കശ്മിരില്‍ വീണ്ടും 'ഏറ്റുമുട്ടല്‍'; കൊല്ലപ്പെട്ടവര്‍ ഭീകരരല്ലെന്ന് കുടുംബം
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ സൈന്യം വ്യാജ ഏറ്റുമുട്ടലിലൂടെ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് ആരോപണം. ഇന്നലെ പുലര്‍ച്ചെയോടെ ശ്രീനഗറിലെ പരിംപുരയില്‍ സൈന്യം ഭീകരര്‍ എന്നാരോപിച്ച് വെടിവച്ചുകൊന്നവര്‍ നിരപരാധികളായ വിദ്യാര്‍ഥികളാണെന്നു കുടുംബം പറഞ്ഞു.
ഷോപ്പിയാന്‍ സ്വദേശികളായ അഥര്‍ മുഷ്താഖ് (പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി), ഐജാസ് മഖ്ബൂല്‍ (ബിരുദ വിദ്യാര്‍ഥി), സുബൈര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗന്ധര്‍ബാലിലെ പൊലിസ് ഉദ്യോഗസ്ഥന്റെ മകനാണ് മഖ്ബൂല്‍. ചൊവ്വാഴ്ച രാത്രിയിലുടനീളം ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്നാണ് സൈന്യം ഇന്നലെ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടവര്‍ ഭീകരര്‍ അല്ലെന്നും കശ്മിര്‍ യൂനിവേഴ്‌സിറ്റിയിലേക്കു പ്രവേശനം നേടാനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാനായി പോയവരാണെന്നും കുടുംബം പറഞ്ഞു. നീതിവേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും രാത്രി വൈകിയും ശ്രീനഗറില്‍ പ്രതിഷേധത്തിലാണ്. പി.ഡി.പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുള്‍പ്പെടെ പ്രതിഷേധ പരിപാടികളുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.സംഭവം വിവാദമായതോടെ, കൊല്ലപ്പെട്ടവരുടെ പേരുകള്‍ തങ്ങളുടെ പക്കലുള്ള ഭീകകരപട്ടികയില്‍ ഇല്ലെങ്കിലും അതില്‍ രണ്ടു പേര്‍ക്കു കൊടും ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്നും ഒരാള്‍ ഈയടുത്തു ഭീകരസംഘത്തില്‍ ചേര്‍ന്നയാളാണെന്നും വ്യക്തമാക്കി പൊലിസ് രംഗത്തെത്തിയിട്ടുണ്ട്. 2017ല്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റയീസ് കച്രുവിന്റെ ബന്ധുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഏറ്റുമുട്ടലിനിടെ മൂന്നുപേരും സ്‌ഫോടകവസ്തുക്കളും ഗ്രനേഡും പ്രയോഗിച്ചതായും സൈന്യം അവകാശപ്പെട്ടു.
ഷോപ്പിയാനില്‍ സൈനിക ബഹുമതി ലഭിക്കാനായി മേജര്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്നു തൊഴിലാളികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി മൂന്നു സൈനികര്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ വിവാദം കത്തിനില്‍ക്കേയാണ് മറ്റൊരു ഏറ്റുമുട്ടല്‍ കൊലപാതകവും സംശയനിഴലിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."