പൊതുവിദ്യാഭ്യാസ-ഹയര്‍സെക്കന്‍ഡറി ലയനം: ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നവംബര്‍ ആദ്യം
മലപ്പുറം: പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ നീക്കം അന്തിമ ഘട്ടത്തില്‍. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനെയും ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റിനെയും ലയിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച ഡോ. എം.എ ഖാദര്‍ അധ്യക്ഷനായ സമിതി നവംബര്‍ ആദ്യവാരം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാനത്തെ അധ്യാപക, അനധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയും അഭിപ്രായ, നിര്‍ദേശങ്ങള്‍ എഴുതിവാങ്ങിയും മൂന്നംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ടാണ് ഈ മാസം അവസാനം പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം സമര്‍പ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി കമ്മിഷന്‍ ചെയര്‍മാനും എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടറുമായ ഡോ. എം.എ ഖാദര്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഒന്നുമുതല്‍ നാലുവരെ ലോവര്‍ പ്രൈമറി, അഞ്ചു മുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി, എട്ടു മുതല്‍ പത്തുവരെ ഹൈസ്‌കൂള്‍, 11, 12 ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെയാണ് നിലവില്‍ സംസ്ഥാനത്തു വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
പത്താംക്ലാസ് വരെ ഡി.പി.ഐ, 11, 12 ക്ലാസുകള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റുകളുമാണുള്ളത്. ദേശീയതലത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഘടന പിന്തുടരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന ഏകോപനം സംസ്ഥാനത്തു പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൂചിപ്പിച്ചാണ് കേരളത്തില്‍ ഏകോപന നടപടി തുടങ്ങിയിരുന്നത്.
ദേശീയതലത്തില്‍ സര്‍വശിക്ഷാ അഭിയാനും(എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍.എം.എസ്.എ) ലയിപ്പിച്ചു സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) രൂപീകരിച്ചിരുന്നു. ഇതു സംസ്ഥാനത്തും നടപ്പിലാക്കിയിരുന്നെങ്കിലും കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിഗണിച്ചാകും കൂടതല്‍ മാറ്റങ്ങള്‍. പൊതുവിദ്യാഭ്യാസ വകുപ്പില്‍ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ പദവികളും ഹയര്‍സെക്കന്‍ഡറിയില്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍മാരും(ആര്‍.ഡി.ഡി) നിലവിലുണ്ട്്. ഏകോപനത്തോടെ ഇത് ഒന്നുമാത്രമായി ചുരുങ്ങും. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഒരേ ബോര്‍ഡിനു കീഴിലാക്കാനുള്ള നിര്‍ദേശവും നേരത്തെ സമിതിക്കു ലഭിച്ചിരുന്നു.
ഇതുപ്രകാരം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഈ വര്‍ഷം ഒന്നിച്ചു രാവിലെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
രണ്ടു ഡയരക്ടറേറ്റുകള്‍ ഒന്നാകുമ്പോള്‍ ജീവനക്കാരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നതു സമിതിയുടെ മുന്നിലെ പ്രധാന പ്രതിസന്ധിയായിരുന്നു. നിലവില്‍ ഹൈസ്‌കൂള്‍തലത്തില്‍ ഹെഡ്മാസ്റ്ററും ഹയര്‍സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പലുമാണുള്ളത്്. ഇതു പ്രിന്‍സിപ്പല്‍ എന്ന പേരില്‍ ഒരാളിലൊതുങ്ങും.
ഹൈസ്‌കൂള്‍ അധ്യാപകരുടെ ഹയര്‍സെക്കന്‍ഡറി തലത്തിലേക്കുള്ള പ്രമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും സമിതി പരിഗണിച്ചതായാണ് വിവരം. വകുപ്പ് ലയനം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുമെന്നു സൂചിപ്പിച്ചു നേരത്തെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."