വംശീയ ആക്രമണം വ്യാപകം; ഗുജറാത്തില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു
ന്യൂഡല്‍ഹി: 14 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബിഹാര്‍ സ്വദേശി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ ഹിന്ദി സംസാരിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്കെതിരേ വ്യാപകമായ വംശീയ ആക്രമണം. ഇതേതുടര്‍ന്ന് ഗുജറാത്തില്‍നിന്ന് അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞമാസം 28നാണ് സബര്‍കന്ത് ജില്ലയില്‍ 14 മാസമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായത്. കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
അഹമ്മദാബാദ്, ഗാന്ധിനഗര്‍, സബര്‍കന്ത്, പത്താന്‍, മെഹ്‌സാന എന്നീ ജില്ലകളിലാണ് കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരയായ പെണ്‍കുഞ്ഞ് താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. അതിനാല്‍ ക്ഷത്രിയ താക്കൂര്‍ സേന (കെ.ടി.എസ്)യാണ് വംശീയ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അന്യസംസ്ഥാനക്കാരോടു മുന്‍വിധി പാടില്ലെന്ന് താക്കൂര്‍ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ അല്‍പേഷ് താക്കൂര്‍ പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം 180 പേരെ അറസ്റ്റ്‌ചെയ്‌തെങ്കിലും അക്രമണങ്ങള്‍ക്ക് കുറവില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വന്‍കൂട്ടം ആക്രമണം നടത്തിവരികയാണ്. വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്നവരാണ് പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അന്യസംസ്ഥാനക്കാര്‍ക്കെതിരേ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും നിരവധി പ്രചാരണങ്ങളാണ് നടക്കുന്നത്. പലയിടങ്ങളിലും വീട്ടുടമകള്‍ അന്യസംസ്ഥാനക്കാരായ വാടകക്കാരോട് വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന തന്റെ കുട്ടികളെ ആള്‍ക്കൂട്ടം ആക്രമിച്ചതായി അഹമ്മദാബാദിലെ മാധവ് നഗറില്‍ താമസിക്കുന്ന മധ്യപ്രദേശിലെ ബിന്ദില്‍ നിന്നുള്ള രാജകുമാരി ജാദവ് (30) പറഞ്ഞു. മകന് ചികിത്സ നേടിയ ശേഷം ജാദവ് പിറ്റേന്നുതന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോളനിയിലെ 1,500ല്‍ കൂടുതല്‍ വരുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നൂറുകണക്കിന് പേര്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങിയതായി ദര്‍മേന്ദ്ര കുശാവാല പറഞ്ഞു. ഗുജറാത്തില്‍ നിന്ന് മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിലും തീവണ്ടികളിലുമായി നിരവധി പേരാണ് മടങ്ങിക്കൊണ്ടിരിക്കുന്നത്.
2002ലെ മുസ്‌ലിം വംശഹത്യക്കു സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് അഹമ്മദാബാദില്‍ താമസിക്കുന്ന കൃഷ്ണചന്ദ്ര ശര്‍മ്മ പറഞ്ഞു. പലയിടത്തും അന്യസംസ്ഥാനക്കാരുടെ കടകള്‍ അഗ്നിക്കിരയാക്കി. മുദ്രാവാക്യം വിളികളുമായെത്തിയ വന്‍ജനക്കൂട്ടം പാനി പൂരി വില്‍ക്കുന്ന തങ്ങളുടെ കടകള്‍ക്കെല്ലാം തീയിട്ടതായി തലസ്ഥാനമായ ഗാന്ധിനഗറിലെ കോലാലില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഊര്‍മ്മിള ദേവിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."