കോയമ്പത്തൂരില്‍ വാഹനാപകടം; മലയാളിയടക്കം അഞ്ചുപേര്‍ മരിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ സൂലൂരില്‍ കാറും ലോറിയും കൂട്ടിയിച്ച് മലയാളിയും ഒപ്പം കാറിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീയടക്കമുള്ള നാലുപേരും മരിച്ചു. കേരള രജിസ്ട്രേഷനിലുള്ള വാഗണ്‍ ആര് കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഓടിച്ചിരുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ (44), ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശികളായ മാലതി മണ്ഡല്, ഹീരുലാല്‍ ശികാരി, മിഥുന് പണ്ഡിറ്റ്, ഗൌരങ്ക പണ്ഡിറ്റ് എന്നിവരാണ് മരിച്ചത്. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറാണ് മുഹമ്മദ് ബഷീര്‍. ഇയാളുടെ തൊഴിലാളികളാണ് മരിച്ച മറ്റുള്ളവര്‍.
രണ്ടു ദിവസം മുന്‍പാണ് ജോലി ആവശ്യാര്‍ഥം വല്ലപ്പുഴയില്‍നിന്ന് കന്യാകുമാരിയിലേക്ക് സംഘം പോയത്. കന്യാകുമാരിയില്‍ നിന്ന് വല്ലപ്പുഴയിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. രണ്ടു പേര് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം. കെ.എല്‍ 52 ബി 1014 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വല്ലപ്പുഴ മലപ്പുറം മുട്ടിയംകാട്ടില് പരേതനായ മുഹമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് ബഷീര്‍. മാതാവ്: ആമിന. ഭാര്യ: റൈഹാനത്ത്. മക്കള്‍: മുബഷിറ, മുര്‍ഷിദ, അര്‍ഷദ്, റുഫ്ഷിദ. മരുമക്കള്‍: ആസിഫ്, മുഹമ്മദ് മുസ്തഫ. സഹോദരങ്ങള്‍: സുബൈദ, ഹംസ, മുസ്തഫ, മജീദ് റഹീമി (പ്രിന്‍സിപ്പല്‍, ചുണ്ടംപറ്റ ശിഹാബ് തങ്ങള്‍ ദഅ് വ കോളജ്).
രാത്രി ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം മലപ്പുറം ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ പൊതു ദര്‍ശനത്തിന് വച്ചു. ഖബറടക്കം കുറുവട്ടൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."