ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം വീതംവച്ച് കോണ്‍ഗ്രസ്
കൊച്ചി: ഗ്രൂപ്പുപോര് ശക്തമായതോടെ എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി ഗ്രൂപ്പടിസ്ഥാനത്തില്‍ വീതംവച്ചു. എ ഗ്രൂപ്പുകാരനായ ഉല്ലാസ് തോമസ് ആദ്യ മൂന്നു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമ്പോള്‍ ഐ ഗ്രൂപ്പിലെ മനോജ് മൂത്തേടം പിന്നീടുള്ള രണ്ടു വര്‍ഷം പദവിയിലിരിക്കും. ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ കോര്‍പറേഷന്‍ സ്ഥാനങ്ങളിലാണ് പ്രധാനമായ വീതംവയ്പ് നടക്കുക.കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ പദവി ഐ ഗ്രൂപ്പുകാരനായ എന്‍. വേണുഗോപാലിനും ജില്ലാ പഞ്ചായത്തില്‍ എ ഗ്രൂപ്പുകാരന്‍ ഉല്ലാസ് തോമസിനും നല്‍കണമെന്നായിരുന്നു ഗ്രൂപ്പ് മാനേജര്‍മാര്‍ തമ്മിലുണ്ടാക്കിയ ധാരണ. അതിനിടെ ഗൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദത്തിനു വഴങ്ങി ഡി.സി.സിയും ധാരണക്ക് അംഗീകാരം നല്‍കി.
ഏറെക്കുറെ സുരക്ഷിതമായ ഐലന്റ് നോര്‍ത്ത് ഡിവിഷനില്‍ വേണുഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് ഒരു വോട്ടിനു തോറ്റു. ഇതോടെ വേണുഗോപാലിന്റെ പരാജയം ഗ്രൂപ്പുകളിയുടെ ഫലമായാണെന്ന ആക്ഷേപം ശക്തമായി. എന്നാല്‍ കൊച്ചിന്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നേടിയതോടെ ഗ്രൂപ്പ് വീതംവയ്പ്പിന് ജില്ലാ പഞ്ചായത്ത് മാത്രം ബാക്കിയായി.
വീതംവയ്പില്‍ ഗ്രൂപ്പിനു പുറമേ സാമുദായിക പരിഗണനയും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഉല്ലാസ് തോമസ് യാക്കോബായ സഭക്കാരനാണ്. സഭാ മാനേജിങ് കമ്മിറ്റിയംഗവുമായിരുന്നു. യു.ഡി.എഫിനെ എക്കാലത്തും പിന്തുണച്ചിരുന്ന ഓര്‍ത്തഡോക്‌സ് സഭ അകല്‍ച്ചയിലായതോടെ യാക്കോബായ വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉല്ലാസിനെ നിര്‍ദേശിച്ചത് യാക്കോബായ വിഭാഗക്കാരനായ പ്രമുഖ എ ഗ്രൂപ്പ് നേതാവാണെന്നാണ് അറിയുന്നത്. ജില്ലാ പഞ്ചായത്ത് ക്രിസ്ത്യന്‍ വിഭാഗത്തിനെങ്കില്‍ കൊച്ചി മേയര്‍ സ്ഥാനം നായര്‍ സമുദായത്തിനാകണമെന്നും ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."