പാര്‍ട്ടി മെമ്പര്‍ഷിപ്പില്ലാത്ത ചിന്തകള്‍
മൂന്നു ദശകക്കാലത്തിനിടയില്‍ ടി.എന്‍ ജോയ് എഴുതിയ ദാര്‍ശനികവും രാഷ്ട്രീയവുമായ കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കാലാനുക്രമികമായ ഒരു ചേര്‍ത്തുവയ്പ്പല്ല, തോന്നുംപടിയുള്ള അഴിച്ചുവയ്ക്കലാണു നടത്തിയിട്ടുള്ളത്. കുറിപ്പുകള്‍ എന്നു പറഞ്ഞെങ്കിലും എഴുത്തുരൂപം സംബന്ധിച്ചു ചില ശാഠ്യങ്ങള്‍ എഴുത്തുകാരനുണ്ട്. ഏതെങ്കിലും അംഗീകൃത രൂപത്തില്‍ (ലേഖനം, പ്രബന്ധം, പഠനം) ഒതുങ്ങിനില്‍ക്കാന്‍ അവ വിസമ്മതിക്കുന്നു. തന്റെ സ്വപ്നം തന്നെ 'പേജുകള്‍ കുറഞ്ഞുകുറുകിയ, ഒരധ്യായം മാത്രമുള്ള സമഗ്രശില്‍പമാവണം പുസ്തകവും ജീവിതവും' എന്നതാണെന്ന് ഒരിടത്തു പറയുന്നുണ്ട്. സോവിയറ്റ് പതനത്തിനും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനും ശേഷം എഴുതിയ ശേഷം എഴുതിയ രാഷ്ട്രീയക്കുറിപ്പുകളിലാണു സാധാരണ എഴുത്തുരീതി അവലംബിച്ചുള്ള ദീര്‍ഘലേഖനങ്ങള്‍ കാണുന്നത്. ആ ലേഖനങ്ങളില്‍ ആഖ്യാതാവിന്റെ സ്ഥാനത്ത് ഒരു 'നമ്മള്‍' കാണാനുമുണ്ട്. പിന്നീട് ഈ നമ്മള്‍ ഇല്ല; ഉള്ളത് ഉള്ളവര്‍ക്കിടയിലെ വിനിമയങ്ങള്‍. ചിലപ്പോള്‍ കത്തായി, ശിഥിലചിന്താകുറിപ്പുകളായി.. പ്രബന്ധം എന്നു കസേരയിട്ടിരുത്താന്‍ പറ്റാത്ത മറ്റു പല രൂപങ്ങളും എടുത്ത്. ചിതറിയും മുറിഞ്ഞും, സുഘടിതമാകാതെ... ചിലേടത്ത് ഫുള്‍സ്റ്റോപ്പുകള്‍ ആശ്ചര്യചിഹ്നങ്ങളിലേക്കു തുളുമ്പി... ആശ്ചര്യചിഹ്നങ്ങള്‍ ചോദ്യചിഹ്നങ്ങളാല്‍ അടക്കിനിര്‍ത്തപ്പെട്ട്. മിക്കപ്പോഴും ഭൂതമൊഴിയാലും അനുബന്ധത്താലും സ്വശരീരത്തെ തിരിഞ്ഞുനോക്കി.
ഈ കുറിപ്പുകളൊന്നും തന്നെ തീരുകയല്ല, 'തോരുക'യാണ്. രേഖീയമായ ആഖ്യാനത്തോടും ആത്മകഥാഖ്യാനത്തോടുമുള്ള ഈ നിഷ്ഠ വിടാത്ത എതിര്‍പ്പ് ജോയിയ്ക്കു ലഭിക്കുന്ന സ്വീകരണത്തെ നീട്ടിവയ്ക്കുന്നുണ്ട്. 'ഞാന്‍ കലണ്ടര്‍ ചരിത്രങ്ങള്‍ക്ക് എതിരാണ്. ചരിത്രരാഹിത്യമാണ് എന്റെ ശരീരത്തിനു യോജിച്ചത്. എനിക്കു ഭീകരസ്വപ്നം പോലെയാണു തുടര്‍ച്ചയുള്ള ക്രമമായ പറച്ചില്‍ എന്നത്.'
