ലാത്തിച്ചാര്‍ജ് : സി.പി.ഐയിലെ തമ്മിലടിയില്‍ നേതൃത്വം കുരുക്കില്‍, വിവാദം പുതിയ തലത്തിലേക്ക്
കൊച്ചി: ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടയിലുണ്ടായ ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചപറ്റിയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം. ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്.
പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയിരുന്നത്. സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നുമാണ് സംസ്ഥാനനേതൃത്വം ആരോപിക്കുന്നത്.
ലാത്തിച്ചാര്‍ജ്ജില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ വിഷയത്തില്‍ ജില്ലാ നേതൃത്വവും എം.എല്‍.എയും കൂടുതല്‍ കുരുക്കിലാവുകയാണ്. പരുക്ക് വ്യാജമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലിസും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
അതേ സമയം ഇതുസംബന്ധിച്ച് കൊച്ചിയില്‍ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരേ തിരിയുകയായിരുന്നു അംഗങ്ങള്‍. കനത്ത വിമര്‍ശനമാണവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ഉന്നയിച്ചത്.
പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയില്‍ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചാക്കി മാറ്റിയെന്നും മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി ആക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായുമാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പാര്‍ട്ടിക്കുള്ളില്‍ അന്വേഷണവും നടപടികളും ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."