HOME
DETAILS
MAL
ഇവര്‍ ജില്ല ഭരിക്കും
backup
December 31 2020 | 03:12 AM
തിരുവനന്തപുരത്ത്
അഡ്വ.ഡി സുരേഷ് കുമാര്‍
തിരുവനന്തപുരം: അഡ്വ. ഡി. സുരേഷ് കുമാര്‍ ( 42)തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ജില്ലാപഞ്ചായത്തിന്റെ മലയിന്‍കീഴ് ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. നിലവില്‍ സി.പി.എം നേമം ഏരിയാ കമ്മിറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ജില്ലാപഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ ബാലരാമപുരം ഡിവിഷനില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും കരസ്ഥമാക്കി. നെയ്യാറ്റിന്‍കര, പാറശാല, വഞ്ചിയൂര്‍ കോടതികളില്‍ അഭിഭാഷകനാണ്. ഭാര്യ ഗ്രീഷ്മ ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ അദ്വൈത് ജി.സുരേഷ്, അനിരുദ്ധ് ജി.സുരേഷ് എന്നിവരാണ് മക്കള്‍.
കൊല്ലത്ത്
അഡ്വ. സാം കെ. ഡാനിയല്‍
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റൊയി ചടയമംഗലം ഡിവിഷനില്‍ നിന്നുള്ള അഡ്വ.സാം കെ. ഡാനിയല്‍ (51) തെരഞ്ഞെടുക്കപ്പെട്ടു.
സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഇളമാട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരി ആലിസ് പോളാണ് ഭാര്യ. മക്കള്‍: ജമീമ സാം, ജ്യോത്സ സാം, ജെസിക സാം.
പത്തനംതിട്ടയില്‍
അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
പത്തനംതിട്ട: ജില്ലാപഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിന്റെ അഡ്വ. ഓമല്ലൂര്‍ ശങ്കര (68)നെ തെരഞ്ഞെടുത്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശങ്കരന്‍ ഇലന്തൂര്‍ ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. 2000ലും 2005ലും ഇവിടെ നിന്നുതന്നെ വിജയിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. മൂന്നാം വട്ടമാണ് ജില്ലാ പഞ്ചായത്തംഗമാകുന്നത്. നിലവില്‍ കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാന്‍ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും പത്തനംതിട്ട ബാറിലെ അഭിഭാഷകനും ഓമല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തുടര്‍ച്ചയായി 12 വര്‍ഷം ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിദ്യാര്‍ഥി കാലത്തു തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശങ്കരന്‍ ഒരു സംഗീതജ്ഞന്‍ കൂടിയാണ്. അടൂര്‍ പറക്കോട്, വാഴുവേലില്‍ കുടുംബാംഗമായ എന്‍. കൃഷ്ണക്കുറുപ്പിന്റെയും ഓമല്ലൂര്‍ കടുവിനാല്‍ കുടുംബാംഗമായ ഈശ്വരിയമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രമതിയമ്മ (റിട്ട. അധ്യാപിക, കൊടുമണ്‍ ഹൈസ്‌കൂള്‍). മകള്‍: കാവ്യലക്ഷ്മി ബിടെക് ബിരുദധാരിയാണ്.
ഇടുക്കിയില്‍
ജിജി കെ.ഫിലിപ്പ്
തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ജിജി കെ. ഫിലിപ്പ് (46) തെരഞ്ഞെടുക്കപ്പെട്ടു. പാമ്പാടുംപാറ ഡിവിഷനില്‍ നിന്നും വിജയിച്ച ജിജി സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗമാണ്. ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യുവകലാസാഹിതി ജില്ലാ സെക്രട്ടറിയാണ്. അണക്കരയില്‍ നളന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിവരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
പാമ്പാടുംപാറ കുളത്തുങ്കല്‍ ഫിലിപ്പ് സെലീനാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു അധ്യാപികയാണ്. മക്കള്‍: മേഘ, വര്‍ഷ, നക്ഷത്ര.