അതുകൊണ്ട് ആദ്യം ഈ സമാഹാരത്തിന് ആലോചിച്ചു വേണ്ടെന്നുവച്ച ഒരു പേര് 'അലക്കുലുത്ത് ' എന്നായിരുന്നു!
രണ്ട്
ഈ കുറിപ്പുകള്‍ക്കു പശ്ചാത്തലമായ മൂന്നു ദശകങ്ങള്‍ക്കുംമുന്‍പാണ് നക്‌സലൈറ്റ് നേതാവെന്ന നിലയ്ക്കുള്ള ജോയിയുടെ ജീവിതം. ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖങ്ങളില്‍ അക്കാല ജീവിതത്തിന്റെ ശ്ലഥചിത്രങ്ങളുണ്ട്. നക്‌സലൈറ്റ് എന്നതിന് ആലോചിക്കാവുന്ന നല്ലൊരു ഉപമ ഫിലിപ്പ് എം. പ്രസാദാണു പറഞ്ഞുകണ്ടിട്ടുള്ളത്. 'അമിതമായി താക്കോല്‍ തിരിച്ചു തറയില്‍ വച്ച കളിപ്പാട്ടം'. ജോയ് എഡിറ്റ് ചെയ്ത 'ഇങ്ങനെയും കുറെ മലയാളികള്‍' എന്ന പുസ്തകത്തില്‍ ഇതേ പേരിലെഴുതിയ ലേഖനത്തില്‍ ഫിലിപ്പ് എം. പ്രസാദ് ഇങ്ങനെ പറയുന്നു: 'എന്തേ ഞാന്‍ മാത്രം ഇങ്ങനെയായിപ്പോയി? എന്റെ ജ്യേഷ്ഠന്‍ എത്ര സുഖമായി കഴിയുന്നു. എന്റെ അയല്‍ക്കാര്‍. എത്ര സുഖം അവരുടെ സാധാരണ ജീവിതങ്ങള്‍ക്ക്. ചില കളിപ്പാട്ടങ്ങളുണ്ട്. അമിതമായി താക്കോല്‍ കൊടുത്ത് തറയില്‍ വിട്ടാല്‍ കുതിച്ചും ചാടിയും ചുറ്റിക്കയറിയും ബഹളംവയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ ! തുള്ളലും ചാട്ടവും.. കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇതൊരു ഹരമാണ്. നല്ല കൂത്ത്. കാണാന്‍ നല്ല രസം.'
ഗാലറിയിലിരുന്നു യുദ്ധം ജയിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി മനസ് ഫിലിപ് എം. പ്രസാദ് കൃത്യമായിട്ടാണു വായിച്ചെടുത്തത്. ചായക്കടയിലിരുന്ന് അജിതയുടെ വിശേഷമന്വേഷിക്കുമ്പോള്‍, താന്‍ കണ്ടിരുന്നു, രണ്ടു കുട്ടികളുണ്ട്, സന്തോഷമായിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചായക്കടക്കാരന്റെ മുഖം ഇരുളുന്നത് അദ്ദേഹം വിവരിക്കുന്നു. ചായക്കടക്കാരനപ്പോള്‍ പഴയ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖഭാവം.
ഒരിക്കല്‍ നക്‌സലൈറ്റ് ആയൊരാളെ ഗാലറിപ്രതീക്ഷകളുടെ വമ്പിച്ചഭാരം സദാ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഗാലറിയെ അഭിസംബോധന ചെയ്ത് ജോയ് ഇങ്ങനെ പറയുന്നു: 'നിങ്ങള്‍ ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണു ജീവിക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ (ഭീരുത്വത്തിന്റെ തന്നെയോ) അനുഭാവിയാകുമ്പോള്‍ ചോരുന്നത് അവനവനായിത്തീരലിന്റെ ആര്‍ജവമാണ്.' ഇതും കഴിഞ്ഞ് ഗാലറികളെ തീര്‍ത്തും നിരാശപ്പെടുത്തി അവരോട് ഒരാഹ്വാനവും കൂടി നടത്തുന്നു:' റൊമാന്റിക് അനുഭാവികളോട് പഴയ പടക്കുതിരകള്‍, പണ്ട് കൈയടിവാങ്ങുകയും രക്തസാക്ഷിത്വങ്ങളിലേക്കു മുന്നേറാതിരിക്കുകയും ചെയ്തവര്‍ എന്തോ വിമ്മിട്ടപ്പെട്ടു പറയുന്നുണ്ട്: 'ഇനി നിങ്ങള്‍ അനുഭാവികള്‍ യുദ്ധം ചെയ്തു ജയിലില്‍ പോകുക-ഞങ്ങളല്‍പ്പം കൈയടിച്ചോട്ടെ!'
