രണ്ടുകോടി അനുവദിച്ചു; ആദ്യ മറൈന്‍ ആംബുലന്‍സ് ഒന്നര വര്‍ഷത്തിനകം
മലപ്പുറം: കടലില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന മൂന്ന് മറൈന്‍ ആംബുലന്‍സുകളില്‍ ആദ്യത്തേത് ഒന്നര വര്‍ഷത്തിനകം പുറത്തിറങ്ങും. മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണ ചെലവിലേക്ക് ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ അനുവദിച്ച് ഉത്തരവായി.
കടല്‍ ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനു മറൈന്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്താന്‍ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മൂന്നെണ്ണം നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ഫിഷറീസ് വകുപ്പ് കഴിഞ്ഞ ജൂണില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഒരു വര്‍ഷത്തിനകം മൂന്ന് മറൈന്‍ ആംബുലന്‍സുകളും നിര്‍മിച്ച് ഫിഷറീസ് വകുപ്പിനു കൈമാറാനായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ നടപടിക്രമങ്ങളില്‍ വന്ന കാലതാമസം കാരണം നിര്‍മാണം വൈകുകയായിരുന്നു.
ഇപ്പോള്‍ മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പുരോഗമിക്കുകയാണെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ആദ്യത്തേത് ഒന്നര വര്‍ഷത്തിനകം പുറത്തിറങ്ങും. അതു കഴിഞ്ഞ് രണ്ടു മാസത്തിനകം രണ്ടാമത്തേതും പിന്നീട് രണ്ടു മാസത്തിനകം മൂന്നാമത്തേതും പുറത്തിറക്കാനാവുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രതീക്ഷ.
ഒരു മറൈന്‍ ആംബുലന്‍സിന് 6.08 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മാണച്ചെലവ് നിശ്ചയിച്ചത്. മൂന്നെണ്ണത്തിന് മൊത്തം 18.24 കോടി ചെലവു വരും. ഒരു ആംബുലന്‍സിന്റെ വിലയായ 6.08 കോടി രൂപ ഭാരത് പെട്രോളിയം കെമിക്കല്‍സ് ലിമിറ്റഡും (ബി.പി.സി.എല്‍) ഒന്നിന്റെ പകുതി വിലയായ 3.04 കോടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും അവരവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് അനുവദിക്കാന്‍ ധാരണയായിരുന്നു.
ബാക്കി തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കാനായിരുന്നു ധാരണ.
മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കാനും അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ വൈദ്യസഹായം ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ചുമീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലായിരിക്കും മറൈന്‍ ആംബുലന്‍സ്. ഇതിനു മണിക്കൂറില്‍ 14 നോട്ടിക്കല്‍ വേഗതയുണ്ടാകും. ഇരുവശവും വെള്ളത്തില്‍നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കാന്‍ സൗകര്യമുള്ള ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്‌ഫോം ഉണ്ടാകും.
രണ്ടുരോഗികളും പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം ഏഴു പേരെ വഹിക്കാനാവും. പരിശോധന, നഴ്‌സിങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."