രാജ്യം ഉറ്റുനോക്കുന്ന സ്വപ്ന സംരംഭവുമായി രണ്ടു വീട്ടമ്മമാര്‍
സുധീരന് കെ.കെ
വടകര: ചില കണ്ടുമുട്ടലുകള്‍ അങ്ങിനെയാണ്. നമ്മുടെ ചുറ്റും മാറ്റങ്ങള്‍ വരുത്താനുള്ള നിയോഗങ്ങളിലേക്കുള്ള കൂടിച്ചേരലുകള്‍. അല്ലാതെ കണ്ണൂര്‍ ജില്ലയിലെ ചൊക്ലി സ്വദേശിനി ഷബാബയും കൊയിലാണ്ടിയിലെ തെസ്രി എളംകുന്നത്തും രാജ്യംതന്നെ ഉറ്റുനോക്കുന്ന സംരംഭത്തിന്റെ വക്താക്കളാകുന്നത് നിയോഗമെന്നല്ലാതെ എന്താണു പറയുക? വനിതകള്‍ക്കു മാത്രമായുള്ള സിവില്‍ സര്‍വിസ് അക്കാദമി തുടങ്ങിയാണ് ഈ വീട്ടമമമാര്‍ ശ്രദ്ധേയരാകുന്നത്. വടകരയിലെ ഇന്‍സേര്‍ച്ച് വുമണ്‍ സിവില്‍ സര്‍വിസ് അക്കാദമി ആന്‍ഡ് സ്റ്റഡി ഗ്രൂപ്പ് ഇനി സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രമായായിരിക്കും അറിയപ്പെടുക.
പഠിച്ച ക്ലാസുകളിലെല്ലാം ഉയര്‍ന്ന മാര്‍ക്കോടെയാണു ഷബാബ ബിരുദാനന്തര ബിരുദം നേടിയത്. വിവാഹശേഷം കുറേ വര്‍ഷങ്ങള്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്നു. പിന്നീട് മടങ്ങിയെത്തി സിവില്‍ സര്‍വിസ് മോഹവുമായി കോഴിക്കോട് ഗവ. സിവില്‍ സര്‍വിസ് അക്കാദമിയിലെത്തി. സിവില്‍ സര്‍വിസിന്റെ ചട്ടങ്ങളും രീതികളും കൃത്യമായി മനസിലാക്കാത്തതിനാല്‍ പ്രായത്തിന്റെ കടമ്പയില്‍ തട്ടി ഇപ്പോള്‍ അവസരം നഷ്ടമായി. എങ്കിലും അവിടെനിന്ന് പഠിച്ച പാഠങ്ങള്‍ പുതിയൊരു ഊര്‍ജ്ജം തന്നതായി ഇവര്‍ പറയുന്നു.
ഒപ്പം കോഴ്സിനുണ്ടായിരുന്ന തെസ്രിയുമായുള്ള ആശയ വിനിമയങ്ങളാണു സ്ത്രീകള്‍ക്കു മാത്രമായുള്ള ഒരു സിവില്‍ സര്‍വിസ് അക്കാദമിയെന്ന ആശയത്തിലേക്കെത്തിയത്. മലബാറില്‍ കോഴിക്കോട് കഴിഞ്ഞാല്‍ പിന്നെ കണ്ണൂരില്‍ മാത്രമാണ് അക്കാദമിയുള്ളത്. ഇതാണ് ഇതുരണ്ടിനുമിടയില്‍ വടകരയില്‍ അക്കാദമിയെന്ന പദ്ധതിയിലേക്കെത്തുന്നത്. തങ്ങളുടെ ആശയം പങ്കുവച്ചപ്പോള്തന്നെ വലിയതോതിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് തെസ്രി പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് സബ് കലക്ടര്‍ വി. വിഗ്നേശ്വരിയെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് നടത്തിയ ഓറിയന്റേഷന്‍ ക്ലാസും ഇവരുടെ പ്രയത്നങ്ങള്‍ക്ക് ആക്കംകൂട്ടി. സാധാരണക്കാര്‍ക്കും സിവില്‍ സര്‍വിസ് പ്രാപ്യമാണെന്ന ബോധം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന ചാരിതാര്‍ഥ്യത്തിലാണ് ഇവര്‍. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇന്‍ സേര്‍ച്ചില്‍ പഠിതാക്കളായുണ്ട്. ബിരുദം നേടാത്തവര്‍ പോലും സിവില്‍ സര്‍വിസിലേക്കുള്ള വഴികളെക്കുറിച്ച് അന്വേഷിച്ചെത്താറുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പല കാരണങ്ങളാല്‍ പഠനം പാതിയില്‍ നിലച്ചുപോയവര്‍ക്കും സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള വഴികാട്ടിയാകുന്നുണ്ട് ഈ സ്ഥാപനം. പരീക്ഷ ജയിച്ച് ജോലി ലഭിക്കുക എന്നതിനപ്പുറം ശാസ്ത്രവും ചരിത്രവും രാജ്യത്തെ നിയമങ്ങളുമെല്ലാം മനസിലാക്കി പുതിയൊരു സംസ്കാരം വളര്‍ത്തിയെടുക്കുക, അതിലൂടെ ചോദിക്കാനും സ്വന്തം കാലില്‍നില്‍ക്കാനും സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഇന്‍ സേര്‍ച്ചിന്റെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യനിരക്കില്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ സഹായം ചെയ്യുന്നുണ്ട്.
ഭര്ത്താക്കന്മാരുടെയും വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇവരുടെ മൂലധനം. തെസ്രിയുടെ ഭര്‍ത്താവിന്റെ പിതാവ് മുഹമ്മദലിയാണ് ഈ സംരംഭത്തിന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഇവര്‍ക്ക് കൂട്ട്. ഷബാബയുടെ പിതാവ് സാമൂഹ്യസേവനത്തിനു നാഷനല്‍ അവാര്‍ഡ് നേടിയ ചൊക്ലി കുഞ്ഞുമൊയ്തു മാസ്റ്ററുടെയും ഭര്‍ത്താവ് നൗഷാദിന്റെയും പിന്‍ബലവും ഇവര്‍ക്കുണ്ട്. ഒന്‍പതിലും നാലിലും പഠിക്കുന്ന രണ്ടുമക്കളാണ് ഇവര്‍ക്ക്. തെസ്രിയുടെ ഭര്‍ത്താവ് നൗഷാദും വിദേശത്താണ് ജോലി ചെയ്യുന്നത്. ഒന്നാം ക്ലാസിലും എല്‍.കെ.ജിയിലും പഠിക്കുന്ന മക്കളുണ്ട്.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവര്ക്കുള്ള സണ്‍ഡേ ബാച്ചിലേക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കുള്ള റെഗുലര്‍ ബാച്ചിലേക്കും അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ താഴെ നമ്പറുകളില്‍ ബന്ധപ്പെടുക: 9645458013, 9895890435.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."