മൂന്ന്
നീണ്ട വാചകങ്ങളോടും പ്രബന്ധരൂപത്തോടുമൊക്കെയുള്ള വിപ്രതിപത്തി യാദൃച്ഛികമോ ആലസ്യം നിമിത്തമോ അല്ല. ഉത്തരങ്ങള്‍ തൃപ്തികരമല്ലെങ്കിലും രീതി നന്നായാല്‍ മതി എന്ന അക്കാദമിക് വൃത്തിബോധത്തോടുള്ള ഒരു പ്രതിരോധം ജോയിയുടെ എഴുത്തില്‍ ആദ്യന്തമുണ്ട്. ജോയി വായിച്ച പുസ്തകങ്ങള്‍ എഴുത്തിന്റെ ശരീരത്തിലില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലികരായ സുഹൃത്തുക്കളുടെ എന്ന പോലെ 'കാലഹരണപ്പെട്ട' ലുക്ക് അവയ്‌ക്കൊന്നിനും തന്നെയില്ല.
അക്കാദമികമല്ല ജോയിയുടെ മാര്‍ഗമെന്ന് ഇതിനെ കാല്‍പനികവല്‍ക്കരിക്കേണ്ടതില്ല. എഴുത്തുരീതികളില്‍ തന്നെ പരീക്ഷണം നടത്തുന്ന, അക്കാര്യത്തില്‍ വീഴ്ചയില്ലാത്ത അച്ചടക്കം പാലിക്കുന്ന ഒരു ഭിന്നമായ അക്കാദമികമാര്‍ഗമാണ് അദ്ദേഹത്തിന്റേത്. എത്ര ചെറുതായാലും, വേദി ഏതായാലും ജോയ് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമാണു നടത്താറ്. അതിന്റെ കാരണം ഇങ്ങനെ വിശദീകരിക്കുന്നു: 'മറ്റുള്ളവരുടെ വാദമുഖങ്ങളില്‍നിന്ന് ഒരു അഭിപ്രായം രൂപപ്പെടുന്നതു താരതമ്യേന എളുപ്പമാണ്. നമ്മള്‍ സ്വന്തമായി ചിന്തിക്കാതിരിക്കുകയും ആരെങ്കിലും ചിന്തിച്ചുറപ്പിച്ച് എന്തെങ്കിലും പറയുമ്പോള്‍ മാത്രം ചാടിവീഴുകയും ചെയ്യുന്ന അലസഭാഷണം.' ജോയി സംസാരിക്കുന്നത് അക്കാദമികേതരമായ വേദികളിലും സന്നര്‍ഭങ്ങളിലും ആണെന്നതാണു കൗതുകകരമായ കാര്യം. ആ സംസാരങ്ങളും എഴുത്തുകളും ഒരു അനന്തര ജീവിതം കാംക്ഷിക്കുന്നു; അര്‍ഹിക്കുന്നു.
അതുകൊണ്ട് ഈ സമാഹാരം.
'തത്ത്വചിന്തയുടെ ചരിത്രത്തില്‍ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആലോചനകള്‍-ആരുടെ ചോദ്യങ്ങള്‍ക്ക് ആരൊക്കെ ഉത്തരം പറഞ്ഞു, എന്തൊക്കെ ഉത്തരങ്ങള്‍ തൃപ്തികരമാണ് എന്നൊക്കെ സാധാരണഗതിയില്‍ സുഗമമായി പുരോഗമിക്കുന്ന സുഗമമായ രീതി-പക്ഷെ എന്താണ് ഉത്പാദിപ്പിച്ചത്? എനിക്കു സ്വന്തം ചോദ്യങ്ങളില്ലാത്തതു കൊണ്ട് മറ്റൊരാളുടെ ഉത്തരങ്ങള്‍ പരിശോധിക്കുന്നു എന്ന നഗ്നതയോ?'
