ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത സംഭവം
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുത്തു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് പ്രതി മോഹനകുമാറിനെ ക്ഷേത്രത്തിലേക്കു തെളിവെടുപ്പിനു കൊണ്ടുവന്നത്.
പ്രതി ആദ്യം തന്റെ ബാഗ് കാണിച്ചുകൊടുത്തു. വാര്‍ക്കപ്പണിക്കാവശ്യമായ ചട്ടുകം, തേപ്പു പലക, രണ്ടു ചുറ്റിക എന്നിവയാണ് ബാഗിനകത്തുണ്ടായിരുന്നത്.
ആരെങ്കിലും കണ്ടാല്‍ പണിക്കു വന്നതാണെന്നു പറയാന്‍ വേണ്ടിയാണ് പണിയാധുങ്ങള്‍ കൊണ്ടുവന്നതെന്നും ചുറ്റിക വിഗ്രഹം തല്ലിത്തകര്‍ക്കാന്‍ ഉപയോഗിച്ചതായും പ്രതി പറഞ്ഞു. ഭഗവതിയുടെ വിഗ്രഹത്തില്‍നിന്നു കിട്ടിയ വെള്ളിയില്‍ കെട്ടിയ മാലയിലെ സ്വര്‍ണ ലോക്കറ്റ് എടുക്കുകയും മാല ചുറ്റിയെറിയുകയും ചെയ്തതായും പറഞ്ഞു. മാലയ്ക്കുവേണ്ടി പൊലിസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. പിന്നീട് ക്ഷേത്രത്തിനു പടിഞ്ഞാറേ ഭാഗത്തിലുടെ ചുറ്റുമതിലകത്തേക്കു കൊണ്ടുവന്നു. ഈ സമയം തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍നിന്നു രണ്ടു പേര്‍ പ്രതിയെ അക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ തെളിവെടുപ്പ് മാറ്റിവച്ചു പൊലിസ് പ്രതിയെ തിരിച്ചു കൊണ്ടുപോകുകയായിരുന്നു.
അതേസമയം, ക്ഷേത്രത്തില്‍ പുണ്യാഹശുദ്ധി നടത്തിയതിനാല്‍ അകത്തു പ്രവേശിക്കാന്‍ തന്ത്രിയുടെ അനുവാദം ലഭ്യമാകണമെന്നും ആവശ്യമെങ്കില്‍ പൂജ കഴിഞ്ഞാല്‍ അതിനു സൗകര്യം ഒരുക്കാന്‍ തയാറാണെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ഇതനുസരിച്ചു പുറംഭാഗത്തിലൂടെയാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി അമ്പലത്തില്‍ കയറാനായി ഓടു പൊളിച്ച ഭാഗത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.
പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയത്ത് വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. പെരിന്തല്‍മണ്ണ ഡിവൈ.എസ് പി. മോഹനചന്ദ്രന്‍, സി.ഐമാരായ ദേവസ്യ, എ.ജെ ജോണ്‍സണ്‍, സന്തോഷ്, എസ്.ഐമാരായ അമൃത്‌രംഗന്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രതിയുടെ താമസസ്ഥലത്തും തെളിവെടുപ്പ്
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലെ പ്രതി എസ്.എസ് മോഹന്‍കുമാറിനെ മമ്പാട് അയാള്‍ താമസിക്കുന്ന മുറിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തിലുളള വന്‍ പൊലിസ് സന്നാഹമാണ് ഇന്നലെ പതിനൊന്നോടെ മമ്പാട് പൊങ്ങല്ലൂരിലുള്ള വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
വില്വത്ത് ക്ഷേത്രവിഗ്രഹത്തില്‍നിന്നു മോഷ്ടിച്ച മാലയിലെ സ്വര്‍ണ ലോക്കറ്റ് പ്രതി താമസിക്കുന്ന മുറിയിലെ മണ്‍കുടത്തില്‍നിന്നു കണ്ടെടുത്തു. തൊണ്ടിമുതല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പ് കൂടങ്ങള്‍ വാടകയ്ക്കു നല്‍കിയ കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാള്‍ വിഗ്രഹം തകര്‍ക്കാനുപയോഗിച്ച ചുറ്റിക വാടകയ്ക്കു വാങ്ങിയ മമ്പാടുള്ള കടയിലെത്തിയും പൊലിസ് തെളിവെടുത്തു. കടയിലെ രജിസ്റ്ററില്‍ കഴിഞ്ഞ 26ന് പ്രതി ചുറ്റിക വാടകയ്‌ക്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. അര മണിക്കൂര്‍കൊണ്ട് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി പ്രതിയെ തിരിച്ച് നിലമ്പൂര്‍ സി.ഐ ഓഫിസിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ പരിശോധന നടത്തുന്നതിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവിധ ക്ഷേത്രങ്ങളില്‍നിന്നു മോഷ്ടിച്ചതെന്നു കരുതുന്ന തൃശൂലങ്ങള്‍, മറ്റു ക്ഷേത്ര പൂജാ സാമഗ്രികള്‍ തുടങ്ങിയവ പ്രതി താമസിക്കുന്ന മുറിയില്‍നിന്നു കണ്ടെടുത്തു.
