'സ്വകാര്യ ബസ് സമരം: പ്രഖ്യാപനം പുനഃപരിശോധിക്കണം'
കോഴിക്കോട്: ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ഏകപക്ഷീയമായി തീരുമാനിച്ച സമരപ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് ഉടമകളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ സമരം പ്രഖ്യാപിച്ചത് ഉചിതമായില്ലെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറു മാസം മുന്‍പാണ് ചാര്‍ജ് കൂട്ടിയത്. ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ബസ് ഉടമകള്‍ക്ക് നികുതി അടക്കാനുള്ള സമയപരിധി നല്‍കിയിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ ബസുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്ത് 20 വര്‍ഷമാക്കി. എന്നിട്ടും ഒരു വിഭാഗം ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത് വിഭാഗീയത ഉണ്ടാക്കാനാണ്. ഇത് എടുത്തുചാടിയുള്ള പ്രഖ്യാപനമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്താന്‍ സ്വകാര്യ ബസ് ഉടമകളുടെ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള ചാര്‍ജ് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."