സ്വന്തം അന്വേഷണങ്ങളിലുള്ള അസ്തിത്വപരമായ സമര്‍പ്പണം നിമിത്തം വ്യാകരണശുദ്ധിയുള്ള അതിവ്യക്തതകളുടെ ധാരാളിത്തത്തിനിടയില്‍ പ്രതിസ്വനമായി തിരിഞ്ഞുനില്‍ക്കാനും 'ഔപചാരിക പരിശീലനത്തിന്റെ-ക്ലാസ്മുറിയിലെ അധ്യാപനവ്യക്തതയുടെ (അത്രയൊന്നും മോശമല്ലാത്ത) അധികഭാരം-ഭാരം തന്നെയാണെ'ന്നു പ്രഖ്യാപിക്കാനും 'ഒരാളില്‍നിന്നു പകര്‍ത്തുന്നത് ശിക്ഷാര്‍ഹമായ മോഷണം! പലയാളുകളില്‍നിന്നാകുമ്പോള്‍ ഗവേഷണ പ്രബന്ധം' എന്ന് അപകടസൂചന നല്‍കാനും ജോയിക്കാവുന്നു.
നാല്
ആശിഷ് നന്ദി സമ്പൂര്‍ണ കൃതികളില്‍ ഒരു വാല്യത്തിന് ഡി.ആര്‍ നാഗരാജ് ആണ് ആമുഖമെഴുതിയിട്ടുള്ളത്. അതിലദ്ദേഹം എഴുത്തിന്റെ രൂപം സംബന്ധിച്ച് ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. യൂറോ സെന്‍ട്രിസത്തെ കഠിനമായി എതിര്‍ക്കുമ്പോഴും യൂറോപ്പ് സംഭാവന ചെയ്ത ഗദ്യശൈലി ഉപേക്ഷിക്കാത്തതെന്തേ എന്ന ചോദ്യം. കിഴക്കിന്റെ ആവിഷ്‌കരണ മാര്‍ഗങ്ങള്‍ (ഉദാഹരണത്തിന്, ചെറിയ ചെറിയ കഥാരൂപത്തില്‍ കാര്യങ്ങള്‍ പറയുക) എന്തു കൊണ്ടവലംബിക്കുന്നില്ല?
അലങ്കാരത്തിന്റെ കിന്നരികളണിഞ്ഞ ജോയിയുടെ കുഞ്ഞികുറിപ്പുകള്‍ ഈ ചോദ്യം ഓര്‍മിപ്പിച്ചു. ''മണല്‍തിട്ടയില്‍ ഉറഞ്ഞുപോയ കപ്പലിന് 'ഞാനൊട്ടും മാറിയിട്ടില്ല' എന്ന അഭിമാനം അപകടമാണ് '' എന്നു വായിക്കുമ്പോള്‍ ചിന്ത എന്തുകൊണ്ട് സാമൂഹ്യശാസ്ത്രത്തില്‍നിന്നു മാറിയും കവിതയോടു ചേര്‍ന്നും സഞ്ചരിക്കുന്നു എന്ന് ആലോചിച്ചുപോകും. 'ഉദാഹരണങ്ങളില്ലാതെ, അടിക്കുറിപ്പുകളില്ലാതെ, ഗ്രന്ഥസൂചി പോലുമില്ലാതെ (ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമുന്‍പ് തനിക്ക് അന്വേഷണതൃഷ്ണയുടെ സ്വന്തം മൂലധനമുണ്ടെന്നും പാരായണം പരിശീലനം മാത്രമാണെന്നും കരുതുന്ന അഹന്തയേതുമില്ലാത്ത സത്യബോധമില്ലെങ്കില്‍ ഇതു സാധ്യമല്ല-ഈ അടിക്കുറിപ്പ് വരികള്‍ക്കൊപ്പം വയ്ക്കുന്നതില്‍ ക്ഷമിക്കുക) പുതിയ മലയാളത്തനിമയും സൃഷ്ടിക്കേണ്ടി വരില്ലേ?'
