അവര്‍ ബൗദ്ധിക ബലഹീനതയുള്ളവര്‍
കെ.വി അഫ്‌സല്‍
മലപ്പുറം: മാനസികരോഗികളെ ഇനി മുതല്‍ ബൗദ്ധിക ബലഹീനതയുള്ളവര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം.
കൗണ്‍സില്‍ അംഗീകരിച്ച ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ സിലബസില്‍ മാനസികരോഗി എന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി മാറ്റാനും കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. സുബോധ കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. 2016 ഡിസംബറില്‍ നിലവില്‍ വന്ന ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിലെ സെക്ഷന്‍ രണ്ട് പ്രകാരമാണ് മാറ്റമെന്ന് സര്‍ക്കുലര്‍ പറയുന്നു.ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ കണ്‍വന്‍ഷന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് നിയമം പാസാക്കിയിരുന്നത്. നിര്‍ദേശം രാജ്യത്തെ എല്ലാ ദേശീയ സ്ഥാപനങ്ങള്‍ക്കും അയച്ചുകഴിഞ്ഞു.
മാനസിക രോഗമുള്ളവരുടെ പുനരധിവാസ ക്യാംപുകളിലും ട്രെയിനിങ്ങുകളിലും മാനസികരോഗം എന്നതു മാറ്റി ബൗദ്ധിക ബലഹീനത എന്നാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016ല്‍ ഭിന്നശേഷിക്കാരുടെ അവകാശനിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും മാനസിക രോഗികളെ അഭിസംബോധന ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്ന ആദ്യ നിര്‍ദേശമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."