മാലിന്യപ്രശ്‌നം: തദ്ദേശ സ്ഥാപനങ്ങള്‍ എന്തിനു മടിച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: മാലിന്യം പൊതുയിടങ്ങളില്‍ തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്തിനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മടിച്ചു നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതലക്കുളത്ത് സംഘടിപ്പിച്ച സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ മേഖലകളിലും നാം മുന്നോട്ടുപോയെങ്കിലും മാലിന്യ നിര്‍മാര്‍ജനത്തില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍വം സ്ഥലത്ത് ഇതിനു മാറ്റമുണ്ടെങ്കിലും കേരളത്തെ മൊത്തമായി എടുത്താല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങള്‍ പലയിടത്തും സംസ്‌കരിക്കപ്പെടുന്നില്ല. ഹോട്ടലുകളിലെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരിച്ചാല്‍ പ്രശ്‌നം തീരും. എന്നാല്‍ ഇത്തരം മാലിന്യം പൊതുസ്ഥലത്ത് തള്ളുകയാണ്. ഇതിനെതിരേ ഫലപ്രഥമായി ഇടപെടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ശങ്കയും നാട്ടിലെ മാലിന്യവും നീങ്ങുന്നില്ലെന്നും പിണറായി പറഞ്ഞു.
ദേശീയപാതയുടെയും ജലപാതയുടെയും ഗെയ്ല്‍പൈപ്പ് ലൈനിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വികസനത്തിനൊപ്പമാണ്. സര്‍ക്കാരിന്റെ ഉറച്ച നിലപാട് പ്രതിഷേധങ്ങളെ കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിയ്ക്കു വേണ്ടി സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി വരികയാണ്. ആവശ്യമുള്ള മുഴുവന്‍ ഭൂമിയും ഉടന്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ട. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന നഗരങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുമെന്ന് ഗെയ്ല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി വരുന്നതോടെ ഓരോ വീടിന്റെ അടുക്കളയിലും പൈപ്പ് വഴി ഗ്യാസ് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണകര്‍ത്താക്കള്‍ക്ക് മാത്രമല്ല ഭരണ സംവിധാനത്തിനും ജീര്‍ണതയും ദുഷിപ്പും ബാധിച്ചിരുന്നുവെന്നും ഇങ്ങനെ ദുഷിച്ചുപോയവരെ മാറ്റിയെടുക്കാന്‍ കുറച്ചുസമയം വേണ്ടി വരും. സര്‍ക്കാരിന് വികസനവും ജനക്ഷേമവും സംബന്ധിച്ച് മികച്ച പദ്ധതിയുണ്ട്. എന്നാല്‍ ഇതു നടപ്പിലാക്കേണ്ടവര്‍ ദുഷിച്ച് നില്‍ക്കുകയാണ്. കേന്ദ്രം നടപ്പിലാക്കിയ നോട്ട് നിരോധനം സഹകരണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതു സര്‍ക്കാരിന്റെ ആദ്യകാലത്തെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും പിണറായി അഭിപ്രായപ്പെട്ടു.
മുന്‍ സര്‍ക്കാര്‍ നിയമവും നീതിയും ചട്ടവും ലംഘിച്ച് നാടിന്റെ സിസ്റ്റം തകര്‍ത്തുവെന്നും പിണറായി കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ ജീര്‍ണത മാറ്റുകയാണ് ആദ്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും അവഗണിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ചില പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും അതു പാവപ്പെട്ടവരുടെ താല്‍പര്യം സംരക്ഷിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍, എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, എ. പ്രദീപ്കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, എളമരം കരീം, എ.കെ പ്രേമജം, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."