അതേസമയം, കിളിമാനൂരില്‍ വൃദ്ധയെ കൊലപ്പെടുത്തി കുളത്തില്‍ മൃതദേഹം തള്ളിയതിനും വണ്ടൂര്‍ വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ വിഗ്രഹം കിണറ്റിലെറിഞ്ഞും മറ്റും നാശനഷ്ടം വരുത്തിയതിനും പൊലിസ് കേസെടുത്തിരുന്നു. ഇതിനു പുറമേ, കിളിമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ നാഗരാജ വിഗ്രഹം മോഷ്ടിച്ചു കുളത്തിലെറിഞ്ഞതായും ഇന്നലെ സി.ഐ മുന്‍പാകെ മൊഴി നല്‍കി. കേസില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലിസ് പരിശോധിച്ചുവരികയാണ്.
ഭാഷാഭിമാനം മലയാളത്തെ
ശക്തിപ്പെടുത്തുന്നതിനുള്ള
ഇന്ധനമാകണം: മുഖ്യമന്ത്രി
തിരൂര്‍: മാത്യഭാഷാ സ്‌നേഹത്തിലൂന്നിയ ആത്മാഭിമാനം മലയാളത്തെയും മലയാളക്കരയെയും ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ധനമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളസര്‍വകലാശാലയില്‍ 'മലയാളപാഠം' കര്‍മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നുപോലും മലയാളത്തെ മാറ്റിനിര്‍ത്താനുള്ള പ്രവണതയെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല പുനഃപ്രസിദ്ധീകരിച്ച 'കേരളം', 'പ്രാചീനസുധ' പുസ്തകങ്ങളുടെ പ്രകാശനം സി. രാധാകൃഷ്ണനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
സി. മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനായി. മലയാളപാഠം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഗെയിമുകളിലൂടെ മലയാളം പഠിക്കാന്‍ കഴിയുന്ന ഭാഷാകേളി ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത ഗവേഷണ വിദ്യാര്‍ഥിനിയായ പി. ഐശ്വര്യയെ ചടങ്ങില്‍ അനുമോദിച്ചു.
അക്കാദമിക് ഡീനും ഭാഷാശാസ്ത്രം മേധാവിയുമായ ഡോ. എം. ശ്രീനാഥന്‍ മലയാളപാഠം പദ്ധതി വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ജില്ലാ കലക്ടര്‍ അമിത്മീണ, രജിസ്ട്രാര്‍ ഡോ. കെ.എം ഭരതന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത്, പഞ്ചായത്ത് പ്രസിഡന്റ് മെഹറുന്നീസ, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ പി.കെ സുജിത്ത് പങ്കെടുത്തു.