ആലപ്പുഴയില്‍
കെ.ജി രാജേശ്വരി
ആലപ്പുഴ: മാരാരിക്കുളം ഡിവിഷനില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.ജി രാജേശ്വരി (55) യെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജേശ്വരി നേരത്തെ സ്ഥിരം സമിതി അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സി.പി.എം ജില്ലാ കമ്മിറ്റിഅംഗം, സാമൂഹ്യക്ഷേമ ബോര്‍ഡ് അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ വഹിയ്ക്കുന്നു.
ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച രാജശേഖരനാണ് ഭര്‍ത്താവ്. അധ്യാപകരായ രാഹുല്‍, കല്യാണി എന്നിവര്‍ മക്കളാണ്.
കോട്ടയത്ത്
നിര്‍മല ജിമ്മി
കോട്ടയം: ജില്ലാപഞ്ചായത്ത് അധ്യക്ഷയായി കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തെ നിര്‍മല ജിമ്മി (55) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് കുറവിലങ്ങാട് ഡിവിഷനില്‍ നിന്നുള്ള നിര്‍മല ജിമ്മി പ്രസിഡന്റായത്. നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. 1995 ല്‍ ളാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച് വൈസ് പ്രസിഡന്റൊയി. 2000ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2005ലും 2010ലും ജില്ലാ പഞ്ചായത്തംഗം. 2013-15 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വനിത വികസന കോര്‍പറേഷന്‍, കേരള സ്റ്റേറ്റ് ഹാന്‍ഡികാപ്പ്ഡ് വികസന കോര്‍പറേഷന്‍, പാലാ അര്‍ബര്‍ സൊസൈറ്റി എന്നിവയുടെ ഡയരക്ടര്‍ ബോര്‍ഡ് മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. ഭര്‍ത്താവ് ജിമ്മിച്ചന്‍ ചൂണ്ടച്ചേരി സര്‍വിസ് സഹകരണ ബേങ്ക് ബോര്‍ഡ് അംഗമാണ്. ജിനോ, ജിയോ എന്നിവര്‍ മക്കളാണ്.
എറണാകുളത്ത്
ഉല്ലാസ് തോമസ്
കൊച്ചി: കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ നിന്ന് വിജയിച്ച യു.ഡി.എഫിലെ ഉല്ലാസ് തോമസ് (50) ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2015 മുതല്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള അഞ്ച് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ചുമതലയുള്ള സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
16 വര്‍ഷം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിതാവ് കെ.എ തോമസിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. 1990 ല്‍ പാലക്കുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. 1995 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി പാലക്കുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 1997 മുതല്‍ 14 വര്‍ഷക്കാലം പാമ്പാക്കുട ബ്ലോക്ക് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2012- 2018 വരെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. മറിയാമ തോമസ് ആണ് മാതാവ്. ഭാര്യ: എലിസബത്ത് ഉല്ലാസ്. മക്കള്‍: ആന്‍മറിയം ഉല്ലാസ് (ബി.ആര്‍ക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി), ഷേബാ ലിസ് ഉല്ലാസ് (എല്‍.എല്‍.ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി) തോമസ് ആന്റോ ഉല്ലാസ് (പ്ലസ് വണ്‍ വിദ്യാര്‍ഥി).
തൃശൂരില്‍
പി.കെ ഡേവിസ്
തൃശൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പി.കെ ഡേവിസി(61)നെ തെരഞ്ഞെടുത്തു. 2010-15 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്ന ഡേവിസ് നിലവില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. സി.പി.എം മാള ഏരിയാ സെക്രട്ടറിയും പൊയ്യ പഞ്ചായത്ത് പ്രസിഡന്റും പൊയ്യ സഹകരണബാങ്ക് പ്രസിഡന്റുമായിരുന്നു. ബിരുദത്തിനു ശേഷം 15 വര്‍ഷത്തോളം പാരലല്‍ കോളജ് അധ്യാപകനായി ജോലി ചെയ്തു. പൊയ്യപാറയില്‍ പരേതരായ കുഞ്ഞിപൗലോയുടേയും കൊച്ചുമറിയത്തിന്റേയും മകനാണ്. ഭാര്യ: ആനി. മക്കള്‍: ഡാര്‍വിന്‍ (എന്‍ജിനീയര്‍), ഫ്‌ളെമിന്‍ (പൊയ്യ സഹകരണ ബാങ്ക് ജീവനക്കാരന്‍).
