ഉല്‍ക്കാശില പറന്നുവന്നു; ഞെട്ടല്‍ മാറാതെ ഗ്രാമീണര്‍
പട്ന: ബിഹാറിലെ മഹാദേവ ഗ്രാമത്തിലുള്ളവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വന്മുഴക്കത്തോടെ ആകാശത്തുനിന്ന് ഉല്‍ക്കാശില പറന്നുവന്നത്.
15 കിലോ ഭാരമുള്ള ഇത് വയലില്‍ പതിക്കുകയായിരുന്നു. അപ്പോഴും അതു പുകയുന്നുണ്ടായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.
അപൂര്‍വമായി മാത്രമാണ് ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിക്കാറുള്ളൂ. ശിലവീണ് നാലടി താഴ്ചയില്‍ വയലില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ശില മ്യൂസിയത്തിലേക്ക് മാറ്റി. കൂടുതല്‍ ഗവേഷണത്തിനായി താമസിയാതെ ബിഹാര്‍ സയന്‍സ് സെന്ററിലേക്ക് ഇതു മാറ്റുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
ശിലാകൃതിയാണെങ്കിലും ഇരുമ്പിനെ ആകര്‍ഷിക്കാന്‍ ഇതിനു കഴിയും. ഭൂമിയിലേക്കു പതിക്കുന്നതിനിടയില്‍ തീപിടിച്ച ഇതിന്റെ പലഭാഗത്തിനു നല്ല തിളക്കവുണ്ട്. ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്ന ഛിന്ന ഗ്രഹങ്ങളുടെയും വാല്‍നക്ഷത്രങ്ങളുടെയും ഭാഗമാണിത്. വലിപ്പവും കാഠിന്യമേറിയതുമായ ഉല്‍ക്കയുടെയോ ഛിന്ന ഗ്രഹത്തിന്റേയോ ഭാഗമായതിനാലാണ് മുഴുവന്‍ കത്തിതീരും മുന്‍പ് ഭൂമിയിലേക്കെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."