ഹജ്ജ് 2019 നടപടികളാകുന്നു, പ്രഖ്യാപനവും ആക്ഷന്‍ പ്ലാനും 12ന് പുറത്തിറക്കും
കൊണ്ടോട്ടി: 2019ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹജ്ജ് ആക്ഷന്‍ പ്ലാന്‍ 12ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കും. വരും വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന്റെ അപേക്ഷ സ്വീകരണം മുതല്‍ തീര്‍ഥാടകര്‍ ഹജ്ജ് കഴിഞ്ഞു മടങ്ങുന്നതുവരെ 30 കാര്യങ്ങള്‍ ക്രമപ്പെടുത്തിയ ആക്ഷന്‍ പ്ലാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. പൂര്‍ത്തീകരിച്ച ആക്ഷന്‍ പ്ലാന്‍ ഈ മാസം 12ന് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കൈമാറും.
ഈ വര്‍ഷം കേരളത്തിലെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍നിന്ന് കരിപ്പൂരിലേക്കു മാറ്റിയിട്ടുണ്ട്. 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും 45 വയസിനു മുകളില്‍ പ്രായമുള്ള ഒരു കവറില്‍ അപേക്ഷിക്കുന്ന സ്ത്രീകള്‍ക്കും നേരിട്ട് അവസരം നല്‍കും. ഹജ്ജ് അപേക്ഷ സ്വീകരണം, ഹജ്ജ് നറുക്കെടുപ്പ്, പണമടക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആക്ഷന്‍ പ്ലാനിലുണ്ടാകും.
അപേക്ഷ സ്വീകരിച്ച് നറുക്കെടുപ്പിന് മുന്‍പായി തന്നെ സഊദിയില്‍ താമസ സൗകര്യത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തും. ഇവ പരിശോധിക്കാന്‍ കെട്ടിട പരിശോധനാ സംഘം ഡിസംബറില്‍ പുറപ്പെടും. കെട്ടിടം കണ്ടെത്തിയതിനു ശേഷം വാടക നിശ്ചയിച്ച് ഹജ്ജിന്റെ തുക കണ്ടെത്തും.
ഹജ്ജ് സര്‍വിസ് നടത്താന്‍ വിമാന കമ്പനികളില്‍ നിന്നുള്ള ക്വട്ടേഷന്‍ ജനുവരിയിലാണ് സ്വീകരിക്കുന്നത്. ഹജ്ജ് കരാര്‍ ഒപ്പുവച്ചതിന് ശേഷം മറ്റു നടപടികളിലേക്കു കടക്കും.
ഹജ്ജിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഊന്നല്‍ നല്‍കുന്നത്.ഹജ്ജ് സബ്‌സിഡി കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ തീര്‍ഥാടകര്‍ക്ക് വിമാന നിരക്ക് കുറഞ്ഞ എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് വിമാനം കയറാനുള്ള സൗകര്യമൊരുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, സഊദി ഹജ്ജ് കോണ്‍സുലേറ്റ് എന്നിവയാണ് ഹജ്ജ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഹജ്ജ് ആക്ഷന്‍ പ്ലാന്‍ പുറത്തിറങ്ങുന്നതിനു മുന്‍പായി തന്നെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകരെ സഹായിക്കാന്‍ വളന്റിയര്‍മാരെ നിയമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."