റൊന്നും. എഴുതുന്നവരുടെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന അമ്പുകളായിരുന്നു ഓരോ പ്രണയലേഖനവും. ലക്ഷ്യത്തിലെത്തണമെന്ന് അത്രയേറേ നിര്‍ബന്ധത്തോടെ തൊടുത്തുവിടുന്ന കൂരമ്പുകള്‍. അതിന്റെ കൃത്യതയില്‍ പല ഹൃദയങ്ങള്‍ക്കും മുറിവേറ്റു. പലരും അടിതെറ്റി വീണു. എന്നാല്‍, ചിലര്‍ പുഞ്ചിരി തൂകി. ഒന്നു കാണാനോ ഒരു വാക്കു മിണ്ടാനോ കഴിയാതെ പ്രണയം വഴിമുട്ടി നില്‍ക്കുമ്പോഴും അന്നത്തെ പ്രണയം അതിന്റെ ജൈത്രയാത്ര തുടരുക തന്നെയായിരുന്നു.
കണ്ണെത്താദൂരത്തുനിന്നു കാതോരം വന്നു ചേരുന്ന, ഹൃദയത്തില്‍ തൊട്ടറിഞ്ഞ വാക്കുകളായിരുന്നു പല കത്തുകളും. കടലാസിന്റെ നെഞ്ചില്‍ സ്‌നേഹം ചാലിച്ചെഴുതിയ അക്ഷരക്കൂട്ടങ്ങള്‍. ഓരോ വാക്കിലും എഴുതിയ ആളിന്റെ സ്‌നേഹസ്പര്‍ശം തൊട്ടറിയാന്‍ പറ്റും. ദൂരങ്ങള്‍ തമ്മിലുള്ള ആ അന്തരം അക്ഷരങ്ങളാല്‍ മൊഴിഞ്ഞ വാക്കുകളില്‍ കൂടി ഇല്ലാതാവും. ഇന്ന് വാട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ ഗൂഗിള്‍ മെസഞ്ചറിലോ ഒരു സന്ദേശം അയച്ചാല്‍ മതി. നിമിഷങ്ങള്‍ക്കകം മറുപടി ലഭിക്കും. ഒരു കാത്തിരിപ്പിന്റെയും ആവശ്യമില്ല. എങ്കിലും പ്രിയപ്പെട്ടവരുടെ ഹൃദയം തൊട്ടറിയാന്‍, കാത്തിരിപ്പിന്റെ ദൈര്‍ഘ്യത്തിനു വിരാമമിട്ടു കൊണ്ടു ലഭിക്കുന്ന ആ കത്തുകള്‍ക്കുള്ള പ്രാധാന്യം ഒന്നു വേറെ തന്നെയായിരുന്നു.

 

കത്തെഴുത്തെന്ന ശീലം

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ കത്തെഴുത്ത് പലര്‍ക്കും ഒരു ഹോബിയായിരുന്നില്ല, ഒരു ശീലമായിരുന്നു. എത്രയും പ്രിയപ്പെട്ട അച്ഛനും അമ്മയും വായിച്ചറിയാന്‍.... എന്നു തുടങ്ങുന്ന കത്തുകള്‍ എത്രയെത്ര തവണ എഴുതിയിട്ടുണ്ടാകും നാമൊക്കെ. ദൂരെദിക്കിലേക്കു ജോലിക്കും പഠിക്കാനും പോയ മക്കളുടെ ഈ കത്തിനുവേണ്ടി കാത്തിരുന്ന അച്ഛനമ്മമാര്‍ ഏറെയായിരുന്നു. ആഴ്ചയില്‍ ഒരു കത്തുവീതമെങ്കിലും എഴുതണമെന്നു മക്കളോടു നിര്‍ബന്ധപൂര്‍വം പറഞ്ഞിരുന്ന അച്ഛനമ്മമാരുണ്ടായിരുന്നു അന്ന്.
ഇന്നത്തെ പോലെ കംപ്യൂട്ടറും മൊബൈലുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇന്‍ലന്‍ഡിലും പോസ്റ്റ് കാര്‍ഡിലും കവറിലുമായി വരുന്ന കത്തുകള്‍ തന്നെയായിരുന്നു വിശേഷങ്ങളും വര്‍ത്തമാനങ്ങളും അറിയാനായി ഉണ്ടായിരുന്ന ഏക ആശ്രയം. പലരീതികളിലായിരുന്നു കത്തെഴുത്തെങ്കിലും 'സുഖം തന്നെ എന്നു കരുതുന്നു. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ' എന്നു തുടങ്ങുന്ന വാചകമില്ലാത്ത കത്തുകള്‍ അപൂര്‍വമായിരുന്നു. ഇന്‍ലന്‍ഡില്‍ കത്തെഴുതുമ്പോഴായിരുന്നു രസകരം. സ്ഥലപരിമിതി അവസാനമെത്തുമ്പോഴാണ് അനുഭവപ്പെടാറുള്ളത്. അപ്പോള്‍ വിശേഷങ്ങള്‍ ചുരുക്കി ഇന്‍ലന്‍ഡിന്റെ സൈഡില്‍ കുറിച്ചിടും. മുകളില്‍ തിയതി, സ്ഥലം എല്ലാം മറക്കാതെ എഴുതിയിട്ടുണ്ടാകും.
''നീ അയച്ച കത്തുകിട്ടി. വിശേഷങ്ങളറിഞ്ഞ് സന്തോഷിക്കുന്നു. ഞങ്ങള്‍ക്കിവിടെ സുഖം തന്നെ. എന്നാണു നാട്ടിലേക്കു വരുന്നത്. ഓണത്തിന് ലീവ് കിട്ടില്ല്യേ...'' തുടങ്ങി പരസ്പരം സംസാരിക്കുന്ന തരത്തില്‍ കത്തെഴുതുന്നവര്‍ ഏറെയുണ്ടായിരുന്നു. കണ്‍മുന്നില്‍ വന്നുനിന്നു സംസാരിക്കുന്ന പോലെയുണ്ടാകും ആ കത്തുകള്‍ വായിച്ചാല്‍. വീട്ടിലെ വിശേഷങ്ങള്‍ മാത്രമല്ല നാട്ടിലെയും അയല്‍വീട്ടിലെയും ബന്ധുവീട്ടിലെയുമൊക്കെ വിശേഷങ്ങള്‍ അവയില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടാകും.

