ഭക്തിയും വിഭക്തിയും
മകന്‍ വിദേശത്തുനിന്നു വന്നിട്ടുണ്ട്. അവധിക്കാലമാകുമ്പോള്‍ ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്. മകനും മകളുമൊക്കെ വല്ലപ്പോഴും ഇങ്ങനെ എത്തുമ്പോഴല്ലാത്തപ്പോള്‍ വല്ലാതെ ഒറ്റപ്പെട്ടുപോകുകയാണ്. ഭാനു കൂടെയുണ്ടായിരുന്നപ്പോള്‍ ഒരാശ്വാസമായിരുന്നു. ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായിരുന്നെങ്കിലും അവള്‍ പോയപ്പോഴാണ് അവളുടെ വിലയറിയുന്നത്. ഒരാള്‍ കൂട്ടിനുള്ളപ്പോള്‍ അതിന്റെ വില നാം അറിയാതെ പോകുന്നു. വിരസതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോഴാണ് ഒരു കൈത്താങ്ങിന് ആഗ്രഹിച്ചുപോകുന്നത്. സാന്ത്വനത്തിന്റെ ഒച്ചയനക്കത്തിന് കാതോര്‍ത്തുപോകുന്നത്.
കുറേനാള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കുപോയി നോക്കി. കുറേയായപ്പോള്‍ അതു മടുത്തു. ജോലിക്കായി പോയതല്ല, വിരസതയ്ക്ക് ആശ്വാസമാകുമല്ലോ എന്നു കരുതി. സര്‍ക്കാര്‍ ജോലിക്കു പോകുമ്പോഴും എങ്ങനെയെങ്കിലും വിരമിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു എപ്പോഴും. അപ്പോള്‍ കൂട്ടിന് ഭാനുവും മക്കളുമുണ്ടായിരുന്നു. പിന്നെ മക്കള്‍ ഓരോ വഴിക്കുപോയി. ഭാനുവും അധികം വൈകാതെ യാത്ര പറഞ്ഞു.
പണ്ടൊക്കെ മക്കളും ചെറുമക്കളുമൊക്കെ വരുമ്പോള്‍ ചിരിയും കളിയുമായി ആകെ ബഹളമായിരുന്നു. കുറേനാളായി അതും ഇല്ലാതായി. എല്ലാവരും ചാറ്റിന്റെയും ഫേസ്ബുക്കിന്റെയും വാട്ട്‌സ് ആപ്പിന്റെയുമൊക്കെ ലോകത്തായതു കൊണ്ട് എത്ര പേരു വന്നാലും ഒരു ബഹളവുമില്ല. അച്ഛന്‍ ലാപ്‌ടോപ്പുമയി ഒരു മുറിയില്‍. അമ്മ മൊബൈലുമായി വേറൊരു മുറിയില്‍. മക്കള്‍ ടാബും മൊബൈലുമായി അവരവരുടെ ലോകത്ത്..
''അച്ഛാ, ഞാനൊരു കാര്യം അച്ഛനോട് പറയണമെന്ന് വിചാരിക്കുകയായിരുന്നു.'' ആലോചനകള്‍ക്കു വിരാമമിട്ട് മകന്റെ ചോദ്യം. ഔപചാരികത കണ്ടപ്പോള്‍ അയാള്‍ക്കു സംശയമായി. സ്വത്ത് ഭാഗംവയ്ക്കുന്ന കാര്യം വല്ലതും പറയാനാണോ?
''നമുക്ക് എല്ലാവര്‍ക്കും കൂടി ഒരു തീര്‍ഥയാത്രയ്ക്ക് പോയാലോ?'' മകന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമാണു തോന്നേണ്ടിയിരുന്നത്. പക്ഷേ..
അച്ഛന്‍ മറുപടി പറയാതിരുന്നതുകൊണ്ടാകാം മകന്‍ ചോദിച്ചു..''അച്ഛന്റെ അഭിപ്രായമെന്താണ്? നമുക്ക് ഗുരുവായൂര്‍, പഴനി ഒക്കെ ഒന്ന് പോയിട്ടുവന്നാലോ. അച്ഛന്റെ ഈ മടുപ്പൊക്കെ ഒന്നു മാറിക്കിട്ടും. നീതുവിനും കുട്ടികള്‍ക്കും പോയാല്‍ കൊള്ളാമെന്നുണ്ട്.''
തെല്ലു നിശബ്ദതയ്ക്കുശേഷം അച്ഛന്‍ പറഞ്ഞു. ''ഇപ്പോള്‍ വേണ്ട മോനെ, അടുത്ത അവധിയ്ക്കു വരുമ്പോഴാകാം. നിങ്ങള്‍ പോയിട്ടുവരൂ.. ഭാര്യയുടെയും മക്കളുടെയും ആഗ്രഹം മുടക്കണ്ട.''
അച്ഛന്റെ മറുപടി കേട്ടപ്പോള്‍ മകനു സന്ദേഹം, എന്തേ അച്ഛന്‍ ഇങ്ങനെ പറയാന്‍.. പക്ഷേ അച്ഛന് യാതൊരു സന്ദേഹവുമില്ലായിരുന്നു. 'നടതള്ള'ലിനെക്കുറിച്ചുവന്ന റിപ്പോര്‍ട്ട് വായിച്ചു പത്രം മടക്കിവച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ അയാള്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."