മൗലികത എന്നതാണ് എഴുത്തിനുപിന്നിലെ ശാഠ്യങ്ങളിലേക്കും വേദനയിലേക്കും ഉള്ള താക്കോല്‍ വാക്ക്.
അഞ്ച്
ഇച്ഛയുടെ കഠിനശാഠ്യം എഴുത്തില്‍ എന്ന പോലെ സഹ്യമല്ല ജീവിതത്തില്‍. ജോയിയുടെ ശാഠ്യങ്ങളോടു കുതറാത്ത സുഹൃത്തുക്കള്‍ കാണില്ല. ഒരു അഭിമാനിയായ പിച്ചക്കാരന്‍ എന്നു സ്വയം വിശേഷിപ്പിക്കുകയും അനാവശ്യമായ കടപ്പാട് തന്നെ സഹായിക്കുന്നവരോടു കാണിക്കാതിരിക്കുകയും ചെയ്യുന്നു എന്നത് അതിന്റെ ധനാത്മക വശം. സ്വന്തം അഭീഷ്ടം പിന്തുടര്‍ന്ന് മറ്റേയാളുടെ ഇച്ഛയെ സംബന്ധിച്ച പൂര്‍ണമായ മറവിയിലാവുന്നു എന്നത് അതിന്റെ ജനാധിപത്യവിരുദ്ധ വശം. ഇച്ഛയുടെ നിര്‍വഹണം എന്നതിനുപിന്നില്‍ ഒരു കേഡര്‍ അച്ചടക്കം പതുങ്ങിനില്‍പ്പുണ്ടാവാം. ആനന്ദത്തിന്റെയും അച്ചടക്കത്തിന്റെയും ഈ മാരകമായ സമ്മിശ്രം കാരണം ജോയിയോട് കലഹിച്ചിട്ടുള്ളവരോ അല്‍പ്പം മാറിനടന്നിട്ടുള്ളവരോ ആണ് അടുത്ത സുഹൃത്തുക്കളെല്ലാവരും; ഞാനടക്കം. രണ്ടുതവണ ജോയ് ആശുപത്രിയിലായിരുന്ന വേളകളില്‍ ഞാന്‍ ബൈസ്റ്റാന്‍ഡറായിട്ടുണ്ട്. ബൈസ്റ്റാന്‍ഡര്‍ എന്നത് കേഡര്‍ അച്ചടക്കം ആവശ്യമുള്ള പണിയാണെന്ന് ജോയ്. അസുഖമുള്ളപ്പോഴും അല്ലാത്തപ്പോഴും ഈ അച്ചടക്കമുള്ള ആസൂത്രണവും അതു നല്‍കുന്ന നിരാശകളും ജോയിയുടെ ദൈനംദിനത്തിന്റെ വ്യാകരണ പശ്ചാത്തലമായുണ്ട്.
സാമൂഹ്യ പ്രസ്ഥാനങ്ങളിലായിരിക്കുമ്പോള്‍ ജോയിയുടെ ഈ ഏകാംഗ പാര്‍ട്ടിരഹിത അച്ചടക്കം അവയ്ക്കു വലിയ അനുഗ്രഹവും ഭാരവുമായിത്തീരാറുണ്ട്. പി.ഇ ഉഷയുടെ ചെറുത്തുനില്‍പ്പ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുമ്പോഴാണ് ജോയിയെ ഞാന്‍ ആദ്യമായി കണ്ടത്. തിരുവനന്തപുരത്തുവച്ച് ഒരു ഐക്യദാര്‍ഢ്യ മീറ്റിങ്ങില്‍ ഉഷയെ പിന്തുണക്കാന്‍ ധാരണയായപ്പോള്‍ ജോയിയുമുണ്ടായിരുന്നു. അതനുസരിച്ച് കോഴിക്കോട്ടേക്കു വന്നതാണ്. തീരുമാനങ്ങള്‍ എന്നാല്‍ എടുക്കാന്‍ മാത്രമുള്ളതല്ലല്ലോ കാഡര്‍മാര്‍ക്ക്, അവര്‍ പാര്‍ട്ടിരഹിതരാണെങ്കിലും. 'എന്റെ കോഴിക്കോട്ടെ ഏതെങ്കിലും ഫ്രന്‍ഡ് ഇവിടെ വന്നാലേ ഞാന്‍ പോകൂ' എന്നു പറഞ്ഞു. സമരം തീരുന്നതുവരെ നില്‍ക്കേണ്ടിയും വന്നു! ഇച്ഛയുടെ ചില ശാഠ്യങ്ങളെ സുഹൃത്തുക്കള്‍ മുന്‍വിധികളുടെ മറുശാഠ്യം കൊണ്ട് വിജയകരമായി പ്രതിരോധിക്കുന്നു. 'ജോയി എ.കെ.ജി സെന്ററില്‍നിന്നുള്ള ചാരനാണോ' എന്ന് എന്നോട് രഹസ്യമായി ആരാഞ്ഞു ചില സുഹൃത്തുക്കള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനവേഗം കണ്ട്.