കോഴിച്ചെനയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 28 പേര്‍ക്ക് പരുക്ക്
കോട്ടക്കല്‍: ദേശീയപാത കോഴിച്ചെനയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 28 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. കോഴിക്കോട്ടുനിന്നു കോട്ടയത്തേക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
അഫീഫ കല്ലായി (31), ജേക്കബ് കെ.വി ചാലക്കുടി (52), ഇദ്ദേഹത്തിന്റെ ഭാര്യ ജിന്‍സി ചാലക്കുടി (44) , മകന്‍ ജിനോബ് (8), സുജീഷ് പുകയൂര്‍ (32), വേലായുധന്‍ കക്കാട് (65), മാനു കോഴിക്കോട് (19), രാജേഷ് പി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി (32), ആശലത ബിലാത്തിക്കുളം (53), ഷൈമലത (51), പ്രേമന്‍ (51), മോഹന്‍ദാസ് (57), ഡോ. ശ്രീജിത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി (34), സുനില്‍ വളാഞ്ചേരി (33), സുരേഷ് ബാബു വളാഞ്ചേരി (57), ശ്രീജ (30), ഫാ. ഫ്രാന്‍സിസ് കോഴിക്കോട് (61), റിജുന്‍ കോഴിക്കോട് (28), ഫൗസിയ വള്ളിക്കുന്ന് (22), ജൈന ചാലക്കുടി (18), നൗഷിറാ ബാനു തേഞ്ഞിപ്പലം (21), ബിന്ദു പെരുമ്പാവൂര്‍ (42), അനില്‍കുമാര്‍ വി.കെ വൈക്കത്തൂര്‍ (38), കോരപ്പന്‍ വയനാട് (45), ജലാലുദ്ദീന്‍ കൊളപ്പുറം (56), അബ്‌ന (18), ആരതി (20), സുഗുണന്‍ (66) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കാരുണ്യത്തിനായി
മനമുരുകിക്കേഴുക
ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്
അല്ലാഹുവില്‍നിന്നുള്ള കാരുണ്യം നേടുക മാത്രമാണ് വിജയത്തിനുള്ള ഏകമാര്‍ഗം. അതു നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരാധനകള്‍. അനുഗ്രഹങ്ങളും കാരുണ്യവും സൃഷ്ടികള്‍ക്കു ചൊരിഞ്ഞുനല്‍കുന്നവനാണ് അല്ലാഹു. ഭൂമിയിലെ വാസത്തിനിടെ മനുഷ്യനും ജീവജാലകങ്ങളും ആസ്വദിക്കുന്ന ജീവിതം മുഴുക്കെ അവന്റെ കരുണാകടാക്ഷമാണ്.
ചോദിക്കുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കുമെല്ലാം അല്ലാഹുവില്‍നിന്നുള്ള കാരുണ്യം അവന്‍ ചൊരിഞ്ഞുകൊടുക്കുന്നു. പ്രാണവായുവും വെള്ളവും ഭക്ഷണവും ജീവിത സൗകര്യങ്ങളുമുള്‍പ്പെടെ സ്രഷ്ടാവിനെ അംഗീകരിക്കുന്നവര്‍ക്കും അംഗീകരിക്കാത്തവര്‍ക്കുമെല്ലാം അവന്‍ കനിഞ്ഞരുളുന്നുണ്ട്. സ്രഷ്ടാവിന്റെ മാര്‍ഗം അവലംബമാക്കി ജീവിക്കുന്നവര്‍ക്കാണ് പാരത്രിക മോക്ഷം ലഭിക്കുന്നത്. സ്വര്‍ഗീയാനുഭൂതി ആസ്വദിക്കാനാകുന്നതും നരകമോചനം ലഭിക്കുന്നതും അവന്റെ കാരുണ്യവര്‍ഷംകൊണ്ടാണ്. അനുഗ്രഹങ്ങള്‍ക്കു നന്ദി ചെയ്യുകയാണ് സൃഷ്ടികളുടെ ബാധ്യതയാണ്.
നന്‍മ ചെയ്യുകയും തിന്‍മയോട് അകലം പാലിക്കുകയുമാണ് കാരുണ്യം കരസ്ഥമാക്കാനുള്ള വഴി. ഹസ്രത്ത് സ്വാലിഹ് നബി (അ) തന്റെ ജനതയോട് ചോദിച്ച കാര്യം അല്ലാഹു ഉദ്ധരിക്കുന്നു: 'എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് ന•യേക്കാള്‍ മുന്‍പായി തി•യ്ക്കു തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവിനോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ കാരുണ്യം ലഭിക്കുമല്ലോ' (ഖുര്‍ആന്‍).'അവര്‍ക്കു വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവനിലേക്കുതന്നെ മടങ്ങേണ്ടവരുമാണ്.' അവര്‍ക്ക് തങ്ങളുടെ രക്ഷിതാവില്‍നിന്ന് അനുഗ്രഹവും കാരുണ്യവും ലഭിക്കും. അവരാണ് സ•ാര്‍ഗം പ്രാപിച്ചവര്‍.'(ഖുര്‍ആന്‍ ). തിരുനബി(സ്വ) പറഞ്ഞു.'നിങ്ങള്‍ കരുണ ചെയ്യുക, എന്നാല്‍ നിങ്ങള്‍ക്കുകരുണ ലഭിക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്കു മാപ്പു നല്‍കുക, എന്നാല്‍ നിങ്ങള്‍ക്കു മാപ്പ് ലഭിക്കും(അഹ്മദ്)
ജീവിതത്തിലെ സുഖ സൗകര്യങ്ങളെല്ലാം അവന്റെ കാരുണ്യമാണെന്ന ബോധ്യം വേണം. അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്നു വിദൂരമാകുന്നവര്‍ക്ക് ഒരിക്കലും വിജയിക്കാനാകില്ല. പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും അതിജയിക്കാനാകുന്നതും വിജയം ലഭിക്കുന്നതും സ്രഷ്ടാവില്‍നിന്നുള്ള കാരുണ്യംകൊണ്ടു മാത്രമാണ്. അല്ലാഹുവിന്റെ ഔദാര്യമാണ് ജീവിതത്തിലെ ഓരോ നിമിഷങ്ങളുമെന്ന തിരിച്ചറിവാണ് അതിനു പ്രധാനം. അവന്റെ കാരുണ്യമാണ് എന്റെ ജീവിതമെന്ന ഉത്തമ ചിന്ത ഹൃദയത്തില്‍ സദാസമയവുമുണ്ടാകണം. നമ്മുടെ ശ്വാസോച്ഛോസങ്ങളില്‍വരെ നിറയേണ്ടത് ആ ബോധമാണ് .
അല്ലാഹുവില്‍നിന്നുള്ള കാരുണ്യം നിരന്തരം വര്‍ഷിക്കുന്ന റമദാന്‍ കാലയളവില്‍ അതു സ്വീകരിക്കാനുള്ള പ്രാപ്തി കരസ്ഥമാക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. നാഥന്റെ കാരുണ്യത്തിനായി മനമുരുകിയ തേട്ടമാകണം ഈ വിശുദ്ധ ദിനരാത്രങ്ങളില്‍ നമ്മില്‍നിന്നുയരേണ്ടത്. ജീവിതത്തെ അതുവഴി സംശുദ്ധമാക്കാന്‍ പരിശ്രമിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
(സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍)
പഞ്ചായത്തുകളിലെ വസ്തു നികുതി:
നിവേദനം നല്‍കി
മലപ്പുറം: ഗ്രാമപഞ്ചായത്തുകളില്‍ വസ്തു നികുതി പരിഷ്‌കരണം, വസ്തു നികുതി പിരിവ് എന്നിവയുമായി ബന്ധപ്പെട്ടു ജീവനക്കാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നികുതി കുടിശ്ശിക ബാധ്യതകള്‍ താഴേക്കിടയിലുള്ള ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ സി.എന്‍ ബാബുവിനു നിവേദനം നല്‍കി.
അനുകൂല നടപടി സ്വീകരിക്കാത്തപക്ഷം സമാനമനസ്‌കരുമായി ചേര്‍ന്നു ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും എസ്.ഇ.യു മുന്നറിയിപ്പ് നല്‍കി. ആമിര്‍ കോഡൂര്‍, വി.പി സമീര്‍, സലിം ആലിക്കല്‍, എ.കെ ഷരീഫ്, അബ്ദുല്‍ കരീം പാലത്തിങ്ങല്‍ സംബന്ധിച്ചു.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; മൂന്നംഗ സംഘം പിടിയില്‍
പെരിന്തല്‍മണ്ണ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പോലിസ് പിടിയില്‍. മെയ് ഏഴിനു പുലര്‍ച്ചെ പുത്തനങ്ങാടിയില്‍നിന്നാണ് വ്യാപാരിയെ തട്ടികൊണ്ടുപോയിരുന്നത്.
