200 കോടിയുടെ മയക്കുമരുന്ന് വേട്ട, മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍
കൊച്ചി: വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചിയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കടമ്പൂര് കുണ്ടത്തില്‍ മീരാനിവാസിലെ പ്രശാന്ത് കുമാറാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതിയായ അലി എന്നയാള്ക്കുവേണ്ടിയുള്ള അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 29നാണ് കൊച്ചിയിലെ പാര്‍സല്‍ കമ്പനി ഓഫിസില്‍നിന്ന് എം.ഡി.എം.എ (മെത്തിലിന്‍ ഡൈ ഓക്സി മെത്താംഫീറ്റാമിന്‍) എന്നറിയപ്പെടുന്ന ന്യൂജെന്‍ മയക്കുമരുന്ന് പിടികൂടിയത്. ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സര്‍വിസ് വഴി എഗ്മൂറില്‍നിന്ന് കൊച്ചി എം.ജി റോഡില്‍ രവിപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിലേക്ക് സാരികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ എത്തിക്കുകയായിരുന്നു. ഇത് എയര്‍ കാര്‍ഗോ വഴി മലേഷ്യയിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാല്‍ ചെന്നൈയില്‍നിന്ന് നേരിട്ട് അയക്കാമായിരുന്നിട്ടും കൊച്ചി തിരഞ്ഞെടുത്തതില്‍ സംശയം തോന്നിയ പാര്‍സര്‍ സര്‍വിസ് അധികൃതര്‍ വിവരം എക്സൈസില്‍ അറിയിക്കുകയായിരുന്നു. മലേഷ്യയിലെ അഡ്രസും കൊറിയര്‍ ചാര്‍ജും ഇവര്‍ നല്‍കിയതുമില്ല. തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.
മലേഷ്യയില്‍ എത്തിക്കേണ്ട മേല്‍ വിലാസം ശരിയായില്ല എന്നാണ് കൊറിയര്‍ ഉടമയോട് അറിയിച്ചതെങ്കിലും എയര്‍ കാര്‍ഗോ വഴി അവര്‍ ഉദ്ദേശിച്ച രീതിയില്‍ കടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആകാത്തതിനാലാണ് കാലതാമസം ഉണ്ടായതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കൊച്ചിയില്‍ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിച്ചു വരികയാണ്.
അസി. എക്സൈസ് കമ്മിഷണര്‍ ടി.എ അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേരീതിയില്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് മലേഷ്യയിലേക്ക് മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ആദ്യ ഉദ്യമം വിജയകരമായതിനെത്തുടര്‍ന്നാണ് വീണ്ടും കടത്താന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീരാഗ്, പ്രവിന്റീവ് ഓഫിസര്‍ സത്യനാരായണന് എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി തമിഴ്നാട് നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."