കര്‍ക്കിടക വാവുബലി: ആലുവയില്‍ ഗതാഗത നിയന്ത്രണം
ആലുവ: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ആലുവ നഗരത്തില്‍ പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെയാണ് നിയന്ത്രണം. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ദേശീയപാത സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുര്‍വ്വേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം.
മണപ്പുറത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം മൈതാനം തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്ക് വണ്‍വേ ട്രാഫിക്കായിരിക്കും. മണപ്പുറം ഭാഗത്ത് നിന്ന് തിരികെ പോകുന്ന വാഹനങ്ങള്‍ പറവൂര്‍ കവല വഴി തിരിച്ചു പോകേണ്ടതാണ്. ഇവിടേയും വണ്‍വേ ട്രാഫിക്കായിരിക്കും.
തോട്ടക്കാട്ടുക്കര കവലയില്‍ നിന്നും മണപ്പുറത്തേക്ക് യാതൊരു വിധ വാഹന ഗതാഗതവും അനുവദിക്കില്ല. പറവൂര്‍കവല, തോട്ടക്കാട്ടുകര കവല എന്നീ ഭാഗങ്ങളില്‍ റോഡിന്റെ ഇരു ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
ബാങ്ക് കവല മുതല്‍ എം.ജി.ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ലെന്നും പൊലിസ് വ്യക്തമാക്കി. ദേശീയ പാതയിലും, അടുത്തുള്ള പ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
മണപ്പുറത്തുള്ള ക്ഷേത്രത്തില്‍ നിന്നും അന്‍പത് മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കില്ല. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ള, ബോട്ടുകള്‍ പെട്രോളിംങ് നടത്തും. ആവശ്യത്തിനുള്ള ആംബുലന്‍സ് സര്‍വ്വീസ്, മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. റൗഡികളുടെയും ഗുണ്ടകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആലുവ റെയില്‍വെ സറ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലിസ് സംഘത്തെ വിന്യസിക്കും.
പ്രധാനപ്പെട്ട കവലകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടത്തു വഞ്ചിയില്‍ ആളെ കയറ്റി കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരേയും മറ്റും നിരീക്ഷിക്കുന്നതിനായി മഫ്തി പൊലിസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."