അവധിക്കാലത്തിന് വിട.... വിദ്യാലയങ്ങള്‍ നാളെ തുറക്കും
കൊട്ടാരക്കര: കൊടും വേനലിനെ തോല്‍പ്പിച്ച് ആര്ത്തുമറിഞ്ഞ അവധിക്കാലത്തിന് വിട. കഴിഞ്ഞ രണ്ടുമാസമായി ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ചേതനയറ്റു കിടന്ന വിദ്യാലയ മുറ്റങ്ങളിലേക്ക് നാളെ മുതല്‍ കുട്ടിക്കൂട്ടം പറന്നിറങ്ങും. അവരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. അണിയിച്ചൊരുക്കി രക്ഷാകര്‍ത്താക്കളും. പൊതുവിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായതിനാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മോടി ഇത്തവണ കൂടിയിട്ടുണ്ട്. പ്രാഥമിക വിദ്യാലയങ്ങളുടെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്.
വര്‍ണ്ണപ്പൊലിമയാല്‍ തീര്‍ത്ത ചുവര് ചിത്രങ്ങളും കൂട്ടങ്ങളും ചിത്രങ്ങളും കൊണ്ട് സ്കൂള്‍ ചുമരുകള്‍ വര്‍ണ്ണാഭമാക്കി. സ്കൂളുകള്‍ ഹൈടെക് ആകുന്നതിന് പകരമായി സ്മാര്‍ട്ട് ക്ലാസുകള്‍ തയാറായി കഴിഞ്ഞു. പ്രൊജക്ടുകളും, കമ്പ്യൂട്ടറുകളും, കളിക്കോപ്പുകളും എല്ലാം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കൈത്തറി വസ്ത്രങ്ങളും സ്കൂളില്‍ എത്തിച്ചു. മിക്കയിടത്തും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജനങ്ങളും ഇക്കാര്യത്തിലെല്ലാം കൈകോര്‍ക്കുന്നുണ്ട്. പല സ്കൂളുകളും പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ അണിഞ്ഞൊരുങ്ങുകയാണ്. സര്‍ക്കാര്‍ -എയിഡഡ് സ്കൂളുകളില്‍ ഇത്തവണ വിദ്യാര്‍ത്ഥികളില്‍ പ്രവേശനത്തിന്റെ തോതും വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ കുട്ടികള്‍ക്കെല്ലാം ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.
പ്രകൃതിയിലേക്ക് ഇറങ്ങി ചെന്ന് പ്രകൃതിയില്‍ ലഭിക്കുന്ന നാടന്‍ വസ്തുകള്‍ കൊണ്ട് കൊടി തോരണങ്ങള്‍ ഉണ്ടാക്കിയ സ്കൂളുകളുമുണ്ട്. പ്രവേശനോത്സവ ദിവസം കുട്ടികള്‍ക്ക് നാടന്‍ ഭക്ഷണം ഒരുക്കി നല്കുവാനും പല സ്കൂളുകളും ഒരുക്കങ്ങള്‍ ആരംഭിച്ചു. സാമ്പത്തിക മാന്ദ്യം നല്ല രീതിയല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും കുട്ടികളെ അണിയിച്ചൊരുക്കുന്നതില്‍ രക്ഷിതാക്കള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. സ്കൂള്‍ പഠനോപകരണങ്ങള്‍ക്ക് പൊതു വിപണിയില്‍ വന്‍ വിലയാണ് അനുഭവപ്പെട്ടതെങ്കിലും സര്‍ക്കാരിന്റെ സ്കൂള്‍ വിപണികള്ക്ക്് വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ സ്കൂളില്‍ അയ്ക്കുവാനുള്ള അവസാന ഘട്ട മിനുക്കുപണിയിലാണ് അവര്‍.
സ്കൂള്‍ തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് കാലവര്‍ഷം എത്തിയത് കുട്ടികളെ ബാധിക്കില്ലെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. കുട്ടികളും രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതോടെ സ്കൂളുകളിലെ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ആവേശത്തിലാണ് നാട്ടുകാര്‍. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉത്ഘാടനം നാളെ രാവിലെ 10 ന് പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി മേഴ്സികുട്ടിയമ്മ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."