കാനത്തിന് പിണറായി പേടി പാര്‍ട്ടിയിലേയ്ക്കും പടര്‍ന്നുവോയെന്ന ആശങ്കയില്‍ സി.പി.ഐ
.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.പി.എമ്മിനുള്ളിലെ പിണറായിപേടി പാര്‍ട്ടിയിലേയ്ക്കും പടര്‍ന്നുവോയെന്ന ആശങ്കയില്‍ സി.പി.ഐ. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തികച്ചും കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇപ്പോഴത്തെ നിലപാടാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. കൊച്ചിയിലെ പൊലിസ് നടപടി സി.പി.എമ്മും സി.പി.ഐയുമായുള്ള പോരിന് വഴിവയ്‌ക്കേണ്ടതായിരുന്നു.
എന്നാലത് ഇപ്പോള്‍ സി.പി.ഐയിലെ ആഭ്യന്തര പ്രശ്‌നമായി വളര്‍ന്നു. പാര്‍ട്ടിയുടെ യുവ എല്‍.എല്‍.എയും ജില്ലാ സെക്രട്ടറിയും പൊലിസിന്റെ തല്ലുകൊണ്ടു ചികിത്സയിലായിരിക്കേ സംഭവത്തില്‍ ഗൗരവമായി പ്രതികരിക്കാന്‍പോലും കാനം തയാറായില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളില്‍ നടക്കുന്നത്. പൊലിസ് നടപടിയെ വിമര്‍ശിക്കാന്‍ തയാറാകാത്ത പാര്‍ട്ടി സെക്രട്ടറി എം.എല്‍.എയും എറണാകുളത്തെ പാര്‍ട്ടിയും തെറ്റുകാരാണെന്ന നിലപാടാണ് ഇന്നലെ വരെ സ്വീകരിച്ചുപോന്നത്. കാനത്തിന്റെ ഈ പെരുമാറ്റം കൂടെനില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിലെ നേതാക്കളെപ്പോലും അത്ഭുതപ്പെടുത്തുകയാണ്. ഇതിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമായി സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാനത്തിന് പിന്തുണയുമായി എത്തുന്നത്. ഇതോടെ കൂടുതല്‍ പരുങ്ങലിലായതും സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ.
സി.പി.എമ്മില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നതുപോലെ സി.പി.ഐയിലും ഉണ്ടായിരിക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്നതാണു പുതിയ രാഷ്ട്രീയ സാഹചര്യത്തിലുള്ള കാനത്തിന്റെ നിലപാടുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ സമരങ്ങള്‍ വേണ്ടിവരുമെന്നുമുള്ളത് സി.പി.ഐയുടെ പ്രഖ്യാപിത നയമാണ്. വെളിയം ഭാര്‍ഗവനും സി.കെ ചന്ദ്രപ്പനും ഈ നയത്തില്‍ ഒരുമാറ്റവും അവരുടെകാലത്ത് വരുത്തിയില്ല. ഇവര്‍ക്കുശേഷം പിന്നീടുവന്ന പന്ന്യന്‍ രവീന്ദ്രനും പാര്‍ട്ടി നയത്തിനെതിരേ നിന്നില്ല.
കാനം പാര്‍ട്ടി സെക്രട്ടറിയായതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വീര്യത കൈവന്നു. അതുവരെ സി.പി.ഐയില്‍ നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ കാനത്തിന്റെ ഇടപെടലോടെ അപ്പാടെ മാറി. ഒരുകാലത്ത് പാര്‍ട്ടിയില്‍ ശക്തനായിരുന്ന കെ.ഇ ഇസ്മയിലിനൊപ്പം നിന്ന പ്രമുഖരായ നേതാക്കളടക്കമുള്ളവര്‍ പുതിയ പാര്‍ട്ടി സെക്രട്ടറിക്കൊപ്പം നിലയുറച്ചു. സി. ദിവാകരന്റെ കടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ കാനം പക്ഷക്കാരനായി. എറണാകുളത്തെ സി.പി.എം ജില്ലാ നേതൃത്വവുമായി നല്ല രസത്തിലായിരുന്നില്ല സി.പി.ഐ ജില്ലാ സെക്രട്ടറി രാജു. പലപ്പോഴും സി.പി.എമ്മുമായി ഉടക്കിനിന്നിരുന്ന രാജുവിനെ അവരിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചതും കാനത്തിന്റെ ഇടപെടലുകളായിരുന്നു. ഇതോടെ കാനവും രാജുവും തമ്മില്‍ കൂടുതല്‍ അടുത്തു. ഈ ആത്മബന്ധത്തിനാണ് കൊച്ചിയിലെ ലാത്തിച്ചാര്‍ജോടുകൂടി വിരാമമാകുന്നത്.
വിഷയം പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദമാകുമ്പോഴും കാനം തന്റെ നിലപാടില്‍നിന്ന് ഇതുവരെയും മാറിയിട്ടില്ല. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയുമായി വിഷയത്തില്‍ കാനം നിരന്തരം ചര്‍ച്ച നടത്താറുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതും മൂവരും തമ്മിലുള്ള ആലോചനകള്‍ക്കുശേഷമാണ്.
ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള പാര്‍ട്ടി അനുവാദം നേരത്തേതന്നെ എറണാകുളത്തെ പാര്‍ട്ടിക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരുന്നതാണ്. സാധാരണയായി ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ കാനം ശക്തമായി ഇടപെടുന്നതാണ്. എന്നാല്‍ ഇക്കുറി അതുണ്ടായില്ലെന്നു മാത്രമല്ല പൊലിസ് നടപടിയെ പരോക്ഷമായി ന്യായീകരിക്കുകയും ചെയ്തു. ഇതുവഴി പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ തള്ളിപ്പറയുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."