സഊദിയില്‍ ട്രാഫിക് പൊലിസിനെ അക്രമിച്ചവര്‍ക്ക് പരസ്യ ചാട്ടയടി
റിയാദ്: ട്രാഫിക് പൊലിസിനെ ആക്രമിച്ച പ്രതികള്‍ക്ക് കോടതി വിധിച്ച പരസ്യമായ ചാട്ടയടി നടപ്പാക്കി. അക്രമം നടത്തിയ ജിദ്ദയിലെ വാണിജ്യ സ്ഥലത്താണ് കഴിഞ്ഞ ദിവസം ചാട്ടയടി നടപ്പാക്കിയത്. 80 വര്‍ഷം തടവും തവണകളായുള്ള ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഒരുകൂട്ടം യുവാക്കള്‍ ജിദ്ദയിലെ അല്‍ ഹംറ ഡിസ്ട്രിക്റ്റില്‍ കോര്‍ണിഷ് റോഡില്‍ ബൈക്കുകള്‍ ഉപയോഗിച്ച് ഭീതിപരത്തിയത് ട്രാഫിക്ക് കുരുക്കിന് കാരണമായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് ട്രാഫിക് പൊലിസുകാരനും കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു പ്രതി ബൈക്കുപയോഗിച്ച് പൊലിസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാളെ പൊലിസ് പിടികൂടി. തൊട്ടടുത്ത ഫ്‌ളാറ്റിലെ യുവതി സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മക്ക ഗവര്‍ണര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണ് സ്വദേശി. ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് യഥാക്രമം 1800, 1600 വീതം ചാട്ടയടിയും നാലാം പ്രതിക്ക് 1500 ഉം മറ്റുള്ളവര്‍ക്ക് 500 ചാട്ടയടിയുമാണ് ശിക്ഷ. കൂടാതെ വിദേശികളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."