ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത് വെട്ടിലായി വനിതാ മന്ത്രി; ആദിത്യ നാഥ് വിശദീകരണം ആവശ്യപ്പെട്ടു
ലക്‌നോ: യു.പിയില്‍ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത വനിതാ മന്ത്രി വിവാദത്തില്‍. ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടൊണ് യു.പി കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് വെട്ടിലായത്. ഇവരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കൊപ്പം സ്വാതി പാര്‍ലര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. സംഭവത്തില്‍ വ്യക്തത നല്‍കണമെന്നും ആദിത്യനാഥ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി. ഭരണകക്ഷിയായ ബി.ജെ.പിയുടെ വൈരുദ്ധ്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ രീതി. മദ്യത്തിനെതിരായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുമ്പോഴാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു.
ജനങ്ങളെ കയ്യിലെടുക്കും വിധത്തില്‍ സംസാരിക്കാന്‍ മാത്രമേ ബി.ജെ.പിക്ക് അറിയൂ എന്നും നേതാക്കള്‍ മദ്യനിരോധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മന്ത്രി മദ്യശാല ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി കുറ്റപ്പെടുത്തി. ലൈസന്‍സുള്ള ബിയര്‍ പാര്‍ലര്‍ ആണോ മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ലെന്നും മന്ത്രി ചെയ്തത് നിയമവിരുദ്ധമായ സംഗതിയല്ലെന്നും ബി.ജെ.പി വക്താവ് രാഗേഷ് ത്രിപാഠി പ്രതികരിച്ചു. സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബിയര്‍പാര്‍ലറെന്നും സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി പാര്‍ലറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ.എസ്.പി നേതാവ് മായാവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദയാശങ്കര്‍ സിങ്ങിന്റെ ഭാര്യയാണ് സ്വാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."