സിറിയയില്‍ പത്തു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 103 സാധാരണക്കാര്‍
26 കുട്ടികളും കൊല്ലപ്പെട്ടു ബോംബിട്ടത് സ്‌കൂളുകളിലും ആശുപത്രികളിലും
ദമസ്‌കസ്: സിറിയയിലെ വിമതരെ ലക്ഷ്യംവച്ച് സര്‍ക്കാര്‍ സൈന്യവും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തില്‍ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 103 സാധാരണക്കാര്‍. ഇതില്‍ 26 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി മിച്ചലെ ബാച്ച്‌ലറ്റ് പറഞ്ഞു. സിവിലിയന്‍ കേന്ദ്രങ്ങളെയാണ് ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. .
റഷ്യ ഉള്‍പ്പെടെ നടത്തിയ ബോംബിങില്‍ നിരവധി സ്‌കൂളുകളും ആശുപത്രികളും കച്ചവടകേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. മൂന്നു മാസത്തിനിടെ സിറിയയില്‍ നിന്നു പലായനം ചെയ്തത് നാലു ലക്ഷം പേരാണ്.
പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ എതിര്‍ക്കുന്നവര്‍ അവശേഷിക്കുന്ന ഉത്തര പടിഞ്ഞാറന്‍ മേഖലയിലാണ് റഷ്യയും സര്‍ക്കാര്‍ സേനയും ബോംബിടുന്നത്. ഇത് വെടിനിര്‍ത്തല്‍ ലംഘനമാണെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി കുറ്റപ്പെടുത്തി. വ്യോമാക്രമണം നടക്കുന്ന ഭാഗത്ത് 30 ലക്ഷം ജനങ്ങളുണ്ട്. ഇതില്‍ പകുതിയോളം പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തു കഴിഞ്ഞു.
അലപ്പോ, ഹമ, ലതാകിയ പ്രവിശ്യകളുടെ ഭാഗങ്ങളും ഇദ്‌ലിബുമാണ് ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്. ഏപ്രില്‍ അവസാനം മുതല്‍ നടന്ന ബോംബിങ്ങിലും ഷെല്ലാക്രമണത്തിലും 730 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നു.
മൂന്നു മാസത്തിനിടെ 450 പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പറയുന്നത്. മാറാത്ത് അല്‍ നുമാന്‍ മാര്‍ക്കറ്റില്‍ റഷ്യ നടത്തിയ ബോംബിങ്ങില്‍ മാത്രം 39 പേരാണ് കൊല്ലപ്പെട്ടത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ 39 തവണ വ്യോമാക്രമണം നടന്നു. 50 സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."