എം.എല്‍.എയുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
എറണാകുളം കലക്ടര്‍ എസ്. സുഹാസ് നാളെ
സര്‍ക്കാരിന് റിപ്പോര്‍ട്ട്
സമര്‍പ്പിക്കും
കൊച്ചി: സി.പി.ഐയുടെ മാര്‍ച്ചിനു നേരേയുണ്ടായ പൊലിസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എല്‍ദോ ഉള്‍പ്പെടെ നേതാക്കള്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് കൈക്ക് ക്ഷതമേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നത്. എന്നാല്‍ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടിലാണ് എല്‍ദോ എബ്രഹാം എം.എല്‍.എയും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും.
എല്‍ദോയ്ക്ക് പുറമേ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ കെ.എന്‍ സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. എം.എല്‍.എക്ക് പരുക്കേറ്റ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ ആശുപത്രിയിലെത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എല്‍ദോ ഉള്‍പ്പെടെ ആര്‍ക്കും എല്ലിനു പൊട്ടലേറ്റിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയത്. ഇതേ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പൊലിസിനും നല്‍കി. ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കലക്ടറുടെ തെളിവെടുപ്പില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലിസ് കൈമാറി.
ലാത്തിച്ചാര്‍ജിനിടെ ഉണ്ടായ പരുക്കില്‍ തന്റെ കൈക്ക് പൊട്ടലുണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി എല്‍ദോ എബ്രഹാം എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. ജലപീരങ്കി പ്രയോഗിച്ചപ്പോള്‍തന്നെ തെറിച്ച് വീണു. പരുക്കേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കൈ മുട്ടില്‍ നേരിയ പൊട്ടല്‍ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് എവിടെയും പറഞ്ഞില്ലിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പൊലിസ്. നിലനില്‍പ്പിനുള്ള ശ്രമമാണ്. ലാത്തിച്ചാര്‍ജ് അടക്കമുള്ള മര്‍ദനം നടത്തിയിട്ടില്ലെന്ന് വരുത്താനാണ് പൊലിസ് ശ്രമം. തന്നെയടക്കമുള്ള നേതാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈക്ക് പൊട്ടലില്ലെന്ന റിപ്പോര്‍ട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു തള്ളി. സര്‍ക്കാര്‍ ആശുപത്രിയിലെ എക്‌സ്‌റേയില്‍ പൊട്ടല്‍ ഉണ്ടെന്നാണെന്നും ഡോക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അന്വേഷണം നടത്തുന്ന എറണാകുളം കലക്ടര്‍ എസ്. സുഹാസ് നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മര്‍ദനമേറ്റ എല്‍ദോ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലയിലെ മറ്റ് സി.പി.ഐ നേതാക്കള്‍ എന്നിവരുടെ മൊഴി കലക്ടര്‍ രേഖപ്പെടുത്തി. ഇവ പരിശോധിച്ച് പൊലിസുകാരുടെ വിശദീകരണം കൂടി ഉള്‍പ്പെടുത്തിയതിന് ശേഷമാകും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."