പനി ബാധിച്ച് പിഞ്ചു കുട്ടികളുടെ മരണം: കാരണം വൈറസല്ലെന്ന് ആദ്യ റിപ്പോര്‍ട്ട്
വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി
ബാക്ടീരിയ മൂലമുള്ള അണുബാധയായ മിലിയോഡോസിസ് ആണെന്ന് നിഗമനം
കാസര്‍കോട്: ബദിയഡുക്കയിലെ കന്യാപ്പടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചുകുട്ടികള്‍ മരണപ്പെട്ടത് ബാക്ടീരിയ മൂലമുള്ള അണുബാധയായ മിലിയോഡോസിസ് ആണെന്ന നിഗമനത്തില്‍ ജില്ലാ ആരോഗ്യവകുപ്പ്. മംഗളൂരുവിലെ ഫാദര്‍ മുള്ളര്‍ ഹോസ്പിറ്റലില്‍ നിന്ന് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ആരോഗ്യവകുപ്പ് ഈ നിഗമനത്തിലെത്തിയത്. മണിപ്പാല്‍ വൈറോളജി ലാബില്‍നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതേസമയം, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ രോഗസ്ഥിരീകരണം സാധ്യമാകുകയുള്ളൂ.
മംഗളരൂവിലെ പരിശോധനാ ഫലം ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കിയതിനാലും വൈറസ് ബാധ കണ്ടെത്താത്തതിനാലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തുടക്കത്തിലേ ചികിത്സ തേടുകയാണെങ്കില്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവര്‍ എന്നിവരില്‍ ഈ രോഗം മാരകമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാനാകും.
അതേസമയം, കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം ആരോഗ്യവകുപ്പ് വിശദമായി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് ഇന്നലെ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. സ്റ്റേറ്റ് എപിഡെമിയോളജിസ്റ്റ് ഡോ. എ. സുകുമാരന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്. കുട്ടികളുടെ മാതാവും പിതാവും ബന്ധുവും മുന്‍കരുതല്‍ എന്ന നിലയില്‍ നിലവില്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതിനുപുറമെ പ്രദേശത്തും ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. അസ്വാഭാവികമായ പനി കണ്ടെത്തിയാല്‍ കാസര്‍കോട് ജില്ലാ-ജനറല്‍ ആശുപത്രികളിലും പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രികളിലും ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.
പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് എന്നിവയും പൂച്ച, ആട് ഉള്‍പ്പടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ രക്തസാംപിളുകളും ശേഖരിച്ച് പരിശോധന നടത്തും. ജലത്തിലൂടെയോ മണ്ണിലൂടെയാം ആകാം ബാക്ടീരിയ കടന്നുകൂടിയതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."