പ്രോഗ്രാം ഏജന്‍സികളും കലാകാരന്‍മാരും പ്രതിസന്ധിയില്‍: പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് ഫെഡറേഷന്‍
കാഞ്ഞങ്ങാട്: കേരളത്തിലെ പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്‍സികളും, കലാസമിതികളുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് ഫെഡറേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ രാത്രികാലങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള സമയക്രമം പൊലിസ് കര്‍ശനമാക്കിയിരിക്കുകയാണ്. രാത്രി 7നും 10നുമിടയില്‍ മാത്രമേ ആഘോഷപരിപാടികള്‍ പാടുള്ളൂവെന്ന നിയമം വന്നതിനാല്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതിപത്രം ലഭിക്കാന്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടി വരുന്നതായും കാഞ്ഞങ്ങാട്ട് നടക്കുന്ന സമ്മേളനം വ്യക്തമാക്കി.
ഇത്തരം നൂലാമാലകള്‍ ഭയന്ന് പരിപാടികള്‍ നടത്താന്‍ സംഘാടകര്‍ തയാറാകാത്ത സാഹചര്യത്തില്‍ തൊഴില്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രളയദുരന്തം നിമിത്തം ബുക്ക് ചെയ്ത പല പ്രോഗ്രാമുകളും റദ്ദായി. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് കലാപ്രവര്‍ത്തകരും നൂറുകണക്കിന് ഏജന്‍സി പ്രവര്‍ത്തകരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും പ്രമേയത്തില്‍ പറയുന്നു.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന ദ്വിദിന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രന്‍ ഗുരുവായൂര്‍ അധ്യക്ഷനായി. മധു കൊളവയല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് വൈശാലി പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന ട്രഷറര്‍ രഘുസാരഥി വരവുചെലവ് കണക്കും അവതരിപ്പിച്ചു.
അനില്‍മാധവ്, ആതിരാബാബു, ഫ്രെസ്‌കോചന്ദ്രന്‍, പ്രിന്‍സ്, ശ്യാം കിളിമാനൂര്‍, മുരളി കൊല്ലം, രാജീവന്‍, ബിജു, വിജയഗോപാല്‍, രാജന്‍, പ്രഭാകരന്‍ പുലിക്കോടന്‍, രവിറാം എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ഇ.പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."