മോദിയുടെ അപ്രീതിക്കിരയായ പ്രതീപ് ശര്‍മ വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി: നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രതീപ് ശര്‍മ വീണ്ടും അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ആണ് ഇന്നലെ അഹ്മദാബാദിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതീപ്ശര്‍മ നേരത്തെ വിവിധ കേസുകളില്‍ അറസ്റ്റിലായതിനാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ്. 2009ല്‍ ഭാവ്‌നഗര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ആയിരിക്കെയാണ് പ്രതീപ് ആദ്യമായി അറസ്റ്റിലാവുന്നത്. അന്ന് അഴിമതിക്കേസായിരുന്നു അദ്ദേഹത്തിനെതിരേ ചുമത്തിയിരുന്നത്. പിന്നീട് അദ്ദേഹത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം(പി.എം.എല്‍.എ) പ്രകാരം ഇ.ഡി 2012ല്‍ കേസെടുത്തു. ഈകേസില്‍ കഴിഞ്ഞദിവസം പ്രതീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
2003-04 കാലത്ത് കച്ച് ജില്ലാ കലക്ടറായിരിക്കെ സര്‍ക്കാര്‍ ഭൂമി വെസ്പണ്‍ ഗ്രൂപ്പിനു കുറഞ്ഞവിലയ്ക്ക് വില്‍പ്പന നടത്തിയെന്നും ഇതുവഴി സംസ്ഥാന ഖജനാവിന് 1.2 കോടി രൂപ നഷ്ടമായെന്നുമാണ് പ്രതീപിനെതിരായ ആരോപണം. ഇടപാടിന് പ്രതിഫലമായി കമ്പനിയുടെ പദ്ധതിയില്‍ ശര്‍മയുടെ അമേരിക്കയില്‍ കഴിയുന്ന ഭാര്യയ്ക്ക് 30 ശതമാനം ഓഹരി നല്‍കിയെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു കമ്പനി പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു.
കേസില്‍ അദ്ദേഹത്തിന്റെ സഹോദരനനും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുല്‍ദീപിനെതിരേയും ഗുജറാത്ത് പൊലിസ് ആരോപണം ഉന്നയിച്ചിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് ഇ.ഡി പ്രതീപിന്റെ അഹ്മദാബാദിലെ വീടും മറ്റും പിടിച്ചെടുക്കുകയുംചെയ്തു. ഈ രണ്ടുകേസുകള്‍ക്കു പുറമെ മറ്റു മൂന്നുകേസും പ്രതീപിനെതിരെയുണ്ട്. എന്നാല്‍, തനിക്കെതിരായ ഗുജറാത്ത് പൊലിസിന്റെ നടപടികളെല്ലാം പ്രതികാരമാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ അഞ്ചുകേസും ഗുജറാത്ത് പൊലിസില്‍ നിന്നുമാറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതീപിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരേ ഒരു നടപടിയും എടുക്കരുതെന്നും ആവശ്യപ്പെട്ടു സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയ്ക്കു മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നിരുന്നുവെന്നാണ് പ്രതീപ് ശര്‍മയുടെ ഒരുവെളിപ്പെടുത്തല്‍. കേസന്വേഷിച്ച എസ്.ഐ.ടി മേധാവി ആര്‍.കെ രാഘവന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കത്തയച്ചിരുന്നു. ബംഗളൂരു സ്വദേശിനിയും ആര്‍കിടെക്ടുമായ യുവതിയെ നിരീക്ഷിക്കാന്‍ നരേന്ദ്രമോദി നിര്‍ദേശം നല്‍കിയിരുന്നുവെന്നും യുവതിക്കു മോദി എസ്.എം.എസ് അയച്ചിരുന്നുവെന്നുമുള്ള പ്രതീപിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."