വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായ പദ്ധതി 30ന് തുടങ്ങും
നാദാപുരം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി 30ന് ആരംഭിക്കും.
പ്രഖ്യാപനം മെയ് മുപ്പതിനു വൈകിട്ട് നാലു മണിക്ക് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വെച്ചു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. വനം വകുപ്പ് മന്ത്രി അധ്യക്ഷനാകുന്ന പരിപാടിയില്‍ മന്ത്രിമാരായ തോമസ് ഐസക്, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കുമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
ബാങ്ക് ലോണെടുത്ത് പഠനം പൂര്‍ത്തിയാക്കിയ നിരവധി പേര് തിരിച്ചടവ് പൂര്‍ത്തിയാക്കാനാവാതെ ദുരിതത്തിലാണ്. ബാങ്കുകള്‍ സ്വകാര്യ കമ്പനികള്‍ക്കു കരാര്‍ നല്‍കിയാണ് പണം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ നടത്തുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നു ബാങ്കുകള്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചെങ്കിലും വിദ്യാര്‍ഥികളുടെ മേല്‍ ഭാരം നിലനില്‍ക്കുകയാണ്.
കോഴ്സ് കഴിഞ്ഞു അടുത്ത മാസം മുതല്‍ 12 മുതല്‍ 16 ശതമാനം വരെ നാലു വര്‍ഷത്തെ പലിശ സഹിതമാണ് തിരിച്ചടക്കേണ്ടത്.
എന്നാല്‍ പഠന ശേഷം ജോലി ലഭിക്കാത്ത വിദ്യാര്‍ഥികളുടെ മേല്‍ വന്‍ സാമ്പത്തിക ഭാരമാണ് വരുന്നത്.
ഇത്തരം വിദ്യാര്‍ഥികളെ സഹായിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."