സി.ബി.ഐ മുന്‍ജോയിന്റ് ഡയരക്ടര്‍ രാഷ്ട്രീയത്തിലേക്ക്
തിരുപ്പതി: സി.ബി.ഐ മുന്‍ ജോയിന്റ് ഡയരക്ടര്‍ വി.വി ലക്ഷ്മി നാരായണ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഇന്നലെ അദ്ദേഹം തന്നെയാണ് ആന്ധ്രാ രാഷ്ട്രീയത്തിലേക്ക് താനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കര്‍ഷകരും നെയ്ത്ത് സമൂഹവും, മത്സ്യത്തൊഴിലാളികളുമെല്ലാം അനുഭവിക്കുന്ന ദുരവസ്ഥയാണ് തന്നെ അവര്‍ക്കുവേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി നാരായണ പറഞ്ഞു.
സംസ്ഥാനത്തെ 13 ജില്ലകളിലെ നിരവധി ഗ്രാമങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
ഈ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ മാനിഫസ്റ്റോ തയാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍തന്നെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സമര്‍പ്പിക്കും. മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1990 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മി നാരായണ, സത്യം കമ്പ്യൂട്ടര്‍ അഴിമതിയടക്കമുള്ള കേസുകള്‍ അന്വേഷിച്ച സംഘതലവനായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ജോലിയില്‍ നിന്ന് സ്വയം രാജിവച്ചത്. മുംബൈയില്‍ പൊലിസ് അഡീഷനല്‍ ഡയരക്ടര്‍ ജനറലായിരിക്കെയാണ് സര്‍വിസില്‍ നിന്ന് രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."