പനിച്ചു വിറച്ചു തളര്‍ന്ന് നമ്മള്‍ ഈ മാസം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മൂന്ന് ലക്ഷത്തിലധികം പേര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കലി തുള്ളി പെയ്ത കാലവര്‍ഷം സംസ്ഥാനത്ത് കൊണ്ടു വന്നത് പകര്‍ച്ചവ്യാധികളും രോഗങ്ങളും. പനി പിടിച്ച് രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് പതിനായിരങ്ങള്‍. ഇതിനു മൂന്നിരട്ടി സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
കരിമ്പനിയും അഞ്ചാംപനിയും എച്ച്1എന്‍1 പനിയും ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപകമായിരിക്കുകയാണ്. വിട്ടു മാറാത്ത പനിയ്ക്ക് സര്‍ക്കാരാശുപത്രിയിലെത്തിയാലോ വെറും പാരസെറ്റമോള്‍ ഗുളികയില്‍ ഒതുക്കുന്നു.
ഡെങ്കിപ്പനിയടക്കം ബാധിച്ച് കഴിഞ്ഞദിവസങ്ങളില്‍വരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കണക്കു പ്രകാരം ലക്ഷങ്ങളാണ്.
പതിനയ്യായിരത്തിലധികം പേര്‍ ഇന്നലെ മാത്രം പനിയുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തി. 2,435 പേര്‍ ഡെങ്കി ഉള്‍പ്പെടെ പിടിപെട്ട് ചികിത്സ തേടി. ഈ മാസം പനി പിടിച്ച് സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടിയത് 3,27,768 പേരാണ്.
പനിയും മറ്റു പകര്‍ച്ച വ്യാധികളും ബാധിച്ച് ഈ മാസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 27 പേരാണ് മരിച്ചത്. 58 പേര്‍ക്ക് മഞ്ഞപ്പിത്തവും 2,000 പേര്‍ക്ക് ഡങ്കിപ്പനിയും 11 പേര്‍ക്ക് ചിക്കൂന്‍ഗുനിയയും 63,569 പേര്‍ക്ക് മറ്റു പകര്‍ച്ചവ്യാധികളും 1,298 പേര്‍ക്ക് ചിക്കന്‍പോക്‌സും 138 പേര്‍ക്ക് എച്ച്1എന്‍1 ഉം പിടിപെട്ടു.
ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് എച്ച്1 എന്‍1 പിടിപെട്ടാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 10 പേരാണ് മരിച്ചത്. ഏഴുമാസത്തെ സംസ്ഥാനത്തെ കണക്കെടുത്താല്‍ പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് 14,98,629 പേരാണ്.
ഇതിന്റെ അഞ്ചിരട്ടി വരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്ക്.
കേരളീയരുടെ ആരോഗ്യം ദുര്‍ബലമെന്ന സന്ദേഹമുയര്‍ത്തുന്ന തരത്തിലാണ് പനിബാധിതരുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്താകെ ഈ വര്‍ഷം 4,296 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. ഏഴു പേര്‍ മരിച്ചു. ഇക്കൊല്ലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ടെങ്കിലും ഫലപ്രദമാവാത്തതാണ് പകര്‍ച്ചവ്യാധികള്‍ കൂടുന്നത്. മഴയ്ക്ക് മുമ്പുള്ള ശുചീകരണവും കൊതുകു നിര്‍മാര്‍ജ്ജനവും കാര്യക്ഷമമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."