അവനവനിലെ ആനന്ദം...
അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ എന്ന പേരില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ ഒരു നോവലെഴുതിയിട്ടുണ്ട്. ഒരു മനുഷ്യന്‍ എങ്ങനെയാണ് ആനന്ദിക്കുന്നത്? ഓരോ വ്യക്തിക്കും ആനന്ദം പ്രദാനം ചെയ്ത് കാഴ്ചയും കേള്‍വിയും യാത്രകളും അറിവുകളും തുടങ്ങി അനേകം ഉപാധികളുണ്ട്. ഇതേ ചോദ്യം വിഖ്യാത ഫുട്‌ബോള്‍ താരം ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയോട് ചോദിച്ചാല്‍ അയാള്‍ എന്ത് ഉത്തരം നല്‍കും. ലളിതമാണത്. റോമയ്ക്ക് വേണ്ടി മൈതാനത്തിറങ്ങി പന്ത് തട്ടുക.
നീണ്ട 25 വര്‍ഷങ്ങള്‍ ഇറ്റാലിയന്‍ സീരി എ ടീം റോമയുടെ കുപ്പായത്തില്‍ മാത്രം കളിക്കാനിറങ്ങി മതിയാവോളം പന്ത് തട്ടി ഫ്രാന്‍സിസ്‌ക്കോ ടോട്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 1992ല്‍ തന്റെ 15ാം വയസില്‍ റോമയുടെ പടി കയറിയ ടോട്ടി 40ാം വയസില്‍ കളിക്കാരനെന്ന വേഷം അഴിച്ചു മാറ്റി തന്റെ പ്രിയപ്പെട്ട ടീമിന്റ പടികളിറങ്ങി. സീരി എയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിട്ട് ക്ലബുമായുള്ള അഭേദ്യമായ ബന്ധത്തിന് തുടക്കമിട്ട ടോട്ടി, റോമയുടെ രാജകുമാരനും രാജാവും പട നായകനും വീര പുരുഷനും ഗ്ലാഡിയേറ്ററുമൊക്കെയായാണ് തന്റെ കളി ജീവിതത്തിന് വിരാമം കുറിക്കുന്നത്. ക്ലബിനേക്കാള്‍ വളര്‍ന്ന ചരിത്രമുള്ള ഫുട്‌ബോള്‍ താരമായും ഒരു ക്ലബ് ഒരൊറ്റ താരത്തിന്റെ മികവില്‍ അറിയപ്പെടുകയെന്ന വ്യത്യസ്തതയും സമ്മാനിച്ചാണ് ടോട്ടിയെന്ന അതികായന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് നടന്നത്. ഇറ്റലിയുടെ ലോകകപ്പ് നേട്ടത്തിലടക്കം പങ്കാളിയായ ടോട്ടി പത്ത് വര്‍ഷം മുന്‍പ് ദേശീയ കുപ്പായം അഴിച്ചുവച്ച് മുഴുവന്‍ സമയ റോമ താരമായി മാറുകയായിരുന്നു.
പലപ്പോഴും ടോട്ടി ക്ലബിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. പല സമയത്തും ടീമിന് വിജയം പോലും സമ്മാനിക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടു. തുള വീണ കപ്പലിന്റെ കപ്പിത്താനായി കാറ്റിനോടും കോളിനോടും പൊരുതി നിന്നു. അപ്പോഴെല്ലാം ആ താരത്തെ നയിച്ചത് അചഞ്ചലമായി നിന്ന റോമ എന്ന ടീമിനോടുള്ള ഇഷ്ടമായിരുന്നു. ടോട്ടി ആ ഇഷ്ടത്തെയാണ് ഫുട്‌ബോളിന്റെ ഗണിത വാക്യങ്ങളെ തന്റെ കാലിലെ ധാതു വീര്യത്തോടിണക്കി കാവ്യാത്മകമായി മൈതാനത്ത് പരിവര്‍ത്തിപ്പിച്ചത്. മധ്യനിരയില്‍ നിറഞ്ഞു കളിച്ച അയാള്‍ ചിലപ്പോള്‍ സ്‌ട്രൈക്കറായും വിങറായും പ്രതിരോധക്കാരനായും റോമയുടെ ആവശ്യത്തിനുസരിച്ച് വേഷം മാറി മാറി അണിഞ്ഞു. കളി മെനയാനുള്ള മികവും മുന്നേറ്റത്തിലെ വേഗതയും അളന്നുമുറിച്ച ഫ്രീ കിക്കുകളും ടോട്ടിയുടെ കളിയുടെ സവിശേഷതകളായിരുന്നു. റോമയോടുള്ള ഇഷ്ടം പ്രണയം നിറഞ്ഞ ആത്മാവിഷ്‌കാരമായി മൈതാനത്ത് നിറഞ്ഞപ്പോള്‍ ടോട്ടി അവനവനിലെ ആനന്ദത്തിന്റെ അംശം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളിലേക്കും പകര്‍ന്നു.
