തിക്കോടിയില്‍ പരക്കെ മോഷണം
പയ്യോളി: തിക്കോടി പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപം ആറുവീടുകളില്‍ മോഷണം നടന്നു.
അഞ്ചുപവന്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. മീത്തലെ പള്ളി റോഡില്‍ ചേതനമുക്കിന് സമീപം കൊളായി ഷാദ്മ ഷരീഫിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.
വീടിന്റെ പിന്നിലെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം അടുക്കള വാതിലും അകത്തെ വാതിലും തകര്‍ത്താണ് ബെഡ്‌റൂമിലെ ഷോക്കേഴ്‌സില്‍ നിന്നും സ്വര്‍ണമെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. വീട്ടിലുള്ളവരെ മയക്കിയാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തുറന്നിട്ട ജനലിലൂടെ എന്തോ ദ്രാവകം സ്‌പ്രേ ചെയ്തിട്ടുണ്ടെന്നും മോഷ്ടാവിനെ നേരില്‍ കണ്ടിട്ടും ബഹളം വയ്ക്കാന്‍ കഴിഞ്ഞില്ലെന്നും വീട്ടുകാര്‍ പറയുന്നു. വീട്ടിലെ നാലോളം ഷെല്‍ഫുകള്‍ പൊട്ടിച്ച് പരിശോധന നടത്തിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ കൂടെ പത്തുപവനിലധികം തിരൂര്‍ പൊന്നും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്.
പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത്, എസ്.ഐ ടി ശശി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നു.
പൊലിസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൊട്ടടുത്ത വീട്ടിലെ കുരക്കുന്ന നായയെയും മയക്കിയതായായാണ് കണ്ടത്.
പരിസരത്തെ എടക്കോടവിട ലീല ടീച്ചര്‍, തയ്യില്‍ ദിനേശന്‍, രാഘവന്‍ തെക്കെകുറ്റി, ദാമോദരന്‍ തേവര്‍കണ്ടി, കൊല്ലച്ചേരി ഫൈസല്‍ എന്നിവരുടെ വീടുകളിലും ഇതേസമയം പൂട്ടുകള്‍ പൊളിക്കുകയും വാതിലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."