പാലക്കാട്
കെ.ബിനുമോള്‍
പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കുള്ള 30 അംഗ ഭരണസമിതിയില്‍ 27 സീറ്റിന്റെ കരുത്തില്‍ സി.പി.എം അംഗം കെ.ബിനുമോള്‍ ( 50)അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്നു. നേരത്തെ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.എ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ ബിനുമോള്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല പ്രസിഡന്റും സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റിയംഗവുമാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വനിത സബ് കമ്മിറ്റിയിലും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. കണ്ണാടി കാഴ്ചപ്പറമ്പ് സ്വദേശിയായ ബിനുമോള്‍ ചിറ്റൂര്‍ പൊല്‍പ്പുള്ളി രാഘവപുരത്തെ റിട്ട. അധ്യാപകന്‍ ഭാസ്‌കരന്റെ മകളും മുന്‍മന്ത്രി ഇ.കെ. ഇമ്പിച്ചിബാവയുടെ മകന്‍ ജലീലിന്റെ (കഞ്ചിക്കോട് ഐ.ടി.ഐ ജീവനക്കാരന്‍) ഭാര്യയുമാണ്. മക്കള്‍: ബിമല്‍ ബാവ, ബിലാഷ ഭാസ്‌ക്കരന്‍.
മലപ്പുറത്ത്
എം.കെ റഫീഖ
മലപ്പുറം: ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി മുസ്‌ലിം ലീഗിലെ എം.കെ റഫീഖ (41) യെ തെരഞ്ഞെടുത്തു. 2010- 15 കാലയളവില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്രസിഡന്റായിരിക്കെ പുലാമന്തോള്‍ പഞ്ചായത്തിന് സംസ്ഥാന സ്വരാജ് ട്രോഫി, കേന്ദ്ര വയോശ്രേഷ്ടാ സമ്മാന്‍ പുരസ്‌കാരം, ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം, കേന്ദ്ര പഞ്ചായത്ത് ശാക്തീകരണ പുരസ്‌കാരം, ബെസ്റ്റ് ഗ്രാമപഞ്ചായത്ത് ദേശീയ പുരസ്‌കാരം എന്നിവ നേടിയിരുന്നു. 2012 ല്‍ കേന്ദ്ര യുവജന ക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴില്‍ ചൈനാ സന്ദര്‍ശന സംഘത്തിലും 2013ല്‍ തദ്ദേശ മന്ത്രിയുടെ നേതൃത്വത്തിലെ ഒന്‍പതംഗ സൗത്ത് ആഫ്രിക്കന്‍ സന്ദര്‍ശന സംഘത്തിലും അംഗമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് അംഗമാവുന്നത്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങിയത്. ഇത്തവണ ആനക്കയം ഡിവിഷനില്‍ നിന്നും 11,449 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയാണ്. എം.കോം പഠനം പൂര്‍ത്തിയാക്കിയ എം.കെ റഫീഖ പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് ഉമറുദ്ദീന്‍ മൂര്‍ക്കനാട് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. ഹിബ ഷെറിന്‍, മുഹമ്മദ് നിസാം, സഹീന്‍ അഹ്മദ് എന്നിവര്‍ മകളാണ്.
കോഴിക്കോട്
കാനത്തില്‍ ജമീല
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കാനത്തില്‍ ജമീലയെ തെരഞ്ഞെടുത്തു. 1995ലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. തലക്കുളത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റായി. 2010ലാണ് ആദ്യമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്. നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമാണ്. ഓര്‍ഫനേജ് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. ഭര്‍ത്താവ് അബ്ദുറഹ്മാന്‍. മകന്‍: ഐറിജ് റഹ്മാന്‍ അമേരിക്കയിലാണ്. മകള്‍: അനൂജ സഹദ്.