ഈ ചോദ്യം പിന്നീട് തിരുവനന്തപുരത്ത് ആദിവാസി ആക്ടിവിസ്റ്റുകളുടെ കുടില്‍കെട്ടി സമരത്തിന് ഐക്യദാര്‍ഢ്യ പ്രവര്‍ത്തനം നടത്തിയ സമയത്ത് ചില ആസ്ഥാന സിനിക്കുകള്‍ പരസ്യമായുന്നയിച്ചപ്പോള്‍ ജോയി മാറിനിന്നു കരഞ്ഞു. അതിനുംമുന്നേ ഒരു സമരസഹായ യോഗത്തില്‍ 'നമ്മള്‍ പ്രതിപക്ഷ നേതാവുമായി ഇക്കാര്യത്തില്‍ വിമര്‍ശനപരമായ സംവാദം നടത്തണം' എന്ന് ഒരാള്‍ ആവേശം കൊണ്ട് അല്‍പസമയം കഴിഞ്ഞപ്പോള്‍ ജോയ് മൊബൈല്‍ ഫോണ്‍ നീട്ടി: 'ഇതാ അദ്ദേഹം ലയ്‌നിലുണ്ട്..' എന്ന് !
ഒട്ടും സിനിക്കല്‍ അല്ലാത്ത ഈ അന്വേഷി ലൈംഗിക തൊഴിലാളികളുടെ ആദ്യ യോഗത്തില്‍ അധ്യക്ഷനായും കിസ് ഓഫ് ലവ് സമരത്തില്‍ അധ്യക്ഷനായും സന്നിഹിതനാണ്. 1998ലാണ് ഈ പുസ്തകത്തിന്റെ പേരിനു പ്രഭവമായ ലേഖനം 'അപൂര്‍ണത്തിന്റെ ഭംഗി: പുതിയ ജനാധിപത്യ മുന്‍കൈയുകളുടെ ആത്മബോധം' എന്ന ചര്‍ച്ചാക്കുറിപ്പ് എഴുതിയത്. ഒരു കത്തും കൂടിയായ ആ കുറിപ്പിനോട് 'തുപ്പല്‍ പുരളാത്ത വാക്കുകള്‍' എന്ന് സാവിത്രി രാജീവനും 'കിന്നരിയില്ലാത്ത സാഹിത്യ'മെന്ന് ജോയ് മാത്യുവും 'അപൂര്‍ണത്തിന്റെ പ്രകാശഖഡ്ഗത്താല്‍ വേനല്‍ മഴ' എന്ന് സച്ചിദാനന്ദനും പ്രതിവചിച്ചു.
ആറ്
മൂന്നു പതിറ്റാണ്ടുമുന്‍പു തന്നെ 'മതന്യൂനപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി പൊരുതുന്നത് പ്രീണനമല്ലെന്ന' ബോധ്യം പുലര്‍ത്തിയ ജോയ് ഇങ്ങനെ നിരീക്ഷിച്ചു: ''അവര്‍ണനായ തൊഴിലാളിക്കുമാത്രം വഴിനടക്കാന്‍ തടസമുള്ളിടത്ത്, അമ്പലങ്ങള്‍ ആകാം പള്ളി പാടില്ല എന്നു പറയുന്നിടത്ത്, രാജ്യം മുഴുവന്‍ ഹൈന്ദവമാകണമെന്നു പറയുന്നവര്‍ ഒരു ജില്ല മലപ്പുറമാകുന്നത് വര്‍ഗീയതയായി കാണുമ്പോഴുമെല്ലാം' രണ്ടു വര്‍ഗീയതയും ഒരുപോലെയാണ് ' എന്ന അതീവമാന്യവും നിഷ്പക്ഷവുമായ പ്രസ്താവം ഉന്നതശ്രേണിയുടെ താല്‍പര്യങ്ങളെയാണു സംരക്ഷിക്കുക.''
രാഷ്ട്രീയമായ ആ ബോധ്യവും ചിന്താസംക്രമണങ്ങളും ഉണ്മയുടെ തന്നെ തലത്തിലാണു സാക്ഷാത്കരിക്കുന്നത് എന്നതുകൊണ്ട് അടുത്തിടെ ജോയി മുസ്‌ലിമായി മതംമാറി; നജ്മല്‍ ബാബുവായി. അതേ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ''ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണ്. നിരന്തര പ്രചാരണങ്ങളിലൂടെ അവരെ ശത്രുക്കളായി അവരോധിച്ച് അവര്‍ക്കെതിരേ യുദ്ധം ചെയ്യുകയാണ് ഫാസിസം. എല്ലാ അര്‍ഥത്തിലും ചകിതരായി മാളത്തിലൊളിക്കാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ ലോകത്തിലെ ഏറ്റവും ഭീകരന്മാരായി ചിത്രീകരിക്കപ്പെടുകയാണ്. അധീശമതത്തെ മതേതരമായി സാമൂഹ്യ സാംസ്‌കാരിക ബുദ്ധിജീവികള്‍ പോലും അംഗീകരിക്കുമ്പോള്‍ ഫാസിസത്തിന്റെ ഇരയായിത്തീരുന്ന മതത്തിന്റെ ചടങ്ങുകള്‍ സ്വീകരിക്കുകയെന്നത് ഏറ്റവും വലിയ പ്രതിരോധമായി ഞാന്‍ മനസിലാക്കുന്നു.''
ജീവിതവും ചിന്തയും തമ്മിലും സിദ്ധാന്തവും പ്രയോഗവും തമ്മിലുമുള്ള ബന്ധം കൈവരിക്കുന്ന സങ്കീര്‍ണവും സത്താപരവുമായ തുടര്‍ച്ചകള്‍ ജോയിയുടെ ദാര്‍ശനിക രാഷ്ട്രീയാന്വേഷണങ്ങള്‍ക്ക് മൗലികമായ ആധാരമേകുന്നു. ആ ആധാരം തന്നെ എത്ര ലോലമെന്നു മതപരിവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: മതം എന്ന വാക്കിന്റെ പല അര്‍ഥങ്ങളില്‍.
'പ്രയോഗത്തിനും ദാരിദ്ര്യമുണ്ട്.'
ഏഴ്
പ്രീ ഡിഗ്രിക്കാരനായ ജോയ് കോളജ് അധ്യാപകനാവുന്നതിനുമുന്‍പുള്ള ബൈസ്റ്റാന്‍ഡര്‍ ബന്ധംവച്ചാവും എന്നെ ഈ പണി ഏല്‍പ്പിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് 'വിചിന്തനം' വായിക്കുമ്പോള്‍ അതില്‍ അധ്യാപകര്‍ക്കിടയിലെ ഒരു പ്രീ ഡിഗ്രിക്കാരന്‍ എന്ന നിലയ്ക്കാണ് ജോയ് ശ്രദ്ധയില്‍ വന്നത്. പ്രീ ഡിഗ്രിക്കാരെ ശ്രദ്ധിക്കണം എന്ന ഒറ്റ മുന്നറിയിപ്പോടെ എല്ലാ അധ്യാപകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും (അവരിലെ) സാധാരണക്കാര്‍ക്കും മുന്നില്‍ സവിശേഷ ശ്രദ്ധയ്ക്കും സജീവ ചര്‍ച്ചകള്‍ക്കുമായി ഈ സമാഹാരം അവതരിപ്പിച്ചുകൊണ്ട് ഞാന്‍ വിരമിക്കട്ടെ!
(കടപ്പാട്: 'അപൂര്‍ണ്ണത്തിന്റെ ഭംഗി', പുസ്തകപ്രസാധകസംഘം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."