 

കത്തുപാട്ട്

വിദേശത്തുനിന്നു വരുന്ന കത്തുകള്‍ക്കായിരുന്നു പണ്ടൊക്കെ നാട്ടിന്‍പുറത്ത് ഡിമാന്‍ഡ്. ഫോറിന്‍ സ്റ്റാമ്പിന്റെ തലയെടുപ്പിലായിരുന്നു ആ എയര്‍മെയിലുകളെല്ലാം ഗള്‍ഫ് മലയാളികളുടെ വിരഹത്തിന്റെ നൊമ്പരം പേറിയെത്തിയത്. അവയില്‍ പലതും അത്തറിന്റെ മണവും പേറി. കത്തെഴുത്തുകളെ കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിക്ക് മറക്കാനാവാത്ത ഒന്നാണു കത്തുപാട്ടുകള്‍. ദുബായ് കത്തുപാട്ടിലെ വരികള്‍ തീക്കാറ്റായി ഉള്ളില്‍ പടരാത്ത ഒറ്റ ഗള്‍ഫ് മലയാളിയും ഒരുകാലത്ത് കേരളത്തിലുണ്ടായിരുന്നില്ല.
'പ്രാണനാഥന്‍ എനിക്കു നല്‍കിയ പരമാനന്ദരസത്തെ' എന്ന ഇരയിമ്മന്‍ തമ്പിയുടെ വിരഹഗാനത്തിന് ഒന്നര നൂറ്റാണ്ടിനുശേഷമുണ്ടായ ഏറനാടന്‍ പതിപ്പായി ദുബൈ കത്തുപാട്ട് മാറി. കത്തുപാട്ട് മലയാളിക്ക് സമര്‍പ്പിച്ച എസ്.എ ജമീല്‍ വിടപറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗള്‍ഫ് മലയാളികളുടെ വിരഹത്തിന്റെ നൊമ്പരം ഒപ്പിയെടുത്ത ആ വരികളോരോന്നും മരണമില്ലാതെ ഇന്നും നിലനില്‍ക്കുന്നത് അവയിലെ സത്യസന്ധത കൊണ്ടുതന്നെയാവണം.

 

