വാവുബലി: ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നെട്ടൂര്‍: തെക്കന്‍ കാശി എന്നറിയപ്പെടുന്ന മധ്യ കേരളത്തിലെ പ്രധാന കര്‍ക്കടക വാവുബലി കേന്ദ്രങ്ങളില്‍ ഒന്നായ തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനു ഒരുക്കങ്ങളായി. ബലിത്തറകള്‍ ഒരുക്കാതെ 'വടാപൂജ' എന്ന പ്രത്യേക വഴിപാടിലൂടെ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്ന ഏക ക്ഷേത്രമായ ഇവിടെ ഭക്തജനത്തിരക്ക് ഒഴിവാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
മുപ്പത്തയ്യായിരത്തോളം പേരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മഹാ വിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ബലിതര്‍പ്പണം നാളെ പുലര്‍ച്ചെ 5.15 മുതല്‍ തുടങ്ങുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. പിതൃനമസ്‌ക്കാരം, കൂട്ട നമസ്‌ക്കാരം എന്നിവയ്ക്കും പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിഷ്ണു ക്ഷേത്രത്തില്‍ കൃഷ്ണറാവു എമ്പ്രാന്തിരിയും ശിവക്ഷേത്രത്തില്‍ ശ്രീധരന്‍ എമ്പ്രാന്തിരിയും മുഖ്യ കാര്‍മികത്വം വഹിക്കും. നാല്‍പ്പതില്‍പരം സഹ കാര്‍മികരും ഉണ്ടാകും. വടാപൂജയ്ക്ക് വിഷ്ണു ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും.
വാവു ബലിയോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളാണ് ഇപ്രാവശ്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് ക്ഷേത്രക്കുളം ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണത്തിലായിരിക്കും. പൊലീസ് വിന്യാസവും ആംബുലന്‍സ് രക്ഷാസേനകളും ഉണ്ടാകും. തേവരഫെറിയില്‍ നിന്നും നെട്ടൂര്‍ അമ്പലക്കടവിലേക്ക് ഫെറി ബോട്ട് പ്രത്യേകമായി സര്‍വീസ് നടത്തുമെന്ന് മരട് നഗരസഭ അറിയിച്ചു. പുലര്‍ച്ചെ അഞ്ചിന് സര്‍വീസ് തുടങ്ങും. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷന്‍ വരെ പ്രത്യേക സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകും. ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് റയില്‍വേ ലൈന്‍ ബലപ്പെടുത്തലില്‍ മൂടിപ്പോയ റോഡ് റയില്‍വേ അധികൃതര്‍ സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്. നഗരസഭ നാല് ഇ ടോയ് ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍: ദക്ഷിണകാശി എന്ന പേരില്‍ അറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടകവാവ് ബലി ഓഗസ്റ്റ് രണ്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബലിതര്‍പ്പണാദികള്‍, പിതൃപ്രീതികരങ്ങളായ നമസ്‌കാരം, വാവുതിലഹവനം എന്നിവയും നടക്കും.
പിതൃമോക്ഷദായക ധ്യാനത്തിലുള്ള ചേലാമറ്റത്തപ്പന്റെ പ്രതിഷ്ഠകൊണ്ടും പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയുടെ സാമീപ്യം കൊണ്ടും ഇവിടെ ബലിതര്‍പ്പണം നടത്തുന്നത് കാശിക്ക് തുല്യമായാണ് ഭക്തര്‍ കണക്കാക്കുന്നത്. ബലിതര്‍പ്പണത്തിനും ദര്‍ശനത്തിനും അതിവിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനും ജനത്തിരക്ക് നിയന്ത്രിക്കാനും പെരുമ്പാവൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
സുരക്ഷക്കായി ഫയര്‍ ആന്റ് റെസ്‌ക്യൂ പെരുമ്പാവൂര്‍ യൂണിറ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ക്കായി പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയിലും ഗോകുലം കല്യണമണ്ഡപത്തില്‍ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചേലാമറ്റം കവല മുതല്‍ ഒക്കല്‍ വരെ പൂര്‍ണമായും വണ്‍വേ ആയിരിക്കും.
കൂടാതെ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസും നടത്തുന്നുണ്ട്. ക്ഷേത്ര ചടങ്ങുകള്‍ക്ക് നെടുമ്പിള്ളിതരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് വി.എന്‍ നാരായണന്‍ നമ്പൂതിരി, ജന.സെക്രട്ടറി ജെ.പി ജയപ്രകാശ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."