പാലക്കാട്ട് ആദിവാസി യുവാക്കളെ ബലമായി മൊട്ടയടിപ്പിച്ചു
പാലക്കാട്: സ്ത്രീകളെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് പൊലിസ് പിടികൂടിയ ആദിവാസി യുവാക്കളെ പൊലിസ് നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചെന്ന് പരാതി. സംഭവം വിവാദമായതോടെ പാലക്കാട് മീനാക്ഷിപുരം എസ്.ഐ വിനോദിനെ സ്ഥലംമാറ്റി. ഇയാളെ കല്ലേക്കാട് എ.ആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. 48 മണിക്കൂറിനകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പിക്ക് ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
ശനിയാഴ്ച മീനാക്ഷിപുരത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ നെടുമ്പാറ സ്രാമ്പി കോളനിയിലെ ഇരവാള സമുദായാംഗങ്ങളായ ആറുച്ചാമിയുടെ മകന്‍ സഞ്ജയ് (18), ശിവസ്വാമിയുടെ മകന്‍ നിധീഷ് (20) സമീപവാസിയായ 17 കാരന്‍ എന്നിവര്‍ സ്ത്രീകളോട് അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത അമ്പലക്കമ്മിറ്റി അംഗങ്ങളെ ഇവര്‍ മര്‍ദിച്ചുവെന്നും ആരോപണമുണ്ട്.
എന്നാല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരുടെ കൂട്ടത്തില്‍ ഇവര്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെങ്കിലും ഇവരെ പറഞ്ഞുവിടാതെ ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മൊട്ടയടിപ്പിക്കുകയായിരുന്നു.
നേര്‍ച്ചയുടെ ഭാഗമായാണ് മുടി വളര്‍ത്തിയിരിക്കുന്നത് എന്ന് ആദിവാസി യുവാക്കള്‍ പറഞ്ഞെങ്കിലും തങ്ങളെ പറഞ്ഞുവിടാതെ എസ്.ഐയും രണ്ടു പൊലിസുകാരും ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് ബലം പ്രയോഗിച്ച് മൊട്ടയടിപ്പിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. എന്നാല്‍ നല്ലനടപ്പിന്റെ പേരിലാണ് മുടി വെട്ടിച്ചത് എന്നാണ് എസ്.ഐ വിനോദ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."