കത്തുപുസ്തകം

ഒരിക്കലും മറക്കാനാകാത്ത കത്തുകള്‍ എഴുതിയിട്ടുണ്ടാവുക ഒരുപക്ഷേ ഇംഗ്ലീഷ് എഴുത്തുകാര്‍ തന്നെയാകും. കാഫ്കയുടെയും ഷെല്ലിയുടെയും വാന്‍ഗോഗിന്റെയുമൊക്കെ കത്തുകള്‍ ഹൃദയം തുറന്ന് എത്ര തവണ വായിച്ചാലാണു മതിവരുക! ആന്തരിക വിഷാദങ്ങളും ഉള്ളു നിറഞ്ഞൊഴുകുന്ന കരച്ചിലുകളും തന്നെയായിരുന്നു അവരുടെ കത്തുകളില്‍ കൂടുതലുമുണ്ടായിരുന്നത്. കാമുകിമാര്‍ക്കെഴുതിയ കത്തുകളാണ് അതിലേറ്റവും കൂടുതല്‍ പ്രശസ്തമായതും.
പ്രണയത്തിന്റെ കവി ഖലീല്‍ ജിബ്രാനാകട്ടെ തന്റെ പ്രണയിനിയായ മെസിയാദയെ പ്രണയിച്ചത് മുഴുവന്‍ കത്തുകളിലൂടെയായിരുന്നു. അതൊക്കെയും അദ്ദേഹത്തിന്റേതായി അച്ചടിക്കപ്പെട്ട പല പുസ്തകങ്ങളിലൂടെയും വായനയ്ക്കാര്‍ക്കു മുന്നിലെത്തുകയും ചെയ്തു. മലയാളത്തില്‍ ഒരുപക്ഷേ എഴുത്തുകാരിലെ മികച്ച കത്തെഴുത്തുകാരന്‍ ബഷീര്‍ തന്നെയായിരിക്കണം. 'പ്രേമലേഖനം' എന്ന ബഷീറിന്റെ പുസ്തകത്തില്‍ സാറാമ്മയുടെയും കേശവന്‍ നായരുടെയും മതജാതി ചിന്തയ്ക്ക് അതീതമായ കത്തുകള്‍ വായിക്കാന്‍ എന്തുരസമാണ്. 'അനുരാഗത്തിന്റെ ദിനങ്ങളി'ല്‍ എത്രയധികം കത്തുകളാണ് ബഷീര്‍ കാമുകിയായ ദേവിക്ക് എഴുതിയിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച കത്തുപുസ്തകം സംശയമൊന്നുമില്ലാതെ പറയാം, ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിരയ്ക്ക് അയച്ച 'ഒരു അച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍' തന്നെയായിരുന്നു. ജയിലില്‍നിന്നാണ് അദ്ദേഹം ഇന്ദിരയ്ക്ക് കത്തുകള്‍ അയച്ചത്. പത്തുവയസായിരുന്നു അന്ന് ഇന്ദിരയ്ക്ക്. ഇന്ത്യയെ കുറിച്ചും രാജ്യത്തെ കുറിച്ചുമറിയേണ്ട കാര്യങ്ങളായിരുന്നു നെഹ്‌റു മകള്‍ക്ക് കത്തുകളായയച്ചത്. 30 കത്തുകള്‍ ഒന്നിച്ച് ഒടുവില്‍ പുസ്തകമാക്കപ്പെട്ടു. നെഹ്‌റു ഇന്ദിരയ്ക്ക് ഇംഗ്ലീഷിലാണ് കത്തുകള്‍ അയച്ചതെങ്കിലും അതു പിന്നീട് പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇനിയും ചിലപ്പോള്‍ കത്തുകള്‍ പുസ്തകങ്ങളാക്കപ്പെടാം. ചിലപ്പോള്‍ പുസ്തകങ്ങള്‍ ആക്കപ്പെടാന്‍ വേണ്ടി മാത്രം കത്തുകള്‍ എഴുതുകയുമാകാം.

കത്തിന്റെ വഴികള്‍ വിസ്മയത്തിലേക്കു നീങ്ങുകയാണിപ്പോള്‍. പോസ്റ്റ്മാന്‍ വെറും ബില്ലുകളും അറിയിപ്പുകളും ഇന്റര്‍വ്യൂ കാര്‍ഡുകളും മാത്രം നല്‍കുന്നവരായിമാറി. ടെലഫോണ്‍ വളര്‍ന്നു. മൊബൈല്‍ ഫോണും വ്യാപകമായി. ഇ-മെയില്‍ പടര്‍ന്നുപന്തലിച്ചു. ദൂരെയുള്ളവരോടു നേരില്‍കണ്ടു സംസാരിക്കാന്‍ സാങ്കേതികവിദ്യയും ലോകത്തെത്തി. അതോടെ കത്തു നല്‍കുന്ന ആത്മസുഖം പലര്‍ക്കും നഷ്ടപ്പെട്ടു.
ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഗന്ധമില്ലാത്ത സന്ദേശങ്ങള്‍ക്കിടയിലും ഇടയ്ക്കു ചിലര്‍ കത്തുകളുടെ പെരുമഴയില്‍ കുളിരു കോരുന്നതു കാണാം. നിങ്ങള്‍ മേല്‍വിലാസം തരൂ, ഞാന്‍ കത്തയക്കാം എന്നു ചിലരൊക്കെ വിളിച്ചുപറയുന്നു. പറയുക മാത്രമല്ല അവര്‍ കത്തുകളെഴുതി അയക്കുന്നുമുണ്ട്. 'ഇ'കാലത്തും ഇപ്പോഴും ഗൃഹാതുരതയുടെ ഒരു കാലം ഓര്‍മപ്പെടുത്തുന്നത് അവരൊക്കെയാണ്. വിവരങ്ങളുടെ കൈമാറ്റം വിരല്‍തുമ്പിലൂടെ നടക്കുമ്പോള്‍ കത്തിടപാടുകളുടെ കാലം ഓര്‍മകളാകുന്നതു സ്വാഭാവികം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago