കിഴക്കന്‍ മലയോരങ്ങളിലെ മഴ പുഴയിലെ നീരൊഴുക്ക് കൂടി; താല്‍ക്കാലിക തടയണ പൊളിഞ്ഞു
പാണ്ടിക്കാട്: മണല്‍പരപ്പായിരുന്ന കടലുണ്ടിപ്പുഴയില്‍ മഴപെയ്തതോടെ നീരൊഴുക്ക് കൂടി. കിഴക്കന്‍ മലയോര മേഖലയില്‍ കഴിഞ്ഞദിവസം പെയ്ത മഴയിലാണ് ഒലിപ്പുഴ, വെള്ളിയാര്‍പ്പുഴ എന്നിവയിലും കൈവഴിത്തോടുകളിലും നീരൊഴുക്ക് കൂടി കടലുണ്ടിപ്പുഴയിലേക്കെത്തിയത്. വെള്ളം ഒഴുകിയെത്തിയതോടെ ഒറവംപുറത്ത് വാട്ടര്‍ അതോറിറ്റി പണിത താല്‍കാലിക തടയണ നിറഞ്ഞുകവിഞ്ഞൊഴുകി. വെള്ളം നിറഞ്ഞൊഴുകി തുടങ്ങിയതോടെ തടയണയുടെ നടുഭാഗത്തായി ഏതാനും മീറ്റര്‍ നിളത്തില്‍ ചിറപൊളിഞ്ഞിരിക്കുകയാണ്.
തടയണ നിറഞ്ഞതോടെ പമ്പിങിന്ന് വെള്ളമില്ലായതിനെ തുടര്‍ന്ന് രണ്ട് മാസമായി നിറുത്തിവച്ച പാണ്ടിക്കാട്, കീഴാറ്റൂര്‍ പഞ്ചാത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനായുള്ള പമ്പിങ് കഴിഞ്ഞ ദിവസങ്ങളില്‍ പുനരാരംഭിച്ചു. പാണ്ടിക്കാട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലേക്ക് ജലവിതരണം നടത്താനുള്ള പമ്പിങ് തുടങ്ങിയ ദിവസംതന്നെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിറുത്തവയ്‌ക്കേണ്ടിവന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പൈപ്പാണ് പൊട്ടിയത്. പുഴയില്‍ വെള്ളമെത്തിയതോടെ പുഴയോരത്തെ വറ്റിയ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നു. ചോര്‍ച്ച തടയുന്നതോടെ പാണ്ടിക്കാട് പഞ്ചായത്തിന്റെ പരിധിയിലെ വിവിധ വാര്‍ഡുകളിലെ പൊതുടാപ്പുകളിലും വീടുകളിലേക്കുള്ള കണക്ഷന്‍ ടാപ്പുകളിലുംവെള്ളം ചുരത്തിത്തുടങ്ങും. ഇതോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ തീവ്രത കുറയും. മഴതുടരുന്നതോടെ മറ്റു സ്ഥലങ്ങളിലേയും ജലസ്രോതസുകളും നിറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."