കാറില്‍ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പദ്ധതി ആസൂത്രണം ചെയ്ത തമിഴ്‌നാട് സേലം ഏര്‍ക്കാട് സ്വദേശി ഇല്യാസ് ബാഷ (32), പുത്തനങ്ങാടി സ്വദേശി കല്ലുങ്ങോളി പറമ്പില്‍ ഹുസൈന്‍ (26), പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആഷിഫ് (21) എന്നിവരെയാണ് ഇന്നലെ വൈകിട്ട് ഏഴിന് പുഴക്കാട്ടിരി, തച്ചംപാറ എന്നിവിടങ്ങളില്‍വച്ച് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, എ.എസ്.പി സുജിത്ത് ദാസ്, സി.ഐ സാജു കെ. അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി പുത്തനങ്ങാടി ടൗണില്‍ പ്രവാസി എന്ന പേരില്‍ സ്റ്റോര്‍ നടത്തിവരുന്ന വ്യാപാരിയെ സൈലോ കാറുകളിലെത്തി ബലമായി പിടിച്ചുവലിച്ചു കാറില്‍ കയറ്റി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.
ശേഷം പലതവണ വ്യാപാരിയുടെ സഹോദരനെയും ഭാര്യയെയും വിളിച്ചു ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ സംഘം എട്ടിനു രാത്രിയോടെ തമിഴ്‌നാട്ടില്‍നിന്നു വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു.
പിന്നീട് തുടര്‍ച്ചയായി സൈബര്‍സെല്ലിന്റെയും നിരീക്ഷണ കാമറകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ക്വാളിസ് കാറും എ.ടി.എമ്മിലുണ്ടായിരുന്ന 49,000 രൂപയും സംഘം തട്ടിയെടുത്തിരുന്നു.
'വിഗ്രഹ ധ്വംസനം ഫാസിസ്റ്റ് അജന്‍ഡ'
മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം ജില്ലയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഫാസിസ്റ്റുകള്‍ നടത്തിവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഗൂഢാലോചനയിലെയും ഭാഗമെന്നു നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടേറിയറ്റ്. വിഗ്രഹ ധ്വംസനത്തിനു പിടിക്കപ്പെട്ട പ്രതിയുടെ പേരില്‍ കാപ്പ ചുമത്തുകയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും വേണമെന്നും ആവശ്യപ്പെട്ടു. അബ്ദുല്ല പൂക്കോട്ടൂര്‍ അധ്യക്ഷനായി.
അവാര്‍ഡുകള്‍ വിതരണം ചെയ്തു
മലപ്പുറം: കേരളാ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലി ഹാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, സലാം വളാഞ്ചേരി, സലാം വാക്കാലൂര്‍, ബഷീര്‍ പാണ്ടിക്കാട്, വി.എ നാസര്‍, മുഹമ്മദലി മുട്ടേങ്ങാടന്‍, ഹമീദ് കൊണ്ടോട്ടി, സെഹ്‌റാബ്, കൊടക്കാടന്‍ ഹംസ ഹാജി സംസാരിച്ചു.
'ഷീറ്റുകള്‍ വിറ്റുതീര്‍ന്നു; ഇനി ഒറ്റപ്പാത്തി
ഓടുകളുണ്ട്, വേണോ?'