സ്റ്റേഡിയോ ഒളിംപ്യാക്കോയില്‍ തിങ്ങി കൂടിയ റോമന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ടോട്ടി വിഖ്യാതമാക്കിയ പത്താം നമ്പര്‍ ജേഴ്‌സിയുടെ ഓര്‍മയ്ക്ക് ടോട്ടിയെന്ന പേരും പത്ത് എന്ന നമ്പറും എഴുതിയ ചുവന്ന കാര്‍ഡുകള്‍ ഉയര്‍ത്തി പ്രിയപ്പെട്ട നായകനോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു. കരിയറിലെ അവസാന പോരാട്ടത്തില്‍ ജെനോവയോട് 3-2ന് വിജയമൊരുക്കി സഹ താരങ്ങള്‍ ടീമിന്റെ വീര നായകന് ഉചിതമായ വിടവാങ്ങലും ഒരുക്കി. സീസണില്‍ സീരി എയില്‍ രണ്ടാം സ്ഥാനവും അതുവഴി അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കിയാണ് നായകന്റെ പടിയിറക്കം.
റോമയ്ക്കായി 786 മത്സരങ്ങള്‍ കളിച്ച് 307 ഗോളുകള്‍ നേടിയാണ് ടോട്ടി കരിയര്‍ അവസാനിപ്പിച്ചത്. 2000-01 വര്‍ഷം ഇറ്റാലിയന്‍ സീരി എ കിരീടം, 2006-07, 2007-08 വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ കപ്പ്, 2001ലും 2007ലും സൂപ്പര്‍കോപ്പ ഇറ്റലിയാന. 25 വര്‍ഷത്തിനിടെ കേവലം അഞ്ച് കിരീട നേട്ടങ്ങള്‍ മാത്രമാണ് ആ കരിയറിലെ സമ്പാദ്യം. എന്നിട്ടും ടോട്ടി എവിടേക്കും പോകാതെ ടീമിനൊപ്പം അതിന്റെ കയറ്റങ്ങളിലും ഇറക്കങ്ങളിലും പങ്കാളിയായി. കരിയറിന്റെ സുവര്‍ണ കാലത്ത് ടോട്ടിയെ ടീമിലെത്തിക്കാന്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ കൈനിറയെ പണവുമായി ക്യൂ നിന്നപ്പോഴും അദ്ദേഹം അനങ്ങിയില്ല. റോമയ്ക്കായി കളിക്കുന്നതില്‍ പരം സന്തോഷം തനിക്കില്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളില്‍ ടോട്ടിയെ പോലെ ഒരു ക്ലബിനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തിയ താരങ്ങള്‍ അപൂര്‍വമേ ഉള്ളു. താരമെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ച ടോട്ടി നാളെ റോമയുടെ പരിശീലകനായും മറ്റും നേതൃ സ്ഥാനത്തേക്ക് വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കാം. ആ രണ്ടാം വരവില്‍ റോമ ചാംപ്യന്‍സ് ലീഗടക്കമുള്ള കിരീടങ്ങള്‍ നേടട്ടെ. നായകനെന്ന നിലയില്‍ അവശേഷിപ്പിച്ച് പോയ സ്വപ്നങ്ങള്‍ മറ്റൊരു തരത്തില്‍ കാലം അദ്ദേഹത്തിന് കാത്തുവച്ചിട്ടുണ്ടാകും. തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."