ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം മനസ് നിറയട്ടെ
'മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടേണ്ട നിങ്ങളുടെ ഫ്രണ്ട് ആര് ' എന്നൊക്കെ ചോദിച്ചുകൊണ്ട്, ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഫോട്ടോ സഹിതം കറങ്ങിനടക്കുന്ന ഒരു ട്രോള്‍ പല വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഒക്കെയായി പലപ്പോഴും കണ്ടിട്ടുണ്ടാകും. തമാശ എന്ന പേരില്‍ ഇതൊക്കെ ഇറക്കിവിടുന്നവര്‍ ആലോചിച്ചിട്ടുണ്ടോ, എത്ര വലിയ തെറ്റാണു സമൂഹത്തോടും അതിലെ ഒരു വലിയ ശതമാനം ജനങ്ങളോടും അവര്‍ ചെയ്യുന്നതെന്ന്. അതൊരു തമാശയാണെന്നു നിങ്ങള്‍ വീണ്ടും വിശദീകരിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ പറയട്ടെ, അതു നിങ്ങളുടെ വിവരക്കേടും ക്രൂരതയുമാണ്. മറ്റേതൊരു രോഗത്തെ പോലെയും ഗൗരവമര്‍ഹിക്കുന്ന ഒന്നാണ് മനോരോഗങ്ങളും. പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയ ഒന്നല്ല അത്.
പൊതുജനങ്ങളില്‍ മാനസികാരോഗ്യ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ, ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആഘോഷിച്ചുവരുന്നുണ്ട്. 1992ലാണ് ആദ്യമായി മാനസികാരോഗ്യ ദിനാചരണം ആരംഭിച്ചത്. ലോകത്ത് മുതിര്‍ന്നവരില്‍ നാലുപേരില്‍ ഒരാളും, കുട്ടികളില്‍ പത്തുപേരില്‍ ഒരാളും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ മാനസിക രോഗങ്ങളില്‍ ഏതാണ്ടു പകുതിയും ആരംഭിക്കുന്നത് പതിനാല് പതിനഞ്ചു വയസോടു കൂടിയാണ്. അതുകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുതുതലമുറയുടെ മാനസികാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യവും അതു തന്നെയാണ്. കൗമാരവും യൗവനത്തിന്റെ തുടക്കവും മാറ്റങ്ങളുടെ കാലമാണെന്നു നമുക്കറിയാം. ശാരീരികവും മാനസികവും ജൈവശാസ്ത്രപരവുമൊക്കെയായി മനുഷ്യന്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയനാവുന്ന കാലം.
ആവേശം, ആശങ്ക, ഭയം എന്നിങ്ങനെ പല വൈകാരികമായ അവസ്ഥകള്‍ പലര്‍ക്കും പല രീതിയില്‍ മാറിമറിഞ്ഞുവരുന്നു. പരീക്ഷകള്‍, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, ആത്മഹത്യാപ്രവണത, മയക്കുമരുന്ന്, ലഹരി എന്നിവയുടെ ദുരുപയോഗം തുടങ്ങിയവ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
നല്ല മാനസികാരോഗ്യം ഉണ്ടാവുകയെന്നാല്‍, ഒരു വ്യക്തിയും ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാടും തമ്മില്‍ നല്ലൊരു ബാലന്‍സിങ് ഉണ്ടാവുക എന്നുകൂടിയാണ്. ഒരു വ്യക്തിയുടെയും മറ്റുള്ളവരുടെയും വികാരവിചാരങ്ങള്‍ തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുകയും അതു നിലനിര്‍ത്തിപ്പോകാന്‍ കഴിയുകയും ചെയ്യുക എന്നും പറയാം.
മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും മാനസിക ക്രമക്കേടുകള്‍ക്കുമുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:
ി ജനിതക തകരാറുകള്‍
ി തലച്ചോറിന്റെ ഘടനയിലും
പ്രവര്‍ത്തനത്തിലുമുള്ള വ്യതിയാനങ്ങള്‍
ി മാനസികാഘാതങ്ങള്‍
ി വ്യക്തിത്വത്തിലുള്ള മാറ്റങ്ങള്‍
ി പെരുമാറ്റം, ശീലങ്ങള്‍
(ഉദാ: പുകവലി, മദ്യപാനം)
ി സാമൂഹികാന്തരീക്ഷം
മനോരോഗങ്ങള്‍ തിരിച്ചറിയപ്പെടുന്നത് ഒരു വ്യക്തിയുടെ പെരുമാറ്റം, ചിന്ത, വികാരങ്ങള്‍, ഓര്‍മ തുടങ്ങിയവയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍ വഴിയാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങളെ തിരിച്ചറിയുക, കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നുള്ളിടത്താണു സമൂഹത്തിന്റെയും ആരോഗ്യമേഖലയുടെയും പങ്കുള്ളത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കേണ്ട ഒന്നാണ്, അത്തരം പ്രശ്‌നങ്ങള്‍ക്കു ചികിത്സ നേടുകയെന്നുള്ളത് ഒരു അപരാധമോ നാണക്കേടോ ആണ് എന്നുള്ള ചിന്തയും സമീപനവുമാണ് ആദ്യം മാറ്റേണ്ടത്.
ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങള്‍ ഉണ്ടാവുക, സമൂഹത്തില്‍നിന്നുള്ള ഒറ്റപ്പെടല്‍, യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, അമിതമായ ദേഷ്യം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെയോ നിങ്ങളുടെ പ്രിയപ്പെട്ടവരിലോ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. നല്ല ചിന്തകള്‍ക്കും നല്ല ചുറ്റുപാടുകള്‍ക്കും നല്ല കൂട്ടുകെട്ടുകള്‍ക്കും വേണ്ടി പരിശ്രമിക്കുക. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍ കണ്ടെത്തുക. മനുഷ്വത്വത്തിന്റെ ഒരു ചെറിയസ്പര്‍ശം, ലോകത്തിനുനേര്‍ക്കുള്ള വിശാലമായ കാഴ്ചപ്പാട്, കൃത്യസമയത്ത് വൈദ്യസഹായം ഇത്രയും കാര്യങ്ങള്‍ കൊണ്ട് ലോകം കുറേക്കൂടെ മനോഹരമാക്കി മാറ്റാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."