യൂത്ത്‌ലീഗ് കോട്ടയം കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കുഴഞ്ഞ് വീണ യൂത്ത്‌ലീഗ് നേതാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
കോട്ടയം: പി.എസ്.സി സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു.
സംഘര്‍ഷത്തിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ യൂത്ത്‌ലീഗ് പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി അമീര്‍ ചേനപ്പാടിയെ (32)കോട്ടയം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഷിഹാബ് കാട്ടാമല, അനീഷ് തലയോലപ്പറമ്പ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അനീഷിനെ പൊലിസ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതിയുണ്ട്. അനീഷിന്റെ തലക്കേറ്റ മുറിവില്‍ എട്ട് സ്റ്റിച്ചുണ്ട്.
ഇന്നലെ രാവിലെ 10.30ന് ജില്ലാ ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലിസ് തടഞ്ഞു. ഇതോടെ പൊലിസ് വലയം ഭേദിക്കാന്‍ ശ്രമം നടന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പൊലിസിനെതിരേ മുദ്രവാക്യം മുഴക്കി. ഇതോടെയായിരുന്നു പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയത് . തങ്ങള്‍ക്ക് നേരെ ചീമുട്ടയേറുണ്ടായെന്നും പൊലിസ് ആരോപിച്ചു.
ലാത്തിച്ചാര്‍ജുണ്ടായപ്പോള്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുചേര്‍ന്നതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവുമായി വാക്കേറ്റമുണ്ടായി. ധര്‍ണയുടെ ഉദ്ഘാടകനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പൊലിസിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."