മുന്‍സിഫ് നിയമനം: 66 പേരുടെ പട്ടിക സുപ്രിംകോടതി അംഗീകരിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് (ഗ്രാമീണ കോടതി) നിയമനത്തിനായി കേരളാ ഹൈക്കോടതി തിരഞ്ഞെടുത്ത 66 പേരുടെ പട്ടികയും സുപ്രിംകോടതി ശരിവച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ 66 പേര്‍ക്കും നിയമനം നല്‍കണമെന്ന കേരളാ ഹൈക്കോടതിയുടെ ആവശ്യം ജഡ്ജിമാരായ അരുണ്‍ മിശ്രയും വിനീത് ശരണുമടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് അംഗീകരിച്ചത്.
മുന്‍സിഫ് കോടതികള്‍ രൂപീകരിക്കുന്നതില്‍ കാലതാമസമുണ്ടായെന്നു കരുതി ഈ തസ്തികകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരിശീലനവും ശമ്പളവും നല്‍കിയ സാഹചര്യത്തില്‍ നിയമനം റദ്ദാക്കുന്നില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. നേരത്തെ കേസ് പരിഗണിക്കവേ ഹൈക്കോടതിയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതിന ഇല്ലാത്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരിശീലനം നല്‍കി ഹൈക്കോടതി ഉദ്യോഗാര്‍ഥികളെ ബലിയാടാക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒരുഘട്ടത്തില്‍ ഹൈക്കോടതിയുടെ ആവശ്യം തള്ളുമെന്നു സുപ്രിംകോടതി സൂചന നല്‍കിയെങ്കിലും അവസാനം നിയമനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നീതിനിര്‍വഹണത്തിന്റെ നടത്തിപ്പുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ കോടതികള്‍ (മുന്‍സിഫ് മജിസ്‌ട്രേറ്റ്) രൂപീകരിക്കാന്‍ 2013ല്‍ കേന്ദ്ര നിയമ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന കേസുകള്‍ കാലതാമസം കൂടാതെ ഒത്തുതീര്‍പ്പാക്കുകയെന്നതാണ് ഗ്രാമീണ കോടതികളുടെ പ്രധാന ലക്ഷ്യം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരവും ഗ്രാമീണ കോടതികള്‍ക്കു നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ ന്യായാലയാസ് ആക്ട് 2008 അനുസരിച്ചു കേരളത്തിലും ഇവ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."