ആരാണ് ഒറിജിനല്‍, ഏതാണ് വ്യാജന്‍; ഖോ ഖോയിലും തമ്മിലടി
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: സംസ്ഥാന ഖോ ഖോ അസോസിയേഷനില്‍ ഏതാണ് ഒറിജിനല്‍, ആരാണ് വ്യാജന്‍ എന്ന തര്‍ക്കം മുറുകുന്നു. ദേശീയ ഫെഡറേഷന്‍ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മുന്‍ പ്രസിഡന്റ് ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതോടെയാണ് തര്‍ക്കം മുറുകിയത്. ഫെഡറേഷന്റെ അംഗീകാരമുള്ള വിഭാഗത്തെ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സത്യന്‍ വിഭാഗത്തെ പിന്തുണച്ചതോടെ പ്രതിസന്ധിയിലാവുന്നത് താരങ്ങളാണ്. ദേശീയ ഫെഡറേഷനും അഡ്‌ഹോക് കമ്മിറ്റിയും അറിയാതെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഖോ ഖോ അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
കായിക താരങ്ങളുടെ ഭാവി അപകടത്തിലാക്കുന്ന തട്ടിക്കൂട്ട് തെരഞ്ഞെടുപ്പിന് സ്‌പോര്‍ട്‌സ് കൗണ്‍സിലും നിരീക്ഷകനെ അയച്ച് പിന്തുണ നല്‍കി. പ്രസിഡന്റായി ബി. സത്യന്‍ എം.എല്‍.എയെയും സെക്രട്ടറിയായി കെ. ഭാസ്‌ക്കരനെയും (പാലക്കാട്), ട്രഷററായി റോയ് പി. ജോര്‍ജിനെയും (കോട്ടയം), രക്ഷാധികാരിയായി ഡോ. പി.ടി സെയ്തിനെയും (കോട്ടയം) തെരഞ്ഞെടുത്തെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തിരുവനന്തപുരത്ത് ജനറല്‍ ബോഡി യോഗം ചേര്‍ന്നായിരുന്നു സത്യന്‍ വിഭാഗം തെരഞ്ഞെടുപ്പ് നടത്തിയത്. നടപടി ക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ചുമതലയുള്ള അഡ്‌ഹോക് കമ്മിറ്റിയോ നിരീക്ഷകനെ അയക്കേണ്ട ദേശീയ ഫെഡറേഷനോ ഇത്തരമൊരു തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയില്ല.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകനായി കരമന ഹരി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കേരള ഒളിംപിക് അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള വടംവലിയാണ് കഴിഞ്ഞ മെയില്‍ നടക്കേണ്ടിയിരുന്ന ഖോ ഖോ അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് തടയിട്ടത്. കെ.ഒ.എ - ഐ.ഒ.എ വടംവലിയെ തുടര്‍ന്ന് ഐ.ഒ.എ സെക്രട്ടറി രാജീവ് മേത്തക്കെതിരേ ബി. സത്യന്‍ എം.എല്‍.എ അടക്കം സി.പി.എം അനുകൂലപക്ഷം രംഗത്തു വന്നതിന്റെ തിരിച്ചടി നേരിട്ടത് ഖോ ഖോ അസോസിയേഷനായിരുന്നു. ഖോ ഖോ ദേശീയ ഫെഡറേഷന്‍ സെക്രട്ടറി രാജീവ് മേത്തയാണ്. കഴിഞ്ഞ മെയ് 25ന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി പുതിയ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ട് മാറ്റിവയ്പിച്ചു. ബി. സത്യന് പ്രസിഡന്റായി തുടരാനാവില്ലെന്ന് വന്നതോടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിയത്.
തെരഞ്ഞെടുപ്പിന് ഫെഡറേഷന്‍ നിരീക്ഷകനായി നിയോഗിച്ചിരുന്നത് തമിഴ്‌നാട് പ്രസിഡന്റ് അപ്പാവു പാണ്ഡ്യനെയായിരുന്നു. കെ.സി ലേഖ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കാതെ വന്നതോടെ അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ ഫെഡറേഷന്‍ നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റിക്കാണ് നിലവില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട ചുമതല. എന്നാല്‍, ഇതെല്ലാം മറികടന്നാണ് കഴിഞ്ഞ ദിവസം പുതിയ കമ്മിറ്റി രൂപീകരിച്ചതായ അവകാശവാദവുമായി ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തു വന്നത്. ജില്ലാ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കാത്ത പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ ഏതാനും പേര്‍ മാത്രമാണ് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തതെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം. 11 ജില്ലകളില്‍ നിന്നുള്ള അസോസിയേഷന്‍ പ്രതിനിധികളാരും യോഗത്തിന് എത്തിയില്ലെന്നും പറയുന്നു. 2008 ലെ സ്‌പോര്‍ട്‌സ് ആക്ടിന് വിരുദ്ധമായ നടപടിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലും കൂട്ടുനില്‍ക്കുകയാണെന്ന് ഫെഡറേഷനെ പിന്തുണക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിലെ ഭരണമാറ്റത്തിന് അനുസരിച്ച് ചുവടുമാറ്റുന്ന സായിയില്‍ പരിശീലകനായ മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റാണ് നിയമവിരുദ്ധ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇദ്ദേഹത്തിന് നിലവില്‍ മൂന്ന് കായിക അസോസിയേഷനുകളില്‍ ഭാരവാഹിത്വമുണ്ട്.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ കൂട്ടുപിടിച്ച് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് കായിക താരങ്ങളുടെ ഭാവിയാണ്. ബി. സത്യന്‍ എം.എല്‍.എ വിഭാഗത്തിന് അംഗീകാരം ലഭിക്കാത്തിടത്തോളം ദേശീയ ചാംപ്യന്‍ഷിപ്പുകളിലും നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ഖോ ഖോ പ്രീമിയര്‍ ലീഗിലും തിരിച്ചടി നേരിടേണ്ടി വരിക താരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."