മുണ്ടമ്പ്ര ഗവ. യു.പി സ്‌കൂളിലെ മേല്‍ക്കൂര ഷീറ്റുകളും ഓടുകളും പഞ്ചായത്ത് അറിയാതെ സ്‌കൂള്‍ അധികൃതര്‍ വില്‍പന നടത്തി
അരീക്കോട്: പഞ്ചായത്തും ഉദ്യോഗസ്ഥരും അറിയാതെ സ്‌കൂളിലെ മേല്‍ക്കൂര ഷീറ്റുകളും പഴയ ഓടുകളും സ്‌കൂള്‍ അധികൃതര്‍ വില്‍പന നടത്തി. അരീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പ്ര ഗവ. മാപ്പിള യു.പി സ്‌കൂളിലാണ് അനധികൃതമായി പൊതുമുതല്‍ വില്‍പന നടത്തിയത്. അഞ്ഞൂറോളം മേല്‍ക്കൂര ഷീറ്റുകളും 1,500ഓളം പഴയ ഓടുകളുമാണ് പി.ടി.എയുടെയും പ്രധാനാധ്യാപകന്റെയും നേതൃത്വത്തില്‍ നിശ്ചിതവില നിശ്ചയിക്കാതെ വില്‍പന നടത്തിയത്.
സ്‌കൂളില്‍നിന്നു കുറഞ്ഞവിലയ്ക്കു മേല്‍ക്കൂര ഷീറ്റുകള്‍ വാങ്ങിയ സ്വകാര്യ വ്യക്തിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അരീക്കോട് പഞ്ചായത്ത് അധികൃതര്‍പോലും കച്ചവടത്തെക്കുറിച്ച് അറിയുന്നത്. 2013-14 വര്‍ഷത്തില്‍ സ്‌കൂളിന്റെ നവീകരണ പ്രവൃത്തികള്‍ക്കായി ഗ്രാമപഞ്ചായത്ത് നല്‍കിയ രണ്ടു ലക്ഷം രൂപയില്‍നിന്നു തുക വകയിരുത്തിയാണ് ഷീറ്റുകള്‍ വാങ്ങിയിരുന്നത്. പഞ്ചായത്തുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.പി സ്‌കൂളുകളുടെ വസ്തുക്കള്‍ വില്‍പന നടത്തണമെങ്കില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിക്കണമെന്നാണ് ചട്ടം. എന്‍ജിനിയര്‍ വില നിശ്ചയിക്കുന്നതു പ്രകാരം ലേലം വിളിച്ചാണ് ഇത്തരം വസ്തുക്കള്‍ വില്‍പന നടത്തേണ്ടത്.
ഷീറ്റുകള്‍ വാങ്ങാനെന്ന പേരില്‍ പ്രധാനാധ്യാപകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വില്‍പന നടന്നുകഴിഞ്ഞെന്നും ഇനി ഷീറ്റുകള്‍ ബാക്കിയുണ്ടോയെന്നറിയാന്‍ പി.ടി.എ അംഗത്തോട് അന്വേഷിക്കണമെന്നുമായിരുന്നു മറുപടി. പി.ടി.എ അംഗത്തോടു മേല്‍ക്കൂര ഷീറ്റുകളുടെ ആവശ്യക്കാരനാണെന്നറിയിച്ചെങ്കിലും ഷീറ്റുകള്‍ വില്‍പന നടത്തിക്കഴിഞ്ഞെന്നു പറഞ്ഞു. ഇനി ഒറ്റപ്പാത്തി ഓടുകള്‍ വില്‍ക്കാനുണ്ടെന്നാണ് പി.ടി.എ അംഗം പറഞ്ഞത്. ഓടുകളുടെ വില്‍പനയും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇരുനൂറ് ഓടുകള്‍ വേണമെങ്കില്‍ ആറു രൂപ നിരക്കില്‍ തരാമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. സ്‌കൂളിലെ മേല്‍ക്കൂര ഷീറ്റുകള്‍ വിറ്റൊഴിച്ചതു വില നിശ്ചയിക്കാതെ 80, 85, 90, 125 എന്നീ നിരക്കുകളിലാണ്. 450 മുതല്‍ 600 രൂപവരെ വിലയുള്ള ഷീറ്റുകളാണ് 80 രൂപയ്ക്കു വിറ്റത്. പഞ്ചായത്തിനു ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടമായത്.
