ബാരാഹോതിയില്‍ കടന്നു കയറും മുമ്പ് മൂന്നു തവണ ചൈന നിരീക്ഷണം നടത്തി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ബാരാഹോതിയില്‍ അതിക്രമിച്ച് കടക്കുന്നതിനു മുന്നെ ചൈനീസ് സൈന്യം മൂന്നു തവണ ഇവിടെ പരിശോധന നടത്തിയതായി റിപ്പോര്‍ട്ട്. അത്യാധുനിക സിന്തറ്റിക് അപെര്‍ച്ചര്‍ റഡാര്‍ സംവിധാനമുള്ള വിമാനങ്ങളുടെ സഹായത്തോടെയായിരുന്നു ഇത്. ഉത്തര്‍പ്രദേശ്, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയിലാണ് ചൈനീസ് ചാരവിമാനങ്ങള്‍ നിരീക്ഷണം നടത്തിയത്. സാധാരണയെക്കാള്‍ വ്യക്തവും സ്തൂലവുമായ ചിത്രങ്ങള്‍ ലഭിക്കുന്ന റഡാര്‍ സംവിധാനമുള്ളതാണ് വിമാനങ്ങള്‍. ഇക്കഴിഞ്ഞ മാസം 19നായിരുന്നു ചൈന ബാരാഹോതിയില്‍ കടന്നു കയറിയത്.
ഈ വര്‍ഷം ആദ്യത്തോടെയാണ് മൂന്നു തവണ വ്യോമനിരീക്ഷണ പറക്കല്‍ നടന്നത്. ശത്രുസങ്കേത പരിശോധനയെന്നറിയപ്പെടുന്ന നിരീക്ഷണത്തിന് ഉപയോഗിച്ച വിമാനങ്ങള്‍ക്ക് നാല്പതിനായിരത്തിനും അറുപതിനായിരത്തിനും അടി ഉയരത്തില്‍ പറക്കാനാവും.
ചൈനയുടെ ഈ നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥര്‍ ബാരാഹോതിയില്‍ നിരീക്ഷണത്തിന് എത്തിയപ്പോഴാണ് ചൈനീസ് സേനയുടെ സാന്നിധ്യം കണ്ടത്. ഇരു സൈന്യവും ഒരു മണിക്കൂറോളം മുഖാമുഖം നിന്ന് പിന്‍മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."