എസ്.എഫ്.ഐക്ക് രക്തരക്ഷസിന്റെ സ്വഭാവം: എ.ഐ.എസ്.എഫ്
കണ്ണൂര്‍: എസ്.എഫ്.ഐ രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണെന്ന് എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി എം. അഗേഷ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്.എഫ്.ഐയെ രക്തരക്ഷസിനോട് ഉപമിച്ചത്. ഹിറ്റ്‌ലറുടെ കാലത്തെ ഭരണപരിഷ്‌കാരമാണ് കാംപസുകളില്‍ എസ്.എഫ്.ഐ നടപ്പാക്കുന്നത്. കൈയൂക്കും അധികാരവും ഉപയോഗിച്ച് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് കാംപസിനകത്ത് എസ്.എഫ്.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍ സര്‍വകലാശാല സ്വന്തം തറവാടാണെന്ന രീതിയിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. പല കോളജുകളിലും തെരഞ്ഞെടുപ്പ് നടത്തുന്നതും സര്‍വകലാശാലാ കലോത്സവം സംഘടിപ്പിക്കുന്നതും എസ്.എഫ്.ഐയുടെ സൗകര്യമനുസരിച്ചാണ്. വൈസ്ചാന്‍സലര്‍ ഇവരുടെ കൈയിലെ പാവയായി മാറി. എസ്.എഫ്.ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള തലശ്ശേരി ബ്രണ്ണന്‍ കോളജ് ലഹരി മാഫിയയുടെ താവളമായി മാറിയെന്നും ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക് കാംപസുകള്‍ ഇവരുടെ ആയുധ സംഭരണ ശാലകളാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. എസ്.എഫ്.ഐയുടെ അക്രമങ്ങളെ ചെറുക്കാന്‍ മാതൃസംഘടനയായ സി.പി.ഐയില്‍നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."