വയനാട്ടില്‍
സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചപ്പോള്‍ യു.ഡി.എഫിലെ സംഷാദ് മരക്കാര്‍ (32) വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച സ്ഥാനാര്‍ഥി കൂടിയാണ് സംഷാദ്. മുട്ടില്‍ ഡിവിഷനില്‍ നിന്ന് 3,970 വോട്ടുകള്‍ക്കാണ് കന്നി മത്സരത്തില്‍ വിജയിച്ചു കയറിയത്. മന്ത്രി പി.കെ ജയലക്ഷ്മിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗവുമായിരുന്നു.
പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കംപ്യൂട്ടര്‍ കൊമേഴ്‌സില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷം മാനന്തവാടി ഗവ. കോളജില്‍ നിന്നും ബികോമില്‍ ബിരുദം നേടി. ബിരുദപഠനകാലത്ത് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റില്‍ തുടങ്ങി, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റായി. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റാണ്. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ്. വരദൂര്‍ ചോലക്കല്‍ മരക്കാര്‍-കുത്സു ദമ്പതികളുടെ മകനാണ്. ഭാര്യ: സീനത്ത്. സഹോദരങ്ങള്‍: നൗഷാദ് മരക്കാര്‍, ഷംസീന.
കണ്ണൂരില്‍
പി.പി ദിവ്യ
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ പി.പി ദിവ്യ(36) യെ തെരഞ്ഞെടുത്തു. കല്യാശേരി ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമാണ്. സി.പി.എം ജില്ലാ കമ്മറ്റിയംഗമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ യൂനിയന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്ന ദിവ്യ സംസ്ഥാന വനിതാ ഫുട്‌ബോള്‍ ടീം അംഗവുമായിരുന്നു. നിരവധി സമരപോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. ഇരിണാവ് സ്വദേശിയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ വി.പി അജിത്താണ് ഭര്‍ത്താവ്. മകള്‍: തേജസ്വിനി.
കാസര്‍കോട്
ബേബി ബാലകൃഷ്ണന്‍
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഒറ്റ സീറ്റിന്റെ ബലത്തില്‍ പ്രസിഡന്റായി എല്‍.ഡി.എഫിലെ ബേബി ബാലകൃഷ്ണന്‍ (46) തെരഞ്ഞെടുക്കപ്പെട്ടു.
1995 ല്‍ എസ്.എഫ്.ഐ നീലേശ്വരം ഏരിയാ കമ്മിറ്റി അംഗമായിരിക്കെ മടിക്കൈയില്‍ 21-ാം വയസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. ബി.എഡ് ബിരുദധാരിയാണ്. അധ്യാപികയായും പ്രവര്‍ത്തിച്ചു. 1998 ല്‍ സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിക്കുന്നതിനു മുന്‍പേ തന്നെ മടിക്കൈയില്‍ ഗ്രാമശ്രീ പ്രൊജക്ട് ബേബിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. 2004ല്‍ ഇന്ത്യയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുത്തു. ബംഗ്ലാദേശില്‍ നടന്ന സാര്‍ക്ക് ബംഗ്ലാദേശ് പരിപാടിയിലും സംബന്ധിച്ചു. 2007 ല്‍ ലണ്ടനും സ്വിറ്റ്‌സര്‍ലന്‍ഡും സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കുടുംബശ്രീയുടെ ആരംഭത്തില്‍ തന്നെ ഗവേണിങ് ബോഡി അംഗമായിരുന്നു.
2018ല്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. നീലേശ്വരം നഗരസഭാ സൂപ്പര്‍വൈസറായി വിരമിച്ച വി ബാലകൃഷ്ണനാണ് ഭര്‍ത്താവ്. ഏകമകന്‍: കിരണ്‍ ബാലകൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."