വാള്‍വ് ചതിച്ചു; കിട്ടിക്കൊണ്ടിരുന്ന വെള്ളവും മുടങ്ങി
അജ്മല്‍ കെ ഫൈസി
നിലവില്‍ മൂര്‍ക്കനാട് നിന്നു കുടിവെള്ളം ലഭിച്ചു കൊണ്ടിരുന്ന വിവിധ പ്രദേശങ്ങളിലെ വെള്ളത്തിന്റെ വരവും ഒരാഴ്ചയായി നിലച്ചു. കുടിവെള്ള വിതരണം കമ്മിഷന്‍ ചെയ്തതോടെ ഒരു വര്‍ഷത്തോളമായി ലഭിച്ചു കൊണ്ടിരുന്ന വെള്ളമാണ് കടുത്തക്ഷാമം നേരിടുന്ന കാലത്ത് നിലച്ചത്. പുതിയ വാള്‍വുകള്‍ സ്ഥാപിക്കാതെ പടപ്പറമ്പ് മൂച്ചിക്കലിലെ ജല സംഭരണിയിലേക്ക് ഒരിറ്റ് ജലവും പമ്പ് ചെയ്യാനാവില്ല. മങ്കട, മക്കരപ്പറമ്പ്, പുളക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി അഞ്ചു പഞ്ചായത്തുകളിലേക്കുള്ള ജലത്തിന്റെ സംഭരണിയാണ് ഇതോടെ പ്രവര്‍ത്തന രഹിതമായത്. നിലവില്‍ പദ്ധതിയുടെ പെരിന്താറ്റിരി ഉള്‍പ്പെടെ വിവിധ കൂറ്റന്‍ ടാങ്കുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന വെള്ളവും കിട്ടാതായി. പദ്ധതി പ്രദേശത്തെ പഞ്ചായത്ത് നിവാസികള്‍ക്കായുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിനു സമീപമുള്ള സംഭരണിയില്‍ നിന്നുള്ള ജല വിതരണം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.
പമ്പിങ് പൈപ്പുകളിലെ വാള്‍വുകള്‍ ഇടക്കിടെ പൊട്ടുന്നത് പതിവായത് കാരണമാണ് പുതിയ വാള്‍വ് ഘടിപ്പിക്കുന്നതു വരെ ഈ ഭാഗത്തേക്കുള്ള പമ്പിങ് നിര്‍ത്തിവച്ചത്. ട്രീറ്റ്‌മെന്റ് പ്ലാന്റിനും സംഭരണിക്കുമിടയില്‍ പതിവില്‍ കൂടുതല്‍ (129 മീറ്റര്‍) ദൂരമുണ്ട്. കൂടുതല്‍ ഉയര്‍ന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സംഭരണിയിലേക്കുള്ള മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള വാള്‍വുകളായിരുന്നില്ല പൈപ്പുകളില്‍ സ്ഥാപിച്ചത്. ഉയര്‍ന്ന മേ•യും കരുത്തുമുള്ള പൈപ്പുകളുടെ ഗുണനിലവാരത്തിന് അനുസൃതമായ നോണ്‍ റിട്ടേണ്‍ വാല്‍വുകള്‍ ഇതിനാവശ്യമാണ്. വൈദ്യുതി സ്തംഭന സമയത്ത് പമ്പിങ് മെയ്‌നുകളില്‍ ഉണ്ടാകുന്ന സര്‍ജിങ് പ്രകിയയ്ക്കു സുരക്ഷ നല്‍കുന്നതാണ് ഇത്തരം വാല്‍വുകള്‍. പ്രത്യേകം രൂപകല്‍പന ചെയ്ത തനത് ഉപകരണം തന്നെ ഇതിനായി വേണം. കൊല്‍ക്കത്തയില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും ലഭ്യമായിട്ടില്ല. ഇതു കാരണം നിലവാരം കുറഞ്ഞ വാള്‍വുകള്‍ സ്വീകരിക്കേണ്ടി വന്നതാണ് ജലവിതരണം സ്തംഭിക്കുന്നതിനു കാരണമായിതീര്‍ന്നത്. പെട്ടെന്നുള്ള പരിഹാരത്തിനായി കാസ്റ്റ് സ്റ്റീലിന്റെ വാള്‍വുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ഇതു അടുത്തയാഴ്ചയോടെ സ്ഥാപിക്കാനാവുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."