മാറ്റമില്ലാതെ 'മാറ്റകുറ്റം' നടന്നു മത്സ്യത്തൊഴിലാളികളുടെ പുതുവര്‍ഷം ഇന്ന്
ചങ്ങരംകുളം: ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കരാര്‍ പുതുക്കലായ 'മാറ്റകുറ്റം' ഇടവം 15 ആയ ഇന്നലെ നടന്നു. മത്സ്യത്തൊഴിലാളികളുടെ പുതുവര്‍ഷം ഇന്ന് ആരംഭിക്കും.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരമാണ് മാറ്റകുറ്റം. ഒരു വര്‍ഷത്തെ കണക്കുകളും കടബാധ്യതകളും തീര്‍ത്ത് ഒരു വഞ്ചിയുടമയുടെ കീഴില്‍നിന്ന് മറ്റൊരു ഉടമയുടെ കീഴിലേക്ക് തൊഴില്‍മാറി പോകുന്ന അലിഖിത നിയമമാണിത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി, ബന്ധുക്കളുടെ മരണം, പഞ്ഞമാസങ്ങള്‍ എന്നീ സമയങ്ങളില്‍ മത്സ്യത്തൊഴിലാളി പണത്തിനായി ആശ്രയിക്കുക വഞ്ചി ഉടമയെ ആണ്.
തൊഴിലാളിക്ക് ആവശ്യമായ സംഖ്യ വഞ്ചി ഉടമ നല്‍കും. ഇത് ഉടമയുടെ കയ്യിലുള്ള 'പറ്റ്' പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. വലക്കപ്പറ്റ് എന്നറിയുന്ന ഈ സംഖ്യ ഇടവം 15 അര്‍ധരാത്രിക്കുള്ളില്‍ തീര്‍ത്തിരിക്കണമെന്നാണ് കടപ്പുറത്തെ നിയമം.
തീര്‍ക്കാന്‍ കഴിയാത്ത തൊഴിലാളിക്ക് ഇതേ വഞ്ചി ഉടമയുടെ കീഴില്‍ തന്നെ തൊഴിലെടുക്കാം. അല്ലെങ്കില്‍ തൊഴില്‍ മാറിപ്പോകണമെന്നാഗ്രഹിക്കുന്ന തൊഴിലാളിയുടെ തുക മുഴുവന്‍ പുതിയ വഞ്ചി ഉടമ നല്‍കണം. മുദ്രപത്രമോ മറ്റ് രേഖകളോ ഒന്നുമില്ലാതെ മത്സ്യത്തൊഴിലാളികളുടെ പരസ്പര വിശ്വാസത്തിലാണ് ഈ ആചാരം ഇപ്പോഴും നിലനില്‍ക്കുന്നത്. ആദ്യകാലത്ത് മാറ്റകുറ്റം ഉത്സവഛായയിലാണ് നടന്നിരുന്നത്.
ഇപ്പോള്‍ പൊലിമ കുറഞ്ഞെങ്കിലും മാറ്റമില്ലാതെ ഈ ആചാരം ഇപ്പോഴും ജില്ലയിലെ ഭൂരിഭാഗ മത്സ്യബന്ധന തീരങ്ങളിലും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."