പപ്പായ കൃഷിയില്‍ വിജയം വരിച്ച് ആന്റണി
കോതമംഗലം: പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പപ്പായ കൃഷി വന്‍വിജയമായതിന്റെ ആശ്വാത്തിലാണ് ചെങ്കര സ്വദേശി ആന്റണി.
നടത്തിവന്നിരുന്ന മറ്റെല്ലാകൃഷികളിലും നഷ്ടം നേരിട്ട് നട്ടംതിരിഞ്ഞിരുന്ന അവസരത്തിലാണ് വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ ആന്റണി പപ്പായ കൃഷിയാരംഭിച്ചത്. ലാഭകരമെന്ന് ബോധ്യപ്പെട്ടതോടെ സമീപത്ത് രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിപൂലീകരിച്ചിരിക്കുകയാണിപ്പോള്‍ ഈ നാട്ടുംപുറത്തുകാരന്‍.
തായ്‌വാനില്‍ കാണപ്പെടുന്ന റെഡ്‌ലേഡി ഇനത്തില്‍പ്പെട്ട പപ്പായ ആണ് ആന്റണി കൃഷിയിറക്കിയിട്ടുള്ളത്. വിത്ത് ഇറക്കുമതിചെയ്ത് മുളപ്പിച്ച് നിശ്ചിത അകലത്തില്‍ ഒരേ അളവില്‍ കുഴികളെടുത്ത് തൈകള്‍ നട്ടാണ് ആന്റണി പപ്പായതോട്ടം തയ്യാറാക്കിയിട്ടുള്ളത്. എട്ടുമാസം മൂപ്പെത്തുമ്പോള്‍ മുതല്‍ വിളവെടുക്കാം. തറനിരപ്പില്‍ നിന്നും അധികം ഉയരുന്നതിനുമുമ്പേ കായ്ച്ചുതുടങ്ങും. ഇതിനാല്‍ വിളവെടുപ്പും എളുപ്പമാണ്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. മൂന്നാഴ്ചവരെ പഴം കേടാവില്ലന്നതാണ് ഈ ഇനത്തിന്റെ പ്രധാന പ്രത്യേകത.
മൂപ്പെത്തിയ പപ്പായ ഒരുകിലോയോളം വരുമെന്നും ഇതിന് വിപണിയില്‍ 30, 35 രൂപയാണ് വിലയെന്നും ആന്റണി വ്യക്തമാക്കി. തോട്ടത്തില്‍ വന്ന് അടങ്കല്‍ കച്ചവടം നടത്തി പപ്പായ എടുക്കാന്‍ വ്യാപാരികള്‍ എത്തിതുടങ്ങിയത് വിപണനം എളുപ്പമാക്കിയിട്ടുണ്ടെന്നും ആന്റണി തുടര്‍ന്നു പറഞ്ഞു.
ഔഷധമൂല്യമാണ് ഈ ഇനത്തില്‍പ്പെട്ട പപ്പായക്ക് വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നത്. ആന്റി ഓക്‌സീകരണത്താല്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ പപ്പായക്കുള്ള പങ്ക് നിര്‍ണായകമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മൂലക്കുരു, ദഹനക്കേട് , കൂടല്‍വൃണം എന്നിവ ഇല്ലാതാക്കന്‍ പപ്പായ സിദ്ധ ഔഷൗധമാണെന്നാണ് പഴമക്കാര്‍ നല്‍കുന്ന വിവരം.
ഡങ്കിപ്പനി ചികിത്സയില്‍ രക്തത്തില്‍ കൗണ്ട് കൂടാന്‍ അലോപ്പതി ഡോക്ടര്‍മാര്‍പോലും നിര്‍ദ്ദേശിച്ചിരുന്ന പ്രധാന പ്രതിവിധി പപ്പായ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."