ബി.ജെ.പി-സി.പി.എം സംഘര്‍ഷം തുടരുന്നു; വീടുകള്‍ക്ക് നേരേ ബോംബേറ്
വടകര: വടകര നഗരത്തിലും പരിസരത്തും ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന് അയവില്ല. ബി.ജെ.പി നേതാവിനുനേരെ ശനിയാഴ്ച രാത്രി അക്രമമുണ്ടായി. നഗരത്തില്‍ മൂന്നു ദിവസങ്ങളിലായി ഇരുപാര്ട്ടികളിലുംപ്പെട്ടവരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിന്റെ തുടര്‍ച്ചയായി സമീപ പഞ്ചായത്തായ ചോറോടും അക്രമം നടന്നു. സി.പി.എം കുരിയാടി ബ്രാഞ്ച് സെക്രട്ടറി ആര്.കെ മോഹനന്റെ (55) വീടിനു നേരെയാണ് ബോംബേറുണ്ടായത്. അക്രമത്തില്‍ മോഹനു പരുക്കേറ്റു. ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുട്ടുങ്ങല്‍ സൗത്ത് യു.പി സ്കൂളിനു സമീപം കുരിയാടി റോഡിലെ മോഹനന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോംബേറുണ്ടായത്. കാറിലും രണ്ടു ബൈക്കിലുമെത്തിയവരാണ് അക്രമം നടത്തിയത്. ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.
ചോറോട് ഗ്രാമപഞ്ചായത്ത് അംഗവും ബി.ജെ.പി വടകര മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ പി.കെ ശ്യാംരാജിനു നേരെയാണ് രാത്രി വടകര നഗരത്തില്‍ അക്രമം നടന്നത്. ലിങ്ക് റോഡില്‍ ഒരു സംഘമാളുകള്‍ ശ്യാംരാജിനെ ആക്രമിച്ചത്. ശ്യാംരാജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇതിന്റെ പ്രതികാരമായാണ് സി.പി.എം കുരിയാടി ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ വീടിനു നേരെ ബോംബേറുണ്ടായത്.
ഇതിനിടെ വടകരയില്‍ സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."