HOME
DETAILS
MAL
80 കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍വോട്ട് അനുവദിക്കും
backup
December 31 2020 | 03:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ.
നിലവില്‍ 80 വയസിനു മുകളിലുള്ള 6,51,317 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ജില്ലകളില്‍ ഇവരുടെ പ്രത്യേക പട്ടിക തയാറാക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരമുണ്ടാകും. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. അന്തിമ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നുകൂടി അപേക്ഷിക്കാം.
ജനുവരി 20ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്നും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന പ്രക്രിയ തുടരും. ഡിസംബര്‍ 31ന് ശേഷം ചേര്‍ക്കുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിക്ക് 10 ദിവസം മുന്‍പായിരിക്കും സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2020 നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേരുചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകളാണ്. കരട് വോട്ടര്‍പട്ടിക പ്രകാരം 2,63,08,087 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് 25,041 പോളിങ് ബൂത്തുകളാണ് നിലവിലുണ്ടായിരുന്നതെങ്കിലും കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. അധികമായി 15,000 ബൂത്തുകള്‍ കൂടി സജ്ജമാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."