പൊലിസില്‍ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുന:സ്ഥാപിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലിസില്‍ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുന:സ്ഥാപിച്ചു. എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് ചുമതല നല്കി കൊണ്ട് പൊലിസ് മേധാവി ടി.പി സെന്‍കുമാറാണ് ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുനസ്ഥാപിച്ചത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.
പൊലിസ് സേനക്കുളളിലെ അഴിമതി തടയാനായി രൂപം നല്കിയ ഇന്റേണല്‍ വിജിലന്‍സ് സെല്‍ ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായിരുന്നു. ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരുന്ന 2015 ജൂണില്‍ പുനഃസംഘടിപ്പിച്ചെങ്കിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായില്ല. സെന്‍കുമാര്‍ തന്നെയാണ് ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയതും.
ഇന്റേണല്‍ വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലഭിച്ച വിവരാവകാശ നിയമത്തില്‍ പൊലിസിലെ ഇന്റേണല്‍ വിജിലന്‍സ് വിവരാവകാശത്തിന്റെ പുറത്താണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പൊലിസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലാണ് സെല്‍ കൈകാര്യം ചെയ്യുന്നത്.
വിജിലന്‍സ് സെല്ലിലെ അംഗങ്ങള്‍, പൊലിസ് സ്റ്റേഷനുകള്‍, സര്‍ക്കിള്‍ ഓഫിസുകള്‍, സബ് ഡിവിഷന് ഓഫിസുകള്‍, മറ്റ് പൊലിസ് ഓഫിസുകള്‍ എന്നിവിടങ്ങളിലോ പൊതുസ്ഥലങ്ങളിലോ അഴിമതിയോ പണപ്പിരിവോ നടത്തിയാല്‍ പിടികൂടാനുളള അധികാരം സെല്ലിനുണ്ട്. കുടാതെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനും സെല്ലിന് അധികാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പൊലീസ് മേധാവിയും തമ്മിലുള്ള പോര് കനക്കുന്നതിനിടെ സെന്‍കുമാറിന്റെ പുതിയ നടപടി വീണ